നെതര്‍ലന്‍ഡ്‌സിലെ വില്‍സന്‍-നോര്‍ഡിലുള്ള ടാറ്റാ സ്റ്റീല്‍ ഓഫീസിലെ ചായമേശകളില്‍ സാധാരണയായി ഉയരാറുള്ളത് പ്രോജക്റ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകളും വാരാന്ത്യ വിശേഷങ്ങളുമായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവിടുത്തെ ബ്രേക്ക് റൂമില്‍ ഒരൊറ്റ വിഷയം മാത്രമേയുള്ളൂ ക്രിക്കറ്റ്! ക്രിക്കറ്റിന് വലിയ സ്വാധീനമില്ലാത്ത ഒരു യൂറോപ്യന്‍ രാജ്യത്തെ കോര്‍പ്പറേറ്റ് ഓഫീസില്‍ പെട്ടെന്നുണ്ടായ ഈ ക്രിക്കറ്റ് പൂരത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടിയുണ്ട്; ഹെതര്‍ സീഗേഴ്‌സ്.
അവിടെയൊരു സാധാരണ ട്രെയിനിയായി, കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കി ഫയലുകള്‍ ഒതുക്കിയിരുന്ന ആ ഇരുപത്തി ഒൻപതുകാരി തങ്ങളുടെ ഒപ്പമിരുന്ന് ചായ കുടിക്കുമ്പോഴും അവള്‍ നെതര്‍ലന്‍ഡ്‌സ് വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്നുവെന്ന കാര്യം സഹപ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ല. അന്താരാഷ്ട്ര ടി20യില്‍ ആയിരത്തിലധികം റണ്‍സും വിക്കറ്റുകളും നേടിയ ഒരു താരം തങ്ങള്‍ക്കിടയില്‍ ഒതുങ്ങിക്കൂടി ജീവിക്കുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ആ ഓഫീസിലുണ്ടാക്കിയ അമ്പരപ്പ് ചെറുതായിരുന്നില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് ഹെതര്‍ ആ തീരുമാനമെടുത്തത്. കളിക്കളത്തിലെ തിളക്കവും കോര്‍പ്പറേറ്റ് ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ അവളുടെ വ്യക്തിജീവിതം താളംതെറ്റി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി സമയം നീക്കിവെക്കാന്‍ അവള്‍ ആഗ്രഹിച്ചു. ജര്‍മനിക്കെതിരെ പുറത്താകാതെ 106 റണ്‍സ് നേടി നില്‍ക്കുന്ന സമയത്താണ്, കരിയറിന്റെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ അവള്‍ പാഡഴിക്കാന്‍ തീരുമാനിച്ചത്.
ക്രിക്കറ്റില്‍നിന്ന് മാറിനിന്ന ആ മാസങ്ങളില്‍ അവള്‍ ഡാന്‍സ് ക്ലാസില്‍ ചേര്‍ന്നു, പ്രിയപ്പെട്ടവര്‍ക്കൊപ്പം യാത്രകള്‍ പോയി, ഒരു സാധാരണ ഡച്ച് യുവതിയെപ്പോലെ ജീവിച്ചു. എന്നാല്‍, ഉള്ളിലെ ക്രിക്കറ്റ് മോഹം പൂര്‍ണമായി കെട്ടടങ്ങിയിരുന്നില്ല. നേപ്പാളില്‍ നടന്ന ടി20 ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളുടെ സമയത്താണ് സഹോദരി സില്‍വര്‍ അവളുടെ അരികിലെത്തുന്നത്. 'നീയത് ഒത്തിരി കാലമായി കാണുന്ന സ്വപ്നമല്ലേ ഹെതര്‍...' എന്ന സഹോദരിയുടെ ആ ഒറ്റവാക്ക് അവളുടെ മനസ്സിലെ കനലുകളെ വീണ്ടും ജ്വലിപ്പിച്ചു.
