ഏഷ്യൻ ഗെയിംസിലെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യൻ താരം വിദർശ വെള്ളി മെഡൽ സ്വന്തമാക്കി. ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയാണ് വിദർശ.
കടുത്ത പോരാട്ടം നടന്ന ഫൈനൽ റൗണ്ടിൽ ഏഷ്യയിലെ പ്രമുഖ താരങ്ങളെ പിന്നിലാക്കിയാണ് വിദർശ രണ്ടാമതായി ഫിനിഷ് ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടുകളും ട്രെയിനിങ് ഉപകരണങ്ങളുടെ അഭാവവും കാരണം കരിയറിന്റെ തുടക്കത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ട വിദർശയുടെ നേട്ടം ഏറെ പ്രശംസനീയമാണ്. എൻ.സി.സി കേഡറ്റായി കായികരംഗത്തേക്ക് കടന്നുവന്ന താരം ഭർത്താവും പരിശീലകനുമായ മനു എസ്. രവിയുടെ പിന്തുണയോടെയാണ് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നത്.
വെള്ളിനേട്ടത്തിലും ചരിത്രത്തിന്റെ ഭാഗമായതിലും ഒരുപാട് സന്തോഷമെന്നാണ് വിദർശ പ്രതികരിച്ചത്. ഇനി 50 മീറ്റർ റൈഫിളാണ് വിദർശയുടെ മുന്നിൽ. ഈ മത്സരത്തിനായി വെള്ളിമെഡൽ ഏറെ ആത്മവിശ്വാസം പകരുന്നുണ്ടെന്നും വിദർശ കൂട്ടിച്ചേർത്തു.
ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനത്തിൽ തന്നെ ലഭിച്ച ഈ നേട്ടം ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് വലിയ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. കസാഖ്സ്ഥാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെള്ളി നേട്ടത്തിനു പിന്നാലെയാണ് വിദർശ ഏഷ്യൻ ഗെയിംസ് വേദിയിലും മെഡൽ തിളക്കം ആവർത്തിക്കുന്നത്.
ഇതോടെ ഗെയിംസിന്റെ ആദ്യ ദിനത്തിൽ തന്നെ ഷൂട്ടിങ്ങിലൂടെ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് മികച്ച തുടക്കമായിരിക്കുകയാണ്. എന്നാൽ മറ്റ് ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഇന്ത്യയ്ക്ക് ഇനിയുമായിട്ടില്ല. വുഷു പുരുഷന്മാരുടെ ചാങ്ഖുവാൻ ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ സൂരജ് സിങ് മയാങ്ലാംബാം 9.683 ആകെ സ്‌കോറോടെ 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഡിഗ്രി ഓഫ് ഡിഫിക്കൽറ്റി വിഭാഗത്തിൽ 5.000 സ്‌കോറും, ഇന്നൊവേഷൻ വിഭാഗത്തിൽ 2.000 സ്‌കോറും, എക്‌സിക്യൂഷൻ വിഭാഗത്തിൽ 2.683 സ്‌കോറുമാണ് അദ്ദേഹം നേടിയത്.
ടെക്ബോൾ വനിതാ സിംഗിൾസിൽ ജപ്പാന്റെ യൂയിന സകാമോട്ടോയോട് കടുത്ത പോരാട്ടത്തിനൊടുവിൽ ക്വിംസി ഡിസൂസ പരാജയപ്പെട്ടു. മിക്സഡ് ഡബിൾസിൽ വിയറ്റ്നാം ജോഡിയോട് 0-2 എന്ന സ്കോറിന് പരാജയപ്പെട്ട് ഇന്ത്യൻ ടീം മെഡലില്ലാതെ പുറത്തായി.
ഇന്ന് നടക്കുന്ന പ്രധാന മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ ട്രാക്കിലും കോർട്ടിലും തങ്ങളുടെ പോരാട്ടം ആരംഭിക്കും. ഹോക്കി, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, സ്വിമ്മിങ് തുടങ്ങിയ പ്രധാന ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ ഇന്ന് ഇനി മാറ്റുരയ്ക്കുന്നത്. വനിതാ ക്രിക്കറ്റിലും മികച്ച വിജയത്തോടെ മുന്നേറാൻ ഇന്ത്യ ഇന്നിറങ്ങുന്നുണ്ട്.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ, ഇത്തവണ കൂടുതൽ മെഡലുകൾ സ്വന്തമാക്കാനും പുതിയ റെക്കോർഡുകൾ കുറിക്കാനുമാണ് ഇന്ത്യൻ സംഘം ജപ്പാനിൽ എത്തിയിരിക്കുന്നത്.
Another proud moment for India at the Asian Games shooting range. Indian shooter Vidarsha won the silver medal in the women’s 10m air rifle individual event. Vidarsha is the first Malayali to win a shooting medal at the Asian Games.