Alex Manninger Death 
Sports

മുൻ ആഴ്‌സണൽ ഗോൾകീപ്പർ അലക്സ് മാനിഞ്ചർ കാറപകടത്തിൽ മരിച്ചു; ആഴ്സണലിന്റെ ഡബിൾ കിരീട നേട്ടത്തിലെ നായകൻ ഇനി ഓർമ്മ | Alex Manninger Death News

ഓസ്ട്രിയയിലെ സാൽസ്ബർഗിൽ കാറിൽ ട്രെയിൻ ഇടിച്ചായിരുന്നു അപകടം. ആഴ്‌സണലിനും യുവന്റസിനും വേണ്ടി വലകാത്ത മാനിഞ്ചറുടെ വിയോഗത്തിൽ ഫുട്ബോൾ ലോകം അനുശോചനം രേഖപ്പെടുത്തി.

Madism Desk

ആഴ്‌സണലിന്റെയും ഓസ്ട്രിയൻ ദേശീയ ടീമിന്റെയും മുൻ ഗോൾകീപ്പർ അലക്സ് മാനിഞ്ചർ (48) അന്തരിച്ചു. ജന്മനാടായ ഓസ്ട്രിയയിലെ സാൽസ്ബർഗിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിൽ ട്രെയിൻ ഇടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 8:20-ഓടെ സാൽസ്ബർഗിലെ ലെവൽ ക്രോസിലായിരുന്നു ദാരുണമായ സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

ആഴ്‌സണലിന്റെ സുവർണ്ണകാലത്തെ വിശ്വസ്തൻ

1997 മുതൽ 2002 വരെ ആഴ്‌സണലിനായി 64 മത്സരങ്ങളിൽ മാനിഞ്ചർ വലകാത്തു. ഇതിഹാസ ഗോൾകീപ്പർ ഡേവിഡ് സീമാന്റെ പകരക്കാരനായാണ് മാനിഞ്ചർ ആഴ്‌സണലിലെത്തിയത്. എന്നാൽ 1997-98 സീസണിൽ സീമാന് പരിക്കേറ്റതോടെ മാനിഞ്ചർക്ക് ലഭിച്ച അവസരം അദ്ദേഹം കൃത്യമായി വിനിയോഗിച്ചു. ആ സീസണിൽ ആഴ്‌സണൽ പ്രീമിയർ ലീഗും എഫ്.എ കപ്പും സ്വന്തമാക്കിയപ്പോൾ മാനിഞ്ചറുടെ പ്രകടനം നിർണ്ണായകമായിരുന്നു. 1998 മാർച്ചിൽ പ്രീമിയർ ലീഗിലെ മികച്ച താരമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഓസ്ട്രിയയുടെ അഭിമാനം

ഓസ്ട്രിയക്കായി 33 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച മാനിഞ്ചർ, 2008 യൂറോ കപ്പ് സ്ക്വാഡിലും അംഗമായിരുന്നു. റെഡ് ബുൾ സാൽസ്ബർഗ്, യുവന്റസ്, ഉദിനീസെ, ഓഗ്സ്ബർഗ് ഉൾപ്പെടെ യൂറോപ്പിലെ 14 ക്ലബ്ബുകൾക്കായി അദ്ദേഹം ബൂട്ടണിഞ്ഞു. 2016-ൽ തന്റെ 39-ാം വയസ്സിൽ ലിവർപൂളുമായി കരാറിലെത്തിയെങ്കിലും അവിടെ കളിക്കാൻ അവസരം ലഭിച്ചില്ല.

മാനിഞ്ചറുടെ നിര്യാണത്തിൽ ഓസ്ട്രിയൻ ഫുട്ബോൾ അസോസിയേഷൻ സ്പോർട്ടിംഗ് ഡയറക്ടർ പീറ്റർ ഷോട്ടൽ അനുശോചിച്ചു. മൈതാനത്തിനകത്തും പുറത്തും ഓസ്ട്രിയൻ ഫുട്ബോളിന്റെ മികച്ച അംബാസഡറായിരുന്നു അദ്ദേഹമെന്നും പ്രൊഫഷണലിസവും വിശ്വസ്തതയും മാനിഞ്ചറെ ടീമിന്റെ അവിഭാജ്യ ഘടകമാക്കിയെന്നും അദ്ദേഹം സ്മരിച്ചു.

English Summary: Former Arsenal goalkeeper Alex Manninger has died at the age of 48 after his car was struck by a train. Manninger made 64 appearances for Arsenal between 1997 and 2002, winning the Premier League and FA Cup.