ജനിക്കുമ്പോൾ പെൺമത്സ്യം, വളർച്ചയുടെ ഒരു ഘട്ടത്തിൽ അവയിൽ ചിലത് സ്വാഭാവികമായി ആൺമത്സ്യങ്ങളായി മാറുന്നു! പ്രകൃതിയുടെ ഈ വിസ്മയം 'പേർളി റേസർഫിഷ്' (Pearly razorfish) എന്ന കടൽമത്സ്യങ്ങളുടെ പ്രത്യേകതയാണ്. എന്നാൽ ശാസ്ത്രലോകത്തെ ഇപ്പോൾ അദ്‌ഭുതപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതും അതല്ല. മനുഷ്യന്റെ അമിതമായ മീൻപിടുത്തം ഈ മത്സ്യങ്ങളുടെ എണ്ണം കുറയ്ക്കുകയോ വലുപ്പത്തിൽ മാറ്റം വരുത്തുകയോ മാത്രമല്ല ചെയ്യുന്നത്, മറിച്ച് അവയുടെ ജീനുകളുടെ പ്രവർത്തനത്തെ തന്മാത്രാ തലത്തിൽ തന്നെ മാറ്റിമറിക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
വളരുന്നതിനനുസരിച്ച് ഇവയിൽ ചിലത് ആൺമത്സ്യങ്ങളായി മാറും. പ്രധാനപ്പെട്ട ഒരു ആൺമത്സ്യത്തിന് കീഴിൽ നിരവധി പെൺമത്സ്യങ്ങൾ അടങ്ങുന്നതാണ് ഇവയുടെ കൂട്ടം. ഈ ആൺമത്സ്യം കൂട്ടത്തെ സംരക്ഷിക്കുകയും, ചെറിയ പെൺമത്സ്യങ്ങൾ പെട്ടെന്ന് ആൺമത്സ്യങ്ങളായി മാറുന്നത് തടഞ്ഞ് ഗ്രൂപ്പിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു.
സ്പെയിനിലെ ബലേറിക് ദ്വീപുകളിലെ മണൽ നിറഞ്ഞ തീരപ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെറിയ കടൽമത്സ്യമാണ് പേർളി റേസർഫിഷ്. പ്രാദേശികമായി 'റാവോർ' (raor) എന്നറിയപ്പെടുന്ന ഇവ വളരെ ജനപ്രിയമായ ഒരു സമുദ്രവിഭവമാണ്. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള മീൻപിടുത്തമാണ് ഈ മേഖലയിൽ നടക്കുന്നത്.
ഇവയുടെ ലിംഗമാറ്റം പ്രകൃതിയിലെ തന്നെ കൗതുകകരമായ ഒന്നാണ്. ഇവ ജനിക്കുമ്പോൾ പൂർണ്ണമായും പെൺമത്സ്യങ്ങളായിരിക്കും. എന്നാൽ വളരുന്നതിനനുസരിച്ച് ഇവയിൽ ചിലത് ആൺമത്സ്യങ്ങളായി മാറും. പ്രധാനപ്പെട്ട ഒരു ആൺമത്സ്യത്തിന് കീഴിൽ നിരവധി പെൺമത്സ്യങ്ങൾ അടങ്ങുന്നതാണ് ഇവയുടെ കൂട്ടം. ഈ ആൺമത്സ്യം കൂട്ടത്തെ സംരക്ഷിക്കുകയും, ചെറിയ പെൺമത്സ്യങ്ങൾ പെട്ടെന്ന് ആൺമത്സ്യങ്ങളായി മാറുന്നത് തടഞ്ഞ് ഗ്രൂപ്പിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു.
പഠനം പറയുന്നത് എന്ത് ?
അമിതമായ മീൻപിടുത്തം ഇവയെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ, 'ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് ഓഫ് ദി റോയൽ സൊസൈറ്റി ബി' (Philosophical Transactions of the Royal Society B) എന്ന സയൻസ് ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. മീൻപിടുത്തം അനുവദനീയമായ മേഖലകളിൽ നിന്നും, മീൻപിടുത്തം കർശനമായി നിരോധിച്ചിട്ടുള്ള മറൈൻ റിസർവ്വ് മേഖലകളിൽ നിന്നും ശാസ്ത്രജ്ഞർ ഈ മത്സ്യങ്ങളെ ശേഖരിച്ച് ലബോറട്ടറിയിൽ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി.
ഡിഎൻഎ മാറിയില്ല, പക്ഷേ 'സ്വിച്ച്' മാറി
രണ്ട് മേഖലകളിലെയും മത്സ്യങ്ങളുടെ അടിസ്ഥാന ഡിഎൻഎ ഘടനയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. എന്നാൽ 'എപ്പിജെനെറ്റിക്സ്' (Epigenetics) എന്ന പ്രക്രിയയിലാണ് വലിയ മാറ്റങ്ങൾ പ്രകടമായത്.
