Cricket

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനം; : ഗില്ലിന്റെ ക്യാപ്റ്റൻസിയെയും ഇന്ത്യൻ ടീമിനെയും രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

പരമ്പരയിൽ രണ്ട് വിജയങ്ങൾ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ഒരു ജയം കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വന്നു.

Sports Desk

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ സമനില വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിനെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഗ്രൗണ്ടിൽ ഇന്ത്യൻ താരങ്ങൾക്ക് യാതൊരു ഊർജവും ഉണ്ടായിരുന്നില്ലെന്നും, മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഈ മത്സരത്തിന്റെ ഫലം തീർച്ചയായും മറ്റൊന്നാകുമായിരുന്നു എന്നും കൈഫ് പറഞ്ഞു.

​ഗൗതം ​ഗംഭീർ പരിശീലകനായ ഇന്ത്യൻ ടീം ആദ്യ ഇന്നിങ്സിൽ 509 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യ ഫോളോ ഓണിന് അയച്ചെങ്കിലും അവസാന ദിവസം അവരെ പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. പരമ്പരയിൽ രണ്ട് വിജയങ്ങൾ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ഒരു ജയം കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വന്നു.

ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമിലെ കളിക്കാരുടെ മുഖത്തേക്ക് നോക്കൂ, അവർക്ക് യാതൊരു ഊർജവും ഉണ്ടായിരുന്നില്ല എന്നാണ് കൈഫ് പറയുന്നത്. ''ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് എല്ലാവർക്കും എളുപ്പമുള്ള കാര്യമല്ല. അതൊരു വലിയ ഫോർമാറ്റാണ്. തുടർച്ചയായി പന്തെറിഞ്ഞു കൊണ്ടേയിരിക്കണം. വിരാട് കോഹ്‌ലിയെപ്പോലൊരാൾ ഈ മത്സരം കളിച്ചിരുന്നെങ്കിൽ, നിരന്തരം ഇടപെടലുകൾ നടത്തി ടീമിനെ എപ്പോഴും ഉണർവോടെ നിലനിർത്തുമായിരുന്നു. പന്ത് നന്നായി ടേൺ ചെയ്യുന്നതുകൊണ്ട് വിക്കറ്റുകൾ തനിയെ വീഴുമെന്ന ചിന്തയിൽ പലപ്പോഴും ടീം കാര്യങ്ങളെ നിസ്സാരവൽക്കരിച്ചതായി എനിക്ക് തോന്നി." തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ കൈഫ് വ്യക്തമാക്കി.

സഹതാരങ്ങൾക്ക് ആവേശം നൽകി കോഹ്‍ലിയെ പോലൊരു അന്തരീക്ഷം സൃഷ്ടിക്കാൻ ​ഗില്ലിന് കഴിയാതെ വന്നതോടെ, രണ്ടാം ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ ഊർജസ്വലതയില്ലായ്മയെയും കൈഫ് ചോദ്യം ചെയ്തു. "മത്സരത്തിൽ നമ്മുടെ ഭാഗത്ത് നിന്ന് കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. ടീമിന്റെ ഊർജവും വളരെ കുറവായിരുന്നു. വിരാട് കോഹ്‌ലി ഈ ടെസ്റ്റ് മത്സരം കളിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് ഞാൻ പറയാൻ കാരണമിതാണ്. 'കമോൺ സർഫറാസ്, കമോൺ ജയ്‌സ്വാൾ' എന്നൊക്കെ പറഞ്ഞ് അദ്ദേഹം എല്ലാവർക്കും ആവേശം പകരുകയും, അതുപോലെ സോണലിനെതിരെ ആക്രമണോത്സുകത കാണിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നമ്മൾ ആരുമായാണ് ഏറ്റുമുട്ടിയത്? കുമാരയുമായാണ് നമ്മൾ കൊമ്പുകോർത്തത്."

