Cricket

ഹാഗ്ലി ഓവലിലെ പിച്ച് ആരെ തുണയ്ക്കും? ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ടോസും മത്സരദിവസത്തെ കാലാവസ്ഥയും ഇരു ടീമുകളുടെയും അന്തിമ ഇലവനെ സ്വാധീനിച്ചേക്കാം.

Sports Desk

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിന് ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ തുടക്കമാകും. കിവീസിനെ നേരിടുന്നതിനൊപ്പം അവിടത്തെ പേസ് സാഹചര്യങ്ങളുമായി എന്നതും ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ക്രൈസ്റ്റ്ചർച്ചിലെ ഹാ​ഗ്ലി ഓവലിൽ മികച്ച സ്വിങ്ങും അധിക ബൗൺസും ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ബാറ്റിങിന് അനുകൂലമായ പിച്ചുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യമാണിത്. പരമ്പരയിൽ ശക്തമായ തുടക്കം കുറിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിലും ക്രൈസ്റ്റ്ചർച്ചിലെ സാഹചര്യങ്ങൾ തുടക്കത്തിൽ വലിയ വെല്ലുവിളിയായേക്കാം.

ക്രൈസ്റ്റ്ചർച്ചിലെ ഹാ​ഗ്ലി ഓവൽ സീം ബൗളർമാർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നതിന് പേരുകേട്ടതാണ്. കാലാവസ്ഥ തണുത്തതോ മേഘാവൃതമോ ആകുമ്പോൾ പിച്ചിൽ പന്തിന് മികച്ച ചലനവും അധിക ബൗൺസും ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇരു ടീമുകൾക്കും മത്സരത്തിന്റെ ആദ്യ ഓവറുകൾ നിർണായകമാകും. സ്വന്തം നാട്ടിലെ ബാറ്റിങിന് അനുകൂലമായ പിച്ചുകളിൽ കളിച്ച ശേഷം എത്തുന്ന ഇന്ത്യൻ ബാറ്റർമാർക്ക് ഇവിടെ തങ്ങളുടെ ശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം.

ന്യൂസിലൻഡ് പേസർമാർ പന്തിന്റെ തുടക്കത്തിലുള്ള ചലനം മുതലെടുക്കാൻ ശ്രമിക്കുമ്പോൾ, കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ് ആതിഥേയരെ സമ്മർദ്ദത്തിലാക്കാനായിരിക്കും ഇന്ത്യൻ ബൗളർമാർ ലക്ഷ്യമിടുക. ടോസും മത്സരദിവസത്തെ കാലാവസ്ഥയും ഇരു ടീമുകളുടെയും അന്തിമ ഇലവനെ സ്വാധീനിച്ചേക്കാം. പ്രത്യേകിച്ച് ഒരു അധിക സ്പിന്നറെ വേണമോ അതോ പേസറെ വേണമോ എന്ന കാര്യത്തിൽ.

സഞ്ജു സാംസണും അഭിഷേക് ശർമ്മയും അടങ്ങുന്ന ഓപ്പണിങ് ജോഡിയുടെ പ്രകടനം, ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വം, ബൗളിങ് നിരയിലെ സന്തുലിതാവസ്ഥ എന്നിവ ആദ്യ മത്സരത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. ഓപ്പണിങ് ജോഡിയിൽ മാറ്റമുണ്ടാകില്ലെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ ഇടംനേടാൻ ഇനിയും ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. ഒരു സ്ഥിരപ്പെട്ട ടീം ഘടനയിലേക്ക് തിരക്കിട്ട് ഉൾപ്പെടുത്തുന്നതിനേക്കാൾ, വൈഭവിന്റെ വളർച്ചയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി.

