Cricket

സൂര്യവൻശിയുടെ കരിയറിലെ നിര്‍ണായക നിമിഷം; പക്ഷേ അയര്‍ലന്‍ഡിലെ ചോരക്കളി വില്ലനാകുമോ?

ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര നടക്കേണ്ടത് കലാപം രൂക്ഷമായ ബെല്‍ഫാസ്റ്റിലെ സ്റ്റോര്‍മോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിലാണ്

Sports Desk

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ വരെ തിരുത്തിക്കുറിച്ച്, വളരെ ചെറിയ പ്രായത്തില്‍ തന്നെ സീനിയര്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമാണ് പതിനഞ്ചുകാരനായ വൈഭവ് സൂര്യവൻശി. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഐപിഎല്‍ 2026-ല്‍ താരം നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് സൂര്യവംശിയെ ദേശീയ ടീമിലേക്ക് എത്തിച്ചത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഈ യുവതാരത്തിന്റെ അരങ്ങേറ്റം കാണാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണ്. എന്നാല്‍, ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇപ്പോള്‍ ഒരു പുതിയ വാര്‍ത്ത പുറത്തുവരുന്നു.

അയര്‍ലന്‍ഡിലെ അശാന്തിയും ക്രിക്കറ്റ് ലോകത്തെ ആശങ്കയും

ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടി20 പരമ്പര നിശ്ചയിച്ചിരിക്കുന്നത് ജൂണ്‍ 26, 28 തീയതികളിലാണ്. ഈ രണ്ട് മത്സരങ്ങളും നടക്കേണ്ടത് കലാപം രൂക്ഷമായ ബെല്‍ഫാസ്റ്റിലെ സ്റ്റോര്‍മോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. ഇതാണ് ആശങ്കയ്ക്ക് പ്രധാന കാരണം.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ലിസ്‌ബേണില്‍ നടക്കേണ്ടിയിരുന്ന ആഭ്യന്തര ടൂര്‍ണമെന്റായ 'ഇന്റര്‍-പ്രൊവിന്‍ഷ്യല്‍ ടി20 ഫെസ്റ്റിവല്‍' ക്രിക്കറ്റ് അയര്‍ലന്‍ഡ് പൂര്‍ണ്ണമായും റദ്ദാക്കിക്കഴിഞ്ഞു. വരാനിരിക്കുന്ന മറ്റ് പ്രധാന മത്സരങ്ങളുടെ കാര്യത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് ക്രിക്കറ്റ് അയര്‍ലന്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അതുപോലെ കളിക്കാര്‍, പരിശീലകര്‍, കാണികള്‍ എന്നിവര്‍ക്ക് സ്റ്റേഡിയത്തിലേക്ക് സുരക്ഷിതമായി എത്തിച്ചേരാന്‍ പറ്റാത്ത രീതിയില്‍ നഗരത്തിലെ റോഡുകളും പൊതുഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. നിലവില്‍

ഇന്ത്യന്‍ ടീമിന്റെയും മലയാളി താരം സഞ്ജു സാംസണ്‍, യുവതാരം വൈഭവ് സൂര്യവംശി എന്നിവരുള്‍പ്പെടെയുള്ള കളിക്കാരുടെയും സുരക്ഷയില്‍ ബിസിസിഐ വിട്ടുവീഴ്ച ചെയ്യില്ല. സ്ഥിതിഗതികള്‍ ശാന്തമായില്ലെങ്കില്‍ വേദി ബെല്‍ഫാസ്റ്റില്‍ നിന്നും മാറ്റാന്‍ ബിസിസിഐ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിക്ക് സീനിയര്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറാനുള്ള ഏറ്റവും വലിയ അവസരമാണ് ഈ അയര്‍ലന്‍ഡ് പരമ്പര. സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് ടീമിലെത്തിയ താരത്തിന്റെ കരിയറിലെ നിര്‍ണ്ണായക നിമിഷമാണിത്.ഒരുപക്ഷേ സുരക്ഷാ കാരണങ്ങളാല്‍ അയര്‍ലന്‍ഡ് പര്യടനം മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍, ഈ യുവതാരത്തിന് തന്റെ സ്വപ്നതുല്യമായ അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഇംഗ്ലണ്ട് പര്യടനം ഉണ്ടെങ്കിലും അയര്‍ലന്‍ഡിനെതിരെയുള്ള മത്സരങ്ങളിലാണ് താരം ആദ്യം കളിക്കേണ്ടിയിരുന്നത്.ചുരുക്കത്തില്‍ വരും ദിവസങ്ങളില്‍ അയര്‍ലന്‍ഡ് ഗവണ്‍മെന്റും ക്രിക്കറ്റ് ബോര്‍ഡും എടുക്കുന്ന തീരുമാനങ്ങള്‍ ഈ പരമ്പരയുടെയും വൈഭവ് ഉള്‍പ്പെടെയുള്ള യുവതാരങ്ങളുടെ അരങ്ങേറ്റത്തിന്റെയും ഭാവി നിര്‍ണ്ണയിക്കും.

ക്രിക്കറ്റ് അയര്‍ലന്‍ഡിന്റെ പ്രസ്താവന: 'നിലവിലെ സാഹചര്യങ്ങള്‍ ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. കളിക്കാര്‍, പരിശീലകര്‍, മാച്ച് ഒഫീഷ്യലുകള്‍, കാണികള്‍ എന്നിവരുടെ സുരക്ഷയ്ക്കാണ് ഞങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൃത്യമായ അപ്‌ഡേറ്റുകള്‍ നല്‍കും.

ബിസിസിഐയുടെ നിലപാട് എന്താണ്?

ലഭ്യമായ വിവരങ്ങള്‍ പ്രകാരം, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും അയര്‍ലന്‍ഡിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അവിടെയുള്ള ഇന്ത്യന്‍ കളിക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ബോര്‍ഡ് തയ്യാറല്ല. ബെല്‍ഫാസ്റ്റിലെ സംഘര്‍ഷാവസ്ഥ ശാന്തമായില്ലെങ്കില്‍, മത്സരങ്ങള്‍ മറ്റേതെങ്കിലും സുരക്ഷിതമായ വേദികളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പോലും ബിസിസിഐ ആലോചിച്ചേക്കാം.

English Summary: Vaibhav Suryavanshi’s much-awaited India debut could be affected by the security situation in Belfast, where India’s T20 series against Ireland is scheduled on June 26 and 28. The 15-year-old earned his national call-up after a sensational IPL 2026 season with Rajasthan Royals. However, unrest in the city has raised concerns, forcing Cricket Ireland to review upcoming fixtures. The BCCI is closely monitoring developments and may seek a venue change if conditions worsen. Any postponement or cancellation would delay a landmark moment in Suryavanshi’s promising career.