ഡിഎൻഎയിലെ ജീനുകളെ എപ്പോൾ പ്രവർത്തിപ്പിക്കണം, എപ്പോൾ നിർത്തണം, അല്ലെങ്കിൽ അവ എത്രത്തോളം ശക്തമായി പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്ന രാസപരമായ 'സ്വിച്ചുകൾ' (chemical tags) ആണ് എപ്പിജെനെറ്റിക്സ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഡിഎൻഎ മീഥൈലേഷൻ.
അമിതമായി മീൻപിടുത്തം നടക്കുന്ന മേഖലകളിലെ മത്സ്യങ്ങളുടെ ഡിഎൻഎയിൽ ഇത്തരത്തിലുള്ള 291 സ്ഥലങ്ങളിൽ വ്യത്യാസങ്ങൾ ഉള്ളതായി ഗവേഷകർ കണ്ടെത്തി. അതായത്, മീൻപിടുത്തം മത്സ്യങ്ങളുടെ അടിസ്ഥാന ജനിതക കോഡ് മാറ്റിയിട്ടില്ലെങ്കിലും, പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ അവയുടെ ജീനുകൾ പ്രവർത്തിക്കുന്ന രീതിയിൽ വ്യത്യാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മീൻപിടുത്തം എപ്പിജെനെറ്റിക് മാറ്റങ്ങൾക്ക് കാരണമാകുന്നു എന്ന് തെളിയിക്കുന്ന ആദ്യത്തെ പഠനങ്ങളിൽ ഒന്നാണിത്.
മറ്റ് പ്രധാന കണ്ടെത്തലുകൾ
ഈ പഠനത്തിൽ നിന്ന് ലഭിച്ച മറ്റ് ചില പ്രധാന കണ്ടെത്തലുകൾ മത്സ്യങ്ങളുടെ വലുപ്പത്തെയും ജനിതക വൈവിധ്യത്തെയും സംബന്ധിച്ചുള്ളതാണ്. മീൻപിടുത്തം വ്യാപകമായി നടക്കുന്ന പ്രദേശങ്ങളിലെ മത്സ്യങ്ങളെ അപേക്ഷിച്ച്, മീൻപിടുത്തം കർശനമായി നിരോധിച്ചിട്ടുള്ള സംരക്ഷിത മേഖലകളിൽ കാണപ്പെടുന്ന മത്സ്യങ്ങൾ കൂടുതൽ വലുപ്പമുള്ളവയും പ്രായമുള്ളവയുമാണെന്ന് ഗവേഷകർ കണ്ടെത്തി. കൂടാതെ, അമിതമായി മീൻപിടുത്തം നടക്കുന്ന പ്രദേശങ്ങളിലെ മത്സ്യങ്ങൾക്ക് സംരക്ഷിത മേഖലകളിലുള്ളവയെക്കാൾ ജനിതക വൈവിധ്യം താരതമ്യേന കുറവാണെന്നും ഈ പഠനം വ്യക്തമാക്കുന്നുണ്ട്.
മീൻപിടുത്തം മാത്രമാണോ കാരണം?
മത്സ്യങ്ങളിലെ ഈ തന്മാത്രാ മാറ്റങ്ങൾക്ക് മീൻപിടുത്തം വലിയൊരു കാരണമാണെങ്കിലും, അത് നേരിട്ട് മാത്രമാണ് ഈ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്ന് ഉറപ്പിക്കാനാവില്ല എന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. അമിതമായ മീൻപിടുത്തം കാരണം അവയുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്, ഇരകളുടെ ലഭ്യത, വേട്ടയാടുന്ന മറ്റ് ജീവികളുടെ സാന്നിധ്യം തുടങ്ങിയ മറ്റ് പാരിസ്ഥിതിക ഘടകങ്ങളും ഈ എപ്പിജെനെറ്റിക് മാറ്റങ്ങൾക്ക് കാരണമാകാം.
മീൻപിടുത്തം വെറുമൊരു ഉപജീവന മാർഗ്ഗമോ വിനോദമോ മാത്രമല്ല. അത് കടലിനടിയിലെ ജീവികളുടെ എണ്ണം കുറയ്ക്കുന്നതിനപ്പുറം, അവയുടെ ജൈവപരമായ പ്രവർത്തനങ്ങളെ അടിസ്ഥാന തലത്തിൽ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണെന്ന് ഈ ശാസ്ത്രീയ പഠനം നമ്മെ ഓർമിപ്പിക്കുന്നു.
A recent study reveals that intense fishing is changing the biology of the pearly razorfish at a molecular level. This unique marine fish, popular as seafood in Spain's Balearic Islands, has a fascinating life cycle: all individuals are born female, and as they grow, some naturally transition into males. To understand the impact of heavy fishing, scientists compared fish from heavily fished areas with those from protected marine reserves.