ലോക ജനസംഖ്യയിൽ ക്രിക്കറ്റിനെ അപേക്ഷിച്ച് ഫുട്ബോളിനാണ് കൂടുതൽ ആരാധകരുള്ളതെങ്കിലും ഇന്ത്യയിൽ ക്രിക്കറ്റിനാണ് കൂടുതൽ ഫാൻബൈസ്. ഫുട്ബോൾ ലോകകപ്പിന് കേവലം 10 ദിവസംമാത്രം ബാക്കിനിൽക്കെ കഴിഞ്ഞ ദിവസങ്ങളിലാണ് ലൈവ് ടെലികാസ്റ്റിന്റെ കാര്യത്തിൽപോലും തീരുമാനമായതെന്നത് ഇതിന്റെ ഏകദേശ ചിത്രം നൽകും. ഫുട്ബോളിന് ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽമാത്രമേ വേരോട്ടമൊള്ളൂ എങ്കിൽ ക്രിക്കറ്റിന് 28 സംസ്ഥാനങ്ങളിലും ആരാധകരും കളിക്കാരും ഉണ്ട്. പതിറ്റാണ്ടുകളായി ക്രിക്കറ്റ് സ്പിരിറ്റിൽമാത്രം ഊന്നൽ കൊടുത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റിൽ അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐയുടെ തലപ്പത്തേക്ക് വന്നതോടെ മതാധിഷ്ഠിത ബോർഡായി മാറിയെന്ന് പരക്കെ വിമർശനമുണ്ട്.
രാജ്യത്തെ മുഴുവൻ മേഖലകളിലും സംഘ്പരിവാർ കടന്നു കയറുന്ന സമീപ ഇന്ത്യയിലെ രാഷ്ട്രീയ കാഴ്ച്ചകളാണ് അടുത്തായി ക്രിക്കറ്റിലും കാണാൻ കഴിയുന്നത്. തങ്ങൾക്ക് സ്വാധീനമുള്ളിടത്ത് ഹിന്ദുത്വ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ മതാത്മകമായ ഘടകങ്ങൾ കൂടുതലായി കലർത്തപ്പെടുന്നു എന്ന ചർച്ചകളും ആരോപണങ്ങളും സമീപകാലത്തായി ശക്തമാണ്. താരങ്ങളടെ പേര് നോക്കിയുള്ള ആരാധകരുടെ അധിക്ഷേപങ്ങളും സോഷ്യൽമീഡിയ അക്രമങ്ങളും അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം വർഗീയ പ്രവണതക്കെതിരെ ബിസിസിഐ ഔദ്യേഗികമായി ഒരു പ്രസ്താവനപോലും നടത്തിയില്ല എന്നതും പല സമയങ്ങളായി വാർത്തയാകാറുണ്ട്.
ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം ബിസിസിഐ ഭാരവാഹികളും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് ട്രോഫി അഹമ്മദാബാദിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചത് വലിയ ചർച്ചയായിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ കീർത്തി ആസാദ് ഇതിനെ പരസ്യമായി വിമർശിച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിൽ എല്ലാ മതസ്ഥരും ഉള്ളതിനാൽ ട്രോഫിയെ ഒരു പ്രത്യേക മതത്തിലേക്ക് മാത്രം ക്രിക്കറ്റിനെ ചുരുക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഐപിഎൽ ഫൈനൽ
ഇന്ത്യൻ ക്രിക്കറ്റിൽ സംഘ്പരിവാർ അവസാനമായി നടപ്പിലാക്കിയ അടിച്ചേൽപ്പിക്കലായിരുന്നു ഇന്നലെ ഐപിഎൽ ഫൈനൽ മത്സര വേദിയിയായ അഹമദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്നത്. ഉദ്ഘാടന വേദിയിലും ഇടവേളകളിലും ഡ്രോണുകളും ലേസറുകളും ഉപയോഗിച്ച് ആകാശത്ത് ഭീമാകാരമായ ശിവരൂപങ്ങൾ പ്രദർശിപ്പിച്ചും ശിവതാണ്ഡവ ഗാനങ്ങൾ ആലപിച്ചുമായിരുന്നു ഇന്നലെ ഫൈനൽ മത്സരം നടന്നത്. ശിവരൂപം, ശിവലിംഗം, ത്രിശൂലം, ഡമരു തുടങ്ങിയവയായിരുന്നു ലൈറ്റ് ഷോയുടെ പ്രമേയങ്ങൾ.
പത്മശ്രീ പുരസ്കാര ജേതാവായ കൈലാഷ് ഖേറാണ് തന്റെ പ്രശസ്തമായ ശിവഭക്തി ഗാനങ്ങൾ ആലപിച്ചതും വിവാദത്തിന് കാരണമായി. തന്റെ പ്രശസ്തമായ ബം ലഹരി, ഓം നമശിവായ തുടങ്ങിയ ശിവതാണ്ഡവ സ്തുതികളാണ് കൈലേഷ് ആലപിച്ചത്. ആരാധകർ എഴുന്നേറ്റുനിന്ന് നൃത്തം ചെയ്യുകയും ഹരഹര മഹാദേവ് മന്ത്രങ്ങൾ മുഴക്കുകയും ചെയ്തിരുന്നു.
കായിക വിനോദത്തിലേക്ക് മതചിഹ്നങ്ങളെ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കരുതെന്നാണ് സോഷ്യൽ മീഡിയയിലെ വിവാദത്തിന്റെ കാതൽ. ടൂർണമെന്റിന്റെ തുടക്കത്തിൽ ഓപ്പണിങ് സെറിമണി ബിസിസിഐ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഭക്തി പരിപാടികൾ മതിയെന്ന് തീരുമാനം മാറ്റുകയായിരുന്നു.
English Summary: The IPL 2026 final drew criticism after its entertainment segment featured large-scale Shiva-themed drone displays and devotional performances by singer Kailash Kher. Critics on social media argued that religious symbolism is becoming increasingly prominent in Indian cricket and questioned its place in a sporting event watched by people of all faiths. The debate comes amid broader discussions about the influence of religion and politics in cricket administration.