ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നു. കോണ്‍ഗ്രസ് എംപി ഇമ്രാന് മസൂദ് നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തുടക്കമിട്ടത്. സിറാജിന്റെ പേരും മതപരമായ സ്വത്വവും കാരണമാണ് ടീമില്‍നിന്ന് ഒഴിവാക്കിയതെന്നായിരുന്നു കോണ്‍ഗ്രസ് എംപി ഇമ്രാന് മസൂദിന്റെ ആരോപണം. മികച്ച പ്രകടനം നടത്തിയിട്ടും സിറാജിനെ പരിഗണിക്കാത്തത് വിവേചനമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ഇമ്രാന് മസൂദിന്റെ ആരോപണം വലിയ ചര്‍ച്ചകള്‍ക്കാണ് ഇന്ത്യന്‍ കായിക മേഖലയില്‍ തുടക്കമിട്ടത്. സിറാജിന് നിരന്തരം പുറത്തിരിക്കേണ്ടിവരുന്നതില്‍ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ ആക്ഷേപം ശരിവയ്ക്കുമ്പോഴും ഇതിന് കാരണം മതമാണെന്ന ആക്ഷേപം തള്ളാനും മുന്‍ താരങ്ങള്‍ തയ്യാറാകുന്നു. കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി കൂടി രംഗത്തെത്തിയതോടെ വിഷയം ക്രിക്കറ്റ് വിട്ട് രാഷ്ട്രീയത്തിലും അലയൊലികള്‍ സൃഷ്ടിച്ചുകഴിഞ്ഞു.
കോണ്‍ഗ്രസ് എംപിയുടെ ആരോപണത്തിനെതിരെ ബിജെപി രംഗത്തെത്തി. ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ടീമിന്റെ ആവശ്യങ്ങളും സാഹചര്യങ്ങളുമാണ് പരിഗണിക്കേണ്ടതെന്നും ബിജെപി വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു. ഇമ്രാന് മസൂദിന്റെ പരാമര്‍ശം അനാവശ്യമാണെന്നും ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗും കോണ്‍ഗ്രസ് എംപിക്കെതിരെ രംഗത്തെത്തി. ക്രിക്കറ്റിലേക്ക് ഹിന്ദു-മുസ്ലിം രാഷ്ട്രീയം കൊണ്ടുവരുന്നത് തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
സിറാജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുനില്‍ ഗവാസ്കറും രംഗത്തെത്തിയിരുന്നു. ഒരിക്കലും ഇന്ത്യയെ നിരാശപ്പെടുത്താത്ത താരമാണ് സിറാജ്. മികച്ച താളത്തില്‍ പന്തെറിയുന്ന താരത്തെ ഒഴിവാക്കിയത് എന്തിനാണെന്നുമുള്ള ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. സിറാജിന്റെ അനുഭവസമ്പത്ത്, ആക്രമണോത്സുകത, പന്തുകൊണ്ട് മത്സരത്തില്‍ മാറ്റമുണ്ടാക്കാനുള്ള കഴിവ് എന്നിവ പ്രധാനമാണെന്നിരിക്കെ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താത്തത് നിരാശയുണ്ടാക്കുന്നതാണെന്ന് രവി ശാസ്ത്രിയും പറയുന്നു.
സിറാജിനെ ഒഴിവാക്കിയ തീരുമാനം ശരിയായില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആര് അശ്വിനും വ്യക്തമാക്കുന്നു. എന്നാല്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള അധികാരം സെലക്ടര്‍മാര്‍ക്കും ക്യാപ്റ്റനും മാനേജ്മെന്റിനുമാണെന്നും സംവിധാനത്തെ വിമര്‍ശിക്കുന്നതിന് മുമ്പ് അതിന്റെ തീരുമാനങ്ങളെ മാനിക്കണമെന്നാണ് കപില്‍ ദേവിന്റെ നിലപാട്.
മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്റെ പ്രതികരവും ഇതിനോടകം ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്. വര്‍ഗീയ വിവാദത്തില്‍ കോണ്‍ഗ്രസ് എംപി ഇമ്രാന് മസൂദിന്റെ ആരോപണങ്ങള്‍ തള്ളിയ അദ്ദേഹം. മികച്ച പ്രകടനം നടത്തിയിട്ടും സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ ക്രിക്കറ്റിങ് കാരണങ്ങള്‍ മനസിലാകുന്നില്ലെന്നും വാസന് പറയുന്നു. എന്നാല്‍ ടീം സെലക്ഷനിലേക്ക് മതത്തെ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനും രാജ്യത്തെ കായിക സ്ഥാപനങ്ങള്‍ക്കും ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സിറാജ്. സമീപകാലത്തെ ഫോമും അനുഭവസമ്പത്തും പരിഗണിക്കുമ്പോള്‍ താരത്തെ പുറത്തിരുത്തിയത് മനസിലാകുന്നില്ലെന്നാണ് വാസന്റെ നിലപാട്. പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ പരിശീലകന് ഗൗതം ഗംഭീര്‍ ശ്രമിക്കുന്നുണ്ടാകാമെന്നും എന്നാല്‍ ടീമിനെ ഇതുവരെ എത്തിച്ച താരങ്ങളെ അവഗണിച്ചുകൊണ്ടാകരുത് അത്തരം പരീക്ഷണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സെലക്ഷനില്‍ വര്‍ഗീയത ആരോപിക്കുന്നതിനോട് ശക്തമായ വിയോജിപ്പാണ് വാസന് പ്രകടിപ്പിച്ചത്. ഗൗതം ഗംഭീര്‍ ശക്തമായ വ്യക്തിത്വമുള്ള ആളാണെങ്കിലും വര്‍ഗീയ മനോഭാവമുള്ളയാളല്ലെന്നും ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയവത്കരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കായികരംഗത്ത് മതത്തിന് സ്ഥാനമില്ലെന്നിരിക്കെ ഇത്തരം വിവാദങ്ങള്‍ താരങ്ങളെയും ഇന്ത്യന്‍ ടീമിനെയും പ്രതികൂലമായി ബാധിക്കുമെന്നും വാസന് കൂട്ടിച്ചേര്‍ത്തു.
Former Indian cricketer Atul Wassan has rejected Congress MP Imran Masood's allegations of communal discrimination following Mohammed Siraj's omission from India's playing XI. While Wassan said he could not understand the cricketing reasons behind dropping Siraj despite his recent performances and match-winning contribution, he strongly opposed bringing religion into team selection. He also defended head coach Gautam Gambhir against allegations of communal bias, describing him as a strong personality but not someone with a communal mindset. Wassan warned that politicising team selection could damage Indian cricket, its sporting institutions and the players.