മടങ്ങിവരാന്‍ തീരുമാനിച്ച ഹെതറിന് ഏറ്റവും വലിയ പിന്തുണ നല്‍കിയത് അവളുടെ തൊഴിലുടമകളായ ടാറ്റാ സ്റ്റീല്‍ തന്നെയാണ്. അവളുടെ പരിശീലനത്തിനനുസരിച്ച് ജോലി സമയത്തില്‍ മാറ്റം വരുത്താനും ആവശ്യത്തിന് അവധികള്‍ നല്‍കാനും അവര്‍ തയ്യാറായി. അങ്ങനെയാണ് ടാറ്റാ സ്റ്റീല്‍ ഓഫീസിലെ ബ്രേക്ക് റൂമില്‍ പുതിയൊരു ടെലിവിഷന്‍ പ്രത്യക്ഷപ്പെടുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തക ജേഴ്‌സി അണിഞ്ഞ് മൈതാനത്തിറങ്ങുമ്പോള്‍ ഒപ്പമിരുന്ന് ചായ കുടിച്ച ആ കൂട്ടുകാര്‍ ജോലി മാറ്റിവെച്ച് അവള്‍ക്കായി കൈയടിക്കാന്‍ തുടങ്ങി. പക്ഷേ, ഈ രണ്ടാം വരവില്‍ ഹെതര്‍ കളിക്കുന്നത് പഴയതുപോലെയല്ല. മുന്‍പൊക്കെ ക്രിക്കറ്റിനെ ഒരു കരിയറാക്കി മാറ്റാനുള്ള കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഇന്ന്, ഒരു ഫുള്‍ടൈം ജോലിയുടെ സുരക്ഷിതത്വമുള്ളതുകൊണ്ടു തന്നെ, അവള്‍ ക്രിക്കറ്റിനെ വെറുമൊരു കളി എന്നതിനപ്പുറം പാഷനായാണ് കാണുന്നത്.
ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലാത്ത ഹെതറിന് ഇന്ത്യന്‍ ടീമിനോട് കളിക്കുകയെന്നത് കരിയറിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. ബുധനാഴ്ച ലീഡ്‌സില്‍ നടക്കുന്ന വലിയ പോരാട്ടത്തില്‍ നിലവിലെ ഒഡിഐ ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെയാണ് ഹെതറും നെതര്‍ലന്‍ഡ്‌സും നേരിടുന്നത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് അവസാന ഓവര്‍ വരെ പോരാടിയാണ് ഡച്ച് പട കീഴടങ്ങിയത്. ഐസിസി റാങ്കിങ്ങിൽ തങ്ങളേക്കാള്‍ 11 സ്ഥാനങ്ങള്‍ മുന്നിലുള്ള ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി കഠിനമായിരിക്കുമെന്ന് ഹെതറിന് നന്നായറിയാം.
എങ്കിലും ലീഡ്‌സിലെ പച്ചപ്പുല്ലില്‍ ഇന്ത്യയുടെ ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ ഹെതര്‍ ബാറ്റ് വീശുമ്പോഴും, കളിയിലെ ജയപരാജയങ്ങള്‍ എന്തുതന്നെയായാലും വില്‍സന്‍-നോര്‍ഡിലെ ടാറ്റാ സ്റ്റീല്‍ ഓഫീസിലിരുന്ന് ഒരു കൂട്ടം ഡച്ചുകാര്‍ തങ്ങളുടെ ചായക്കപ്പുകളുമായി അവള്‍ക്കായി ആര്‍ത്തുവിളിക്കുന്നുണ്ടാകും. കാരണം അവള്‍ അവര്‍ക്ക് വെറുമൊരു ക്രിക്കറ്റ് താരമല്ല, തങ്ങളുടെ ഒപ്പമിരുന്ന് ചായ കുടിച്ച, ലോകം കീഴടക്കാന്‍ പോയ പ്രിയപ്പെട്ട കൂട്ടുകാരിയാണ്!
At the Tata Steel office in Velsen-Noord, Netherlands, conversations over tea breaks usually revolved around work projects and weekend plans. But in recent days, cricket has become the dominant topic of discussion. In a country where cricket traditionally has limited popularity, the sudden excitement surrounding the sport in a corporate office is being driven by one person — Heather Siegers. The Dutch cricketer's achievements and growing influence have sparked fresh interest in cricket among colleagues and the wider community, highlighting how individual sporting success can inspire a new audience.