Cricket

'വിക്കറ്റെടുത്ത ഷൂ'; ക്രിക്കറ്റിലെ വിചിത്ര റൺഔട്ടുകളിൽ ഇടംപിടിച്ച് പ്രിയാൻഷും ​ഗെയ്ക്വാദും

ഇന്ത്യയുടെ വൺഡൗൺ ബാറ്റർ പ്രിയാൻഷ് ആര്യ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ വിക്കറ്റ് കീപ്പറുടെ ഷൂസ് കാരണം പുറത്തായത് ക്രിക്കറ്റ് ലോകത്തിൽ കൗതുകമുണർത്തി

Sports Desk

ക്രിക്കറ്റിൽ റൺഔട്ടുകൾ സാധാരണമാണ്. ബാറ്റർമാരുടെ ആശയക്കുഴപ്പവും ഫീൽഡർമാരുടെ മിന്നൽ വേഗതയിലുള്ള ത്രോകളുമാണ് പലപ്പോഴും വിക്കറ്റുകൾ സമ്മാനിക്കാറുള്ളത്. എന്നാൽ ചില റൺഔട്ടുകൾ കളിക്കാരെ മാത്രമല്ല, ആരാധകരെയും അമ്പരപ്പിക്കുന്നവയാണ്. ഇന്ത്യ എ-ശ്രീലങ്ക എ ത്രിരാഷ്ട്ര പരമ്പരയിൽ പ്രിയാൻഷ് ആര്യ പുറത്തായ രീതി അത്തരത്തിലുള്ള ഒരു സംഭവമായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ വൺഡൗൺ ബാറ്റർ പ്രിയാൻഷ് ആര്യ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ വിക്കറ്റ് കീപ്പറുടെ ഷൂസ് കാരണം പുറത്തായത് ക്രിക്കറ്റ് ലോകത്തിൽ കൗതുകമുണർത്തി. 13-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ഋതുരാജ് ഗെയ്ക്വാദ് ആണ് ഈ പന്ത് നേരിട്ടത്. കവറിലേക്ക് തട്ടിയ പന്തിൽ രണ്ട് റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിയാൻഷിന്റെ പുറത്താകൽ.

വിജയകരമായി ആദ്യ റൺസ് ഓടിയെടുത്ത പ്രിയാൻഷ് രണ്ടാം റൺസ് ഓടിയെടുക്കാൻ തുടങ്ങിയതാണ്. ഗെയ്ക്വാദിന്റെ കോളിനെ തുടർന്നാണ് പ്രിയാൻഷും ഓടാൻ തീരുമാനിച്ചത്. അപ്പോഴേക്കും പന്ത് ഫീൽഡറുടെ കൈയിൽ എത്തി. കൃത്യമായി പന്ത് നിരീക്ഷിച്ച പ്രിയാൻഷ് ഉടൻ രണ്ടാം റൺസിനുള്ള ശ്രമം ഉപേക്ഷിച്ച് സ്‌ട്രൈക്കർ എൻഡിലെ ക്രീസ് ഉന്നംവെച്ച് ഓടി. അപ്പോഴേക്കും നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്ന് ഗെയ്ക്വാദ് രണ്ടാം റണ്ണിനായി ഇപ്പുറത്തെ ക്രീസിലെത്തി.

ഗെയ്ക്വാദിന്റെ കോൾ പാളിയതാണ് റൺഔട്ട് സാധ്യതയുണ്ടാകാൻ കാരണം. അതുമാത്രമല്ല സ്‌ട്രൈക്കർ എൻഡിലെ ക്രീസിൽ ബാറ്റ് കുത്തുന്ന സമയത്ത് ശ്രീലങ്കൻ വിക്കറ്റ് കീപ്പറുടെ ബാറ്റും പ്രിയാൻഷിനു തടസമായി. വിക്കറ്റ് കീപ്പറുടെ ഷൂസിലാണ് പ്രിയാൻഷ് ബാറ്റ് കൊണ്ട് കുത്തിയത്. ഗെയ്ക്വാദ് ക്രീസിൽ കയറുകയും ചെയ്തു. ആ നിമിഷം വിലപ്പെട്ട സെക്കൻഡിന്റെ ചെറിയൊരു ഭാഗം നഷ്ടമായി. അതിനാൽ പ്രിയാൻഷിനെ ഔട്ടായി വിധിക്കുകയായിരുന്നു.

സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പലരും ക്രിക്കറ്റിലെ പഴയ വിചിത്ര റൺഔട്ടുകൾ പൊടിതട്ടിയെടുത്തു. 2011-ൽ ഇംഗ്ലണ്ടിന്റെ ഇയാൻ ബെൽ ഇന്ത്യക്കെതിരെ ലഞ്ച് ബ്രേക്കിന് തൊട്ടുമുമ്പ് നേരിട്ട വിവാദ റൺഔട്ടും, 2023-ൽ അലക്സ് കാരിയുടെ ത്രോയിൽ ജോണി ബെയർസ്റ്റോ പുറത്തായ സംഭവവും വീണ്ടും സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ പ്രിയാൻഷിന്റെ കാര്യത്തിൽ ഒരു കീപ്പറുടെ ഷൂ തന്നെ നിർണായക ഘടകമായത് അപൂർവ്വ സംഭവമാണ്.

നിയമപ്രകാരം വിക്കറ്റ് കീപ്പർ മനഃപൂർവം തടസ്സം സൃഷ്ടിച്ചില്ലെങ്കിൽ ബാറ്റർക്ക് പ്രത്യേക പരിരക്ഷയില്ല. അതിനാൽ ഭാഗ്യക്കേടും ആശയക്കുഴപ്പവും ചേർന്നാണ് പ്രിയാൻഷിന്റെ ഇന്നിങ്‌സ് അവസാനിച്ചത്. സ്കോർബുക്കിൽ ഇത് സാധാരണ റൺഔട്ടായി രേഖപ്പെടുത്തപ്പെടുമെങ്കിലും, ആരാധകർ ഏറെക്കാലം ഓർമ്മിക്കുന്ന വിചിത്ര പുറത്താകലുകളുടെ പട്ടികയിൽ ഈ സംഭവം ഇടംപിടിച്ചുകഴിഞ്ഞു.

32 പന്തിൽ നാല് ഫോറും ഒരു സിക്‌സും സഹിതം പ്രിയാൻഷ് 32 റൺസെടുത്താണ് പുറത്തായത്. ഗെയ്ക്വാദ് 114 പന്തിൽ 101 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

English Summary: Priyansh Arya’s dismissal in the India A–Sri Lanka A tri-series match has become one of the season’s most unusual run-outs. The young batter was batting well on 32 when a mix-up with Ruturaj Gaikwad left him stranded between the wickets. As Arya rushed back to the striker’s end, his bat struck the Sri Lankan wicketkeeper’s shoe while he attempted to make his ground. The split-second delay proved decisive, resulting in his dismissal. The incident quickly went viral on social media, with fans comparing it to some of cricket’s strangest dismissals. Though unfortunate, the run-out was perfectly valid under cricket’s laws.