സൗരയൂഥത്തിന്റെ അതിരുകൾ ഭേദിച്ച് എത്തിയ ‘3ഐ/അറ്റ്‌ലസ്’ (3I/ATLAS) എന്ന അപൂർവ വിരുന്നുകാരൻ ജ്യോതിശാസ്ത്ര ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്. അന്തർനക്ഷത്ര വസ്തുക്കളുടെ (Interstellar objects) പട്ടികയിലേക്ക് പുതുതായി എത്തിയ ഈ ധൂമകേതു, ഗ്രഹരൂപീകരണത്തെക്കുറിച്ചുള്ള മനുഷ്യന്റെ നിലവിലെ അറിവുകളെ അടിമുടി തിരുത്തിക്കുറിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ശാസ്ത്രലോകം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള അന്തർനക്ഷത്ര വസ്തുക്കളുടെ എണ്ണം വിരലിലെണ്ണാവുന്നവ മാത്രം ആയതിനാൽ, പ്രപഞ്ചത്തിന്റെ നിഗൂഢതകൾ തേടിയുള്ള യാത്രയിൽ ‘3ഐ/അറ്റ്‌ലസ്’ ഒരു നിർണായക നാഴികക്കല്ലാകുകയാണ്.
കണ്ടെത്തലും വേഗതയും
2025 ജൂലൈ 1-നാണ് ശാസ്ത്രലോകത്തെ ആവേശത്തിലാഴ്ത്തിയ ഈ കണ്ടെത്തലുണ്ടാകുന്നത്. നാസയുടെ (NASA) പിന്തുണയോടെ ചിലിയിൽ പ്രവർത്തിക്കുന്ന അറ്റ്‌ലസ് (ATLAS) ടെലിസ്കോപ്പിലൂടെയാണ് ഈ അപൂർവ ധൂമകേതുവിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ഇതിന്റെ അസാധാരണമായ യാത്രാപഥവും വേഗതയുമാണ് ഗവേഷകരെ ആദ്യം ഞെട്ടിച്ചത്. മണിക്കൂറിൽ ഏകദേശം 1,37,000 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഈ വസ്തു, നമ്മുടെ സൗരയൂഥത്തിലെ സാധാരണ ധൂമകേതുക്കൾക്കോ ഗ്രഹങ്ങൾക്കോ സാധ്യമായതിലും എത്രയോ മടങ്ങ് വേഗത്തിലാണ് നീങ്ങുന്നത്. ഇത്രയും ഭീമമായ വേഗതയും അതിന്റെ പ്രത്യേക പാതയുമാണ് ‘3ഐ/അറ്റ്‌ലസ്’ ഒരു നക്ഷത്രാന്തര അതിഥിയാണെന്ന (Interstellar origin) നിഗമനത്തിൽ ശാസ്ത്രജ്ഞരെ എത്തിച്ചത്.
മിഷിഗൺ സർവകലാശാലയിലെ ലൂയിസ് ഇ. സലസാർ മാൻസാനോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം നടത്തിയ ഈ കണ്ടെത്തൽ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചുള്ള പഠനങ്ങളിൽ വിപ്ലവകരമായ ഒന്നാണ്. 2026 ഏപ്രിൽ 23-ന് പ്രമുഖ ശാസ്ത്ര മാസികയായ 'നേച്ചർ അസ്‌ട്രോണമി'യിലാണ് (Nature Astronomy) ഈ പഠനം പ്രസിദ്ധീകരിച്ചത്. ചിലിയിലെ അറ്റകാമ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന അതിശക്തമായ അൽമ (ALMA) റേഡിയോ ദൂരദർശിനി ഉപയോഗിച്ചായിരുന്നു നിരീക്ഷണം.
തിരിച്ചറിഞ്ഞത് പ്രപഞ്ചത്തിലെ 'അപൂർവ ജലം'
ഈ ധൂമകേതുവിൽ സാധാരണ ജലത്തിന് പുറമെ 'സെമി-ഹെവി' വാട്ടർ (Semi-heavy water) അഥവാ ഡ്യൂട്ടറേറ്റഡ് ജലത്തിന്റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ജലതന്മാത്രയിലെ ഹൈഡ്രജൻ ആറ്റത്തിന് പകരം അതിന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഇടയിലുള്ള ശൂന്യമായ ഇടങ്ങളിൽ (Interstellar Medium) രൂപപ്പെടുന്ന ഇത്തരം ജലം ഒരു ധൂമകേതുവിൽ കണ്ടെത്തുന്നത് അത്യപൂർവമാണ്
ഈ കണ്ടെത്തലിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന വസ്‌തുത ആ ധൂമകേതുവിൽ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവും അതിന്റെ സ്വഭാവവുമാണ്. സാധാരണ ജലതന്മാത്രകളിൽ നിന്ന് വ്യത്യസ്തമായ 'സെമി-ഹെവി' ജലത്തിന്റെ സാന്നിധ്യം 3ഐ/അറ്റ്‌ലസിനെ മറ്റ് ജ്യോതിശാസ്ത്ര വസ്തുക്കളിൽ നിന്ന് വേറിട്ടു നിർത്തുന്നു.
