Cricket

ബിസിസിഐ നിര്‍ദേശം നഖ്‌വി തള്ളി, ഇന്ത്യയും വിട്ടുകൊടുത്തില്ല; ഏഷ്യ കപ്പ് സമ്മാനദാനം ബഹിഷ്‌കരിച്ചതില്‍ കാരണം പറഞ്ഞ് സൈക്കിയ

ബിസിസിഐ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിരാകരിച്ചതോടെയാണ് ട്രോഫി കൈപ്പറ്റാതിരുന്നത് എന്നാണ് സൈക്കിയയുടെ പ്രതികരണം

Sports Desk

വനിതാ ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യ ട്രോഫി വാങ്ങാതെ മടങ്ങിയ നടപടിയില്‍ ചര്‍ച്ചകള്‍ തുടരുന്നു. ഏഷ്യാകപ്പ് ജേതാക്കളായതിന് പിന്നാലെ കിരീടം സ്വീകരിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതായി വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ രംഗത്തെത്തി. ബിസിസിഐ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിരാകരിച്ചതോടെയാണ് ട്രോഫി കൈപ്പറ്റാതിരുന്നത് എന്നാണ് സൈക്കിയയുടെ പ്രതികരണം.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന കര്‍ശന നിലപാടില്‍ മാറ്റമില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. എസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് സമ്മാനദാനം നിര്‍വഹിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ദേശം എസിസി തള്ളിയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പുരുഷ ക്രിക്കറ്റ് ടീം കൈക്കൊണ്ട നിലപാട് തുടരുകയാണ് ബിസിസിഐ ചെയ്തത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായി സംസാരിച്ചിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനായ മൊഹ്സിന്‍ നഖ്വി പങ്കെടുത്താല്‍ ബഹിഷ്‌കരിക്കുമെന്ന് വ്യക്തിപരമായി എസിസി ചെയര്‍മാനെ അറിയിച്ചിരുന്നു. എന്നാല്‍ എസിസി അവരുടെ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. അതിനാല്‍ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു എന്നാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയുടെ വെളിപ്പെടുത്തല്‍. എസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് സാഹിബ് ആണ് സമ്മാനദാനം നടത്തിയിരുന്നതെങ്കില്‍ ഞങ്ങള്‍ പങ്കെടുക്കുമായിരുന്നു. ഇക്കാര്യവും ഞങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഞങ്ങളുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ല.'- സൈക്കിയ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ബിസിസിഐയുടെ നിലപാട് വളരെ വ്യക്തമാണ്. ഇന്ത്യ സൗഹൃദപരമായ ബന്ധത്തിലല്ലാത്ത ഒരു രാജ്യത്തെ മന്ത്രി കൂടിയാണ് എസിസി ചെയര്‍മാന്‍. പ്രത്യേകിച്ച് പഹല്‍ഗാം സംഭവത്തിന് ശേഷം. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് ടോട്ടല്‍ പിന്തുടര്‍ന്ന ശ്രീലങ്കയുടെ മറുപടി 111 റണ്‍സില്‍ അവസാനിച്ചതോടെയാണ് എട്ടാം വനിതാ ഏഷ്യ കപ്പ് കിരീടം ഇന്ത്യ നേടിയത്. 72 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്. 39 പന്തില്‍ നിന്ന് 68 റണ്‍സ് നേടി ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 39 പന്തില്‍ നിന്ന് 59 റണ്‍സ് നേടി സ്മൃതി മന്ദാനയും മികച്ച സ്‌കോര്‍ നേടി. ബാറ്റിങ്ങില്‍ ലങ്കന്‍ നായിക ചാമരി അത്തപ്പത്തു 36 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാലും ദീപ്തി ശര്‍മ മൂന്നും വിക്കറ്റ് നേടി. ഇന്ത്യയുടെ എട്ടാം വനിതാ ഏഷ്യ കപ്പ് കിരീടം കൂടിയാണിത്. 2024 ല്‍ തങ്ങളെ തോല്‍പ്പിച്ച് ആദ്യ കിരീടം നേടിയ ശ്രീലങ്കയോടുള്ള പകരം വീട്ടല്‍ കൂടിയായിരുന്നു ഇന്ത്യയുടേത്.

The BCCI says India had informed the Asian Cricket Council (ACC) that the Indian women’s cricket team would skip the Women’s Asia Cup 2026 trophy presentation ceremony if the trophy was handed over by Pakistan Cricket Board (PCB) chief Mohsin Naqvi. BCCI secretary Devajit Saikia said the board personally conveyed its position to the ACC chairman, but the ACC did not agree to change the arrangement. According to Saikia, India therefore had no option but to stay away from the presentation ceremony.