Cricket

അവസാന മൂന്ന് ടി20യിലും നിരാശ, സഞ്ജു 'അപകട മുനമ്പിൽ'; അടുത്ത രണ്ട് മത്സരങ്ങൾ നിർണായകം

അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിൽ 5- 0, ഇംഗ്ലണ്ടിനെതിരായ ഒന്നാം മത്സരത്തിൽ ഒരു റൺസ്. ഇതാണ് സഞ്ജുവിന്റെ വ്യക്തിഗത സ്‌കോറുകൾ

Sports Desk

ഫോംഔട്ടിലൂടെ കടന്നുപോകുന്ന സഞ്ജു സാംസൺ, തിലക് വർമ എന്നിവർക്കു വരുന്ന ടി20 മത്സരങ്ങൾ അതീവ നിർണായകം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇരുവരും നിരാശപ്പെടുത്തിയതിനു പിന്നാലെയാണ് പ്ലേയിങ് ഇലവനിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നത്.

ലോകകപ്പ് ഹീറോയായ സഞ്ജു കഴിഞ്ഞ മൂന്ന് ടി20 മത്സരങ്ങളിലും നിരാശപ്പെടുത്തി. അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിൽ 5, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ വ്യക്തിഗത സ്‌കോറുകൾ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഏഴ് പന്തുകൾ നേരിട്ട് ഒരു റൺസെടുത്താണ് പുറത്താകൽ.

ബൗളിങ് പിച്ചുകളിൽ സഞ്ജു പതറുന്നു എന്നതാണ് ഇപ്പോൾ ഉയരുന്ന വിമർശനം. വേഗം കുറഞ്ഞതും ബൗൺസ് ഉള്ളതുമായ പിച്ചുകളിൽ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യാൻ സഞ്ജുവിനു സാധിക്കാത്തത് ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടാൻ കാരണമാകും. മാത്രമല്ല സഹഓപ്പണർ അഭിഷേക് ശർമ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്നതും സഞ്ജുവിന്റെ സ്ഥാനത്തിനു വെല്ലുവിളിയാണ്.

സഞ്ജുവിനെ പോലെ തന്നെ ടീമിലെ സ്ഥാനം തുലാസിൽ ആയിരിക്കുന്നത് ഉപനായകൻ കൂടിയായ തിലക് വർമയുടേതാണ്. സമീപകാലത്തായി തിലക് നേരിടുന്ന വിമർശനം ടി20 ഫോർമാറ്റിലെ മെല്ലെപ്പോക്കാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ 10 പന്തിൽ 13 റൺസാണ് തിലകിന്റെ സമ്പാദ്യം. അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ 21 പന്തുകൾ നേരിട്ടാണ് 19 റൺസെടുത്തത്. അയർലൻഡിനെതിരായ രണ്ടാം ടി20യിൽ 55 റൺസെടുത്തെങ്കിലും നേരിട്ട പന്തുകളുടെ എണ്ണം 46 ! ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയുടെ എ ടീമിനെ നയിച്ചത് തിലക് ആണ്. ശ്രീലങ്ക എ ടീമിനെതിരായ ഫൈനലിൽ 90 പന്തുകൾ നേരിട്ടാണ് തിലക് 67 റൺസ് നേടിയത്.

ടി20 യിൽ സ്‌ട്രൈക് റേറ്റ് ഏറെ പ്രധാനമാണ്. അതിവേഗം സ്‌കോർ ചെയ്താൽ മാത്രമേ കളിയിൽ ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കൂ. എന്നാൽ തിലകിനു കഴിഞ്ഞ കുറേകാലമായി ഇത് സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ട് ടി20 മത്സരങ്ങളിൽ കൂടി സഞ്ജുവിനും തിലകിനും പരിശീലകൻ ഗൗതം ഗംഭീർ അവസരം നൽകിയേക്കുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരുടെയും ടി20 ഭാവി കൂടി നിർണയിക്കുന്ന മത്സരങ്ങളായിരിക്കും അത്. ബെഞ്ചിൽ അവസരം കാത്തിരിക്കുന്ന വൈഭവ് സൂര്യവൻശിയായിരിക്കും സഞ്ജുവും തിലകും തുടർന്നും നിരാശപ്പെടുത്തിയാൽ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുക.

Sanju Samson and Tilak Varma face a crucial phase in their T20 careers after poor performances against Ireland and England. Sanju has struggled on seaming, bouncy pitches, scoring just six runs across his last three T20 innings, while Tilak has been criticised for his slow strike rate despite getting starts. Reports suggest head coach Gautam Gambhir could give both players two more opportunities against England. Continued failures may open the door for Vaibhav Suryavanshi to break into India's playing XI.