"അവനെപ്പോലൊരു പ്രതിഭ ഡ്രസ്സിങ് റൂമിൽ എപ്പോഴും സന്തോഷവാനായിരിക്കേണ്ടത് പ്രധാനമാണ്," അയ്യർ പറഞ്ഞു. "നമ്മുടെ ഓപ്പണർമാർ സ്ഥിരതയോടെ റൺസ് കണ്ടെത്തുകയും ലോകകപ്പ് നേടുകയും ചെയ്ത സാഹചര്യത്തിൽ, അവന് പെട്ടെന്ന് ടീമിലേക്ക് കടന്നുവരാൻ കഴിയില്ല. അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ ലഭിക്കാൻ ഇനിയും ധാരാളം വർഷങ്ങളുണ്ട്."- ശ്രേയസ് അയ്യർ പറയുന്നു.

ഈ വർഷം ആദ്യം ഇം​ഗ്ലണ്ട്, അയർലണ്ട് പര്യടനങ്ങൾക്കുള്ള ടീമുകളിൽ ഇടംനേടിയ ശേഷം ഇന്ത്യ കളിച്ച് 21 ടി20 മത്സരങ്ങളിൽ എട്ടെണ്ണത്തിൽ വൈഭവ് കളിച്ചിട്ടുണ്ട്. ഏഷ്യൻ ​ഗെയിംസിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക് മാറിയപ്പോൾ വൈഭവിന് ഓപ്പണറായി കളിക്കാൻ അവസരം ലഭിച്ചിരുന്നു. വിദേശ സാഹചര്യങ്ങളിൽ കളിക്കുന്നത് വ്യത്യസ്ത പിച്ചുകളെ എങ്ങനെ സമീപിക്കണമെന്നും ഭാവിയിലെ അവസരങ്ങൾക്കായി എങ്ങനെ തയ്യാറെടുക്കണമെന്നും മനസ്സിലാക്കാൻ വൈഭവിനെ സഹായിക്കുമെന്നാണ് ശ്രേയസ് അയ്യരുടെ വിലയിരുത്തൽ. അടുത്ത തവണ ഇത്തരം സാഹചര്യങ്ങളിൽ കളിക്കാൻ വരുമ്പോൾ അവൻ നന്നായി തയ്യാറെടുത്തിട്ടുണ്ടാകുമെന്നും മറ്റ് അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാൻ അവന് സാധിക്കുമെന്നും ശ്രേയസ് കൂട്ടിച്ചേർത്തു.

അതേസമയം, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഈ പരമ്പരയുടെ മറ്റൊരു സിവശേഷത. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പം തുടർച്ചയായി ഐപിഎൽ കിരീടങ്ങൾ നേടിയ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ടീമിലെത്തിയ ഈ മുപ്പത്തിയാറുകാരൻ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂസിലാൻഡിലെ ബൗൺസ് കൂടുതലുള്ള പിച്ചുകളിൽ സ്വിങ് കണ്ടെത്താനും റൺസ് വിട്ടുനൽകുന്നത് നിയന്ത്രിക്കാനും ഭുവനേശ്വറിന് സാധിക്കും.

അർഷ്ദീപ് സിങിനൊപ്പം പ്രിൻസ് യാദവോ വരുൺ ചക്രവർത്തിയോ ആകും ബൗളിങ് നിരയെ നയിക്കുക. സ്പിന്നറായി അക്സർ പട്ടേലും, ഓൾറൗണ്ടർമാരായി ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നിവരും ടീമിലിടം കണ്ടെത്തും.

പ്ലെയിങ് ഇലവൻ സാധ്യതാപട്ടിക

ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്/വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്.

ന്യൂസിലാൻഡ്: ഫിൻ അലൻ, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഡെവോൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരൽ മിച്ചൽ, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ.

India kicks off their New Zealand T20I tour with the first match at Christchurch's Hagley Oval, a venue known for its pace and bounce. Captain Shreyas Iyer confirmed that the Sanju Samson and Abhishek Sharma opening pair will remain unchanged, delaying the debut of 15-year-old prodigy Vaibhav Suryavanshi. The match also highlights the highly anticipated return of veteran pacer Bhuvneshwar Kumar to international cricket after a four-year gap. As both teams prepare for seam-friendly conditions, adapting to the pitch will be crucial for the Indian batters and bowlers.