നീണ്ട 20 വർഷത്തിനുശേഷം വീണ്ടുമൊരു ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ചുവടുവെക്കുകയാണ് ആഴ്സണൽ. ഒറ്റ മത്സരത്തിലും തോൽവി സമ്മതിക്കാതെയാണ് അർട്ടേറ്റയും ടീമും ചാമ്പ്യൻസ് ലീഗ് കലാശപ്പോരിനായി ബുഡാപെസ്റ്റിലേക്ക് വിമാനം കയറുന്നത്. ശേഷിക്കുന്ന മൂന്ന് മത്സരം കൂടി ജയിക്കാനായാൽ പ്രീമിയർ ലീഗ് കിരീടവുംകൂടി ചേർത്ത് നോർത്ത് ലണ്ടൻ ഇക്കുറി ചുവന്ന കടലാവും. പതിറ്റാണ്ടുകളായി തങ്ങൾ നേരിടേണ്ടിവന്ന പരിഹാസങ്ങൾക്കും അവഹേളനങ്ങൾക്കും ഇരു കയ്യിലും ഇരു ട്രോഫികളുമായി ആഴ്സണൽ ജനതക്ക് ഇതോടെ മറുപടി നൽകാൻ കഴിയും.
2006 ലാണ് ആഴ്സണൽ അവസാനമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചത്. പാരിസിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയോട് 2-1 ന് പരാജയപ്പെട്ടായിരുന്നു അന്ന് കിരീടം നഷ്ടപ്പെട്ടത്. പിന്നീടിങ്ങോട്ട് കിരീട വരൾച്ചയായിരുന്നു ടീമിന് നേരിടേണ്ടിവന്നത്. മേജർ കിരീട ക്ഷാമത്തിനൊരു പരിഹാരമായാണ് 2019 ൽ ടീമിന്റെ ഹെഡ് കോച്ചായി മൈക്കിൾ ആർട്ടെറ്റയെ നിയമിച്ചത്. തുടർന്ന് 2020 ൽ ടീം മാനേജറായും ചുമതലയേറ്റ ആർട്ടേറ്റക്ക് തന്റെ പ്രിയപ്പെട്ട ടീമായ ആഴ്സണലിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാൻ കൃത്യമായ പ്ലാനുണ്ടായിരുന്നു.
പല സീസണുകളിലും മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയപ്പോഴും ആർട്ടേറ്റയെ ക്ലബും ആരാധകരും ചേർത്തുപിടിച്ചു. നിഷ്കൃയനെന്ന എതിരാളികളുടെ പരിഹാസങ്ങളെ, കൃത്യമായ ആസൂത്രണങ്ങോടെ മറുപടി നൽകുകയായിരുന്നു ആ പഴയ ആഴ്സണൽ പ്ലെയർ. ചാമ്പ്യൻസ് ലീഗിൽ 23-24 സീണണിൽ ക്വാർട്ടർ ഫൈനലിലും 24-25 സീസണിൽ സെമി ഫൈനലിലും ഈ സീസണിൽ ടീമിനെ ഫൈനലിലെത്തിച്ചും തന്റെ മാസ്റ്റർ പ്ലാൻ ലോകത്തിനുമുന്നിൽ തെളിയിക്കുകയായിരുന്നു ആർട്ടേറ്റ.
പ്രിമിയർ ലീഗിലും ഇതേ തന്ത്രങ്ങളാണ് ആർട്ടേറ്റക്കുണ്ടായിരുന്നത്. 2022-23, 2023-24, 2024-25 സീസണുകളിൽ ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ ഫിനിഷ് ചെയ്തത്. 2023-24 വർഷത്തിൽ വെറും 2 പോയിന്റിനാണ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയോട് അടിയറവ് വെക്കേണ്ടി വന്നത്. 2025-26 സീസണിൽ 3 മത്സരങ്ങൾ ബാക്കിനിൽക്കേ 5 പോയിന്റുമായി വ്യക്തമായി ഭൂരിപക്ഷത്തോടെ മുന്നിട്ടുനിൽക്കുകയാണ് ആഴ്സണൽ.
ഇന്നലെ നടന്ന രണ്ടാം പാദ സെമിഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനെ 1-0 ന് പരാജയപ്പെടുത്തിയാണ് ആഴ്സണൽ ഫൈനലിൽ പ്രവേശിച്ചത്. ഏപ്രിൽ 30 ലെ ഒന്നാംപാദ സെമിഫൈനലിൽ ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ 44ാം മിനുറ്റിൽ സാക നേടിയ ഏകപക്ഷീയമായ ഒരു ഗോളിലൂടെയാണ് ആഴ്സണൽ ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്.
30 നു ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള പുസ്കാസ് അരീനയിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകരും ടീമംഗങ്ങളും. പ്രീമിയർ ലീഗും ഉറപ്പിക്കാനായാൽ ആഴ്സണലിനെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടത്താൻ ആർട്ടേറ്റക്കാകും.
English Summary: Arsenal has reached the Champions League final for the first time in 20 years, remaining unbeaten under manager Mikel Arteta. The team is on the brink of a historic double, aiming to pair the European crown with the Premier League title to end a long trophy drought. Arteta, who took over in 2019, has restored the club's glory through a long-term tactical masterplan.