അതീവ ശൈത്യത്തിന്റെ അവശിഷ്ടം
ഗവേഷകരെ അമ്പരപ്പിച്ചത് ഇതിലെ ജലത്തിന്റെ ഉയർന്ന സാന്ദ്രതയാണ്. നമ്മുടെ സൗരയൂഥത്തിലുള്ള ധൂമകേതുക്കളുമായി താരതമ്യം ചെയ്താൽ ഏകദേശം 30 മടങ്ങ് കൂടുതൽ ഡ്യൂട്ടറേറ്റഡ് ജലം 3ഐ/അറ്റ്‌ലസിലുണ്ട്. ഭൂമിയിലെ സമുദ്രങ്ങളിലെ അളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 40 മടങ്ങ് കൂടുതലാണ്. ശാസ്ത്രീയ വിശകലനങ്ങൾ പ്രകാരം ഇത്തരം ജലം രൂപപ്പെടണമെങ്കിൽ താപനില 30 കെൽവിനിൽ താഴെയായിരിക്കണം. അതായത്, പൂജ്യം ഡിഗ്രി സെൽഷ്യസിനും എത്രയോ താഴെയുള്ള അതീവ ശൈത്യമായ സാഹചര്യത്തിൽ നിന്നാണ് ഈ അതിഥി വരുന്നത്.
അന്തർനക്ഷത്ര വസ്തുക്കളെക്കുറിച്ചുള്ള മനുഷ്യന്റെ അറിവിൽ വിപ്ലവകരമായ ഒരു കുതിച്ചുചാട്ടമാണ് 3ഐ/അറ്റ്‌ലസിലൂടെ (3I/ATLAS) ഉണ്ടായിരിക്കുന്നത്. മുമ്പ് നമ്മുടെ സൗരയൂഥം സന്ദർശിച്ച ഒമുവാമുവ, ബോറിസോവ് തുടങ്ങിയ അതിഥികളിൽ ഇത്രത്തോളം ആഴത്തിലുള്ള രാസപരിശോധനകൾ നടത്താൻ സാങ്കേതികമായ പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ 3ഐ/അറ്റ്‌ലസിലെ ഡ്യൂട്ടേറിയം-ഹൈഡ്രജൻ (D/H ratio) അനുപാതം കൃത്യമായി അളക്കാൻ കഴിഞ്ഞത് ജ്യോതിശാസ്ത്ര ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണ്.
നക്ഷത്രങ്ങളുടെ ഭൂതകാലം തേടി
ഈ കണ്ടെത്തലിലൂടെ കേവലം ഒരു ധൂമകേതുവിനെയല്ല, മറിച്ച് അത് പിറവികൊണ്ട ദൂരസ്ഥ നക്ഷത്ര വ്യവസ്ഥയുടെ ചരിത്രത്തെത്തന്നെയാണ് ശാസ്ത്രജ്ഞർ വായിച്ചെടുക്കുന്നത്. ഈ പ്രത്യേക രാസ അനുപാതം വിശകലനം ചെയ്യുന്നതിലൂടെ ആ നക്ഷത്രയൂഥത്തിന്റെ രൂപീകരണ ഘട്ടത്തിലുണ്ടായിരുന്ന താപനില, വാതകങ്ങളുടെ സാന്ദ്രത, രാസപരിണാമം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകൾ ലഭിക്കും. പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നടന്ന പ്രക്രിയകളെക്കുറിച്ച് പഠിക്കാനുള്ള ഒരു 'ടൈം മെഷീൻ' ആയിട്ടാണ് ഗവേഷകർ ഈ ധൂമകേതുവിനെ വിശേഷിപ്പിക്കുന്നത്.
ഗവേഷണസംഘത്തിലെ അംഗമായ തെരേസ പനേക്-കരെനോയുടെ അഭിപ്രായത്തിൽ, ഓരോ അന്തർനക്ഷത്ര വസ്തുവും അതിന്റെ സ്വന്തം ശാസ്ത്രീയ വിവരങ്ങളുമായി എത്തുന്നവയാണ്. അൽമ പോലുള്ള അത്യാധുനിക ദൂരദർശിനികളുടെ സഹായത്തോടെ, ദൂരെയുള്ള ഗ്രഹ രൂപീകരണ കേന്ദ്രങ്ങളിലെ രാസഘടനകൾ കൂടുതൽ വിശദമായി പഠിക്കാൻ കഴിയുന്ന സാഹചര്യം നിലവിലുണ്ടെന്നും വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള പഠനങ്ങൾ ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങൾക്ക് പുതിയ ദിശകൾ തുറക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
English Summary: The interstellar comet 3I/ATLAS has drawn major scientific attention after being confirmed as an object originating outside the solar system. Observations reveal unusually high levels of deuterated (heavy) water, suggesting it formed in an extremely cold, distant star system. This discovery may reshape current understanding of planet formation and the chemistry of interstellar objects