ശ്രീലങ്കൻ താരം സോണൽ ഡിനുഷ ക്രീസിൽ നിൽക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ യാതൊരു ആക്രമണോത്സുകതയും കാണിച്ചില്ല എന്നതും കൈഫ് ചൂണ്ടിക്കാട്ടി. ''നമ്മൾ ശരിക്കും പുറത്താക്കേണ്ടിയിരുന്നത് സോണലിനെയാണ്. അവരുടെ മുഖത്തേക്ക് നോക്കൂ എന്ന് സ്വന്തം ഭാഷയിൽ അയാൾ കുമാരയോട് പറയുന്ന ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. യാതൊരു സമ്മർദ്ദവുമില്ലാതെയാണ് അയാൾ ബാറ്റ് വീശിയതെന്ന് അയാളുടെ ആധിപത്യത്തിൽ നിന്നുതന്നെ വ്യക്തമാണ്'', കൈഫ് പറഞ്ഞു.

ഇത് വ്യക്തമാക്കുന്നത് ഇന്ത്യൻ താരങ്ങളിൽ നിന്ന് യാതൊരു സമ്മർദ്ദവും ശ്രീലങ്കൻ ബാറ്റർമാർക്ക് നേരിടേണ്ടി വന്നില്ല എന്നാണ്. ഗ്രൗണ്ടിൽ രോഹിത് ശർമ്മ, എം എസ് ധോണി, രവിചന്ദ്രൻ അശ്വിൻ, വിരാട് കോഹ്‌ലി എന്നിവരെപ്പോലെയുള്ള താരങ്ങൾ നിൽക്കുമ്പോൾ എതിരാളികൾക്ക് വലിയ ഭയവും സമ്മർദ്ദവും ഉണ്ടാകുമായിരുന്നു. എന്നാൽ ആ ഒരു സമ്മർദ്ദം നിലവിലെ ടീമിന് സൃഷ്ടിക്കാൻ സാധിച്ചില്ല.

പുതിയ ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മാൻ ​ഗില്ലിന്റെ നായക പദവിയെയും കൈഫ് ചോദ്യം ചെയ്തു. മത്സരത്തിന്റെ അവസാന ദിവസം പ്രതിസന്ധി നേരിട്ടപ്പോൾ ​ഗിൽ മറ്റ് കളിക്കാരുടെ സഹായത്തിനായി തിരയുന്നത് പോലെയാണ് തോന്നിയത്. ടീമിൽ കെ എൽ രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ ഉണ്ടായിരുന്നിട്ടും ​ഗ്രൗണ്ടിൽ കൃത്യമായ ഒരു നേതൃപാടവം ആർക്കും ഉണ്ടായിരുന്നില്ല. കൂടാതെ, ബോളർമാരെ കൃത്യമായി ഉപയോ​ഗിക്കുന്നതിലും ​ഗില്ലിന് പിഴവ് സംഭവിച്ചു. രഞ്ജി ട്രോഫി പോലെയുള്ള സുപ്രധാന ആഭ്യന്തര ടൂർണമെന്റുകളിൽ ക്യാപ്റ്റനായി പ്രവർത്തിച്ച് പരിചയമില്ലാത്തത് ​ഗില്ലിന് വലിയൊരു പോരായ്മയാണെന്നും കൈഫ് വ്യക്തമാക്കി.

വെറും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ മാത്രമാണ് ​ഗിൽ ഇതിന് മുൻപ് നായകനായിട്ടുള്ളത്. വൈറ്റ് ബോൾ ക്രിക്കറ്റിലും ഐപിഎല്ലിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പവും അദ്ദേഹം ക്യാപ്റ്റനായിട്ടുണ്ടെങ്കിലും, അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലെ നായകത്വം അതിൽ നിന്നെല്ലാം പൂർണ്ണമായും വ്യത്യസ്തമാണ്. സാധാരണയായി പുതിയ ക്യാപ്റ്റന്മാർ മുതിർന്ന താരങ്ങളുടെ കീഴിൽ നിന്ന് കുറച്ചു കാലം കാര്യങ്ങൾ പഠിച്ച ശേഷമാണ് പൂർണ്ണ ചുമതല ഏറ്റെടുക്കാറുള്ളത്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ പരിചയക്കുറവ് ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ വ്യക്തമായി കാണാനുണ്ടെന്നും കൈഫ് കൂട്ടിച്ചേർത്തു.

Former Indian cricketer Mohammad Kaif criticized Shubman Gill's captaincy and Team India's lack of energy following their draw against Sri Lanka in the second Test. Kaif pointed out Gill's lack of red-ball leadership experience and stated the team looked helpless on the final day. He emphasized that India sorely missed Virat Kohli's aggression and on-field intensity, which could have maintained pressure on the Sri Lankan batters and potentially altered the match's outcome.