സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിയുടെ സെമിഫൈനൽ പ്രതീക്ഷകൾക്ക് തിരിച്ചടി. കാലിക്കറ്റ് എഫ്സിക്കെതിരായ നിർണായക മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ഒരു മത്സരം ബാക്കിനിൽക്കെ തൃശൂർ ടൂർണമെന്റിൽ നിന്ന് പുറത്തായി. കഴിഞ്ഞ സീസണിൽ റണ്ണറപ്പായിരുന്ന തൃശൂരിന് ഇത്തവണ സെമിഫൈനൽ യോഗ്യത നേടാനായില്ല.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആക്രമണ ഫുട്ബോളുമായി കളംനിറഞ്ഞ കാലിക്കറ്റ് എഫ്സി മൂന്ന് ഗോളുകള് നേടി ആധിപത്യം ഉറപ്പിച്ചു. മാക്സിമിലിയാനോ, ലിയോ ഡേവിഡ്, ആൻഡ്രൂസ് എന്നിവരാണ് കാലിക്കറ്റിനായി ലക്ഷ്യം കണ്ടത്.
15-ാം മിനിറ്റിൽ മാക്സിമിലിയാനോയിലൂടെ കാലിക്കറ്റ് മുന്നിലെത്തി. അരുൺകുമാറിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ താരം മൂന്ന് തൃശൂർ പ്രതിരോധതാരങ്ങളെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ തൃശൂരിന് സമനില നേടാനുള്ള അവസരം ലഭിച്ചെങ്കിലും വാലന്റൈന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങി.
രണ്ടാം പകുതി ആരംഭിച്ച് ഏഴ് മിനിറ്റിനകം കാലിക്കറ്റ് ലീഡ് ഇരട്ടിയാക്കി. മാക്സിമിലിയാനോയുടെ പാസിൽ നിന്ന് ലിയോ ഡേവിഡാണ് രണ്ടാം ഗോൾ നേടിയത്. 79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ആൻഡ്രൂസ് മൂന്നാം ഗോൾ കൂടി നേടിയതോടെ കാലിക്കറ്റിന്റെ വിജയം പൂർണമായി.
ഒൻപത് മത്സരങ്ങളിൽ നിന്ന് 23 പോയന്റുമായി കാലിക്കറ്റ് എഫ്സി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇത്രയും മത്സരങ്ങളിൽ ഏഴ് പോയന്റ് മാത്രമുള്ള തൃശൂർ മാജിക് എഫ്സിക്ക് ഇനി സെമിഫൈനൽ സാധ്യതയില്ല.
അതേസമയം, സൂപ്പർ ലീഗ് കേരളയുടെ പത്താം റൗണ്ടിലെ ആദ്യ മത്സരത്തിൽ നവംബർ 25ന് കണ്ണൂർ വാരിയേഴ്സ് എഫ്സി മലപ്പുറം എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മലപ്പുറം വിജയിച്ചിരുന്നു.
Thrissur Magic FC have been knocked out of the Super League Kerala without reaching the semifinals. A 3-0 defeat against Calicut FC in a crucial match ended their campaign. Goals from Maximiliano, Leo David and Andrews secured the victory for Calicut.