Cricket

പകരക്കാരനില്ല, തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളർ; ബുംറയെക്കുറിച്ച് സഞ്ജു സാംസൺ

അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് തുടങ്ങിയ യുവ പേസ് ബൗളർമാരിൽ പ്രതീക്ഷയുണ്ടെന്നും അവർക്ക് കൂടുതൽ പിന്തുണയും അവസരവും നൽകിയാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും സഞ്ജു.

Sports Desk

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്കിടെ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ അഭാവം വീണ്ടും സജീവ ചർച്ചയാകുന്നു. പരമ്പരയിൽ ഉയർന്ന സ്കോറുകൾ പ്രതിരോധിക്കാൻ ടീം ഇന്ത്യ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകൾ ബുംറയുടെ അസാന്നിധ്യത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ, ടീമിൽ ജസ്പ്രീത് ബുംറയ്ക്ക് തുല്യനായ മറ്റൊരു പകരക്കാരനില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം സഞ്ജു സാംസൺ.

ബുംറ തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളറാണെന്നും അദ്ദേഹത്തെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണെന്നും സഞ്ജു പറഞ്ഞു. കൂടാതെ അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് തുടങ്ങിയ യുവ പേസ് ബൗളർമാരിൽ പ്രതീക്ഷയുണ്ടെന്നും അവർക്ക് കൂടുതൽ പിന്തുണയും അവസരവും നൽകിയാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും സഞ്ജു കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനെതിരെ 24 റൺസിന് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

പരമ്പരയിലെ രണ്ടാം മത്സരത്തിൽ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെടുത്ത് വിജയം കൈവരിച്ചിരുന്നു . മൂന്നാം മത്സരത്തിൽ 223 റൺസ് പ്രതിരോധിച്ച് ഇന്ത്യ തിരിച്ചുവന്നെങ്കിലും നാലാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വീണ്ടും ബാറ്റിങ് കരുത്ത് തെളിയിച്ചു. ഷായ് ഹോപ്പിന്റെ പുറത്താകാതെയുള്ള സെഞ്ച്വറിയുടെ മികവിൽ വെസ്റ്റ് ഇൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു.

248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി. ഒക്ടോബർ 17-നാണ് അവസാന മത്സരം.

നാലാം മത്സരത്തിൽ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമായത് തിലക് വർമ്മയുടെ പുറത്താകലാണെന്നും സഞ്ജു കൂട്ടിച്ചേർത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ തിലക് വർമ്മയും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന കൂട്ടുകെട്ട് വിജയപ്രതീക്ഷയിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. 19 പന്തിൽ 48 റൺസ് എന്ന നിലയിലേക്ക് ഇരുവരും ഇന്ത്യയെ എത്തിച്ചെങ്കിലും തിലകിന്റെ വിക്കറ്റ് നഷ്ടമായതോടെ മത്സരത്തിന്റെ ഗതി മാറിമറിഞ്ഞു.

സമ്മർദ്ദഘട്ടത്തിലും മികച്ച രീതിയിൽ ബാറ്റ് ചെയ്ത് വെസ്റ്റ് ഇൻഡീസ് ബൗളർമാരെ നേരിട്ട യുവതാരങ്ങളുടെ പ്രകടനത്തെ സഞ്ജു പ്രശംസിച്ചു. അതേസമയം, ട്വന്റി-20 ക്രിക്കറ്റിൽ 200-ലധികം റൺസ് വിജയലക്ഷ്യം കാത്തുസൂക്ഷിക്കുന്നതിൽ ഇന്ത്യൻ ടീം നേരിടുന്ന തിരിച്ചടികൾ ക്രിക്കറ്റ്‌ ലോകത്ത് വലിയ ചർച്ചയാകുന്നുണ്ട്. വെസ്റ്റ് ഇൻഡീസിനെ പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിക്കാതെ പോയത് ടീം നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. ബുംറയുടെ അഭാവമാണ് ബോളിംഗ് നിരയെ സാരമായി ബാധിക്കുന്ന പ്രധാന ഘടകം. ഡെത്ത് ഓവറുകളിലെ അദ്ദേഹത്തിന്റെ മാന്ത്രിക സ്പെല്ലുകൾ ഇല്ലാത്തപ്പോൾ, എതിർ ടീമുകൾക്കെതിരെ റൺസ് നിയന്ത്രിക്കാൻ മറ്റ് ബൗളർമാർ പാടുപെടുന്നുണ്ട്.

Sanju Samson said there is no replacement for Jasprit Bumrah, describing him as a once-in-a-generation bowler. Following India’s 24-run defeat to West Indies in the fourth T20I, Samson praised young pacers Arshdeep Singh and Prince Yadav, while identifying Tilak Varma’s dismissal as the turning point in India’s unsuccessful chase.