ഫിറ്റ്‌നസിന്റെ പേരില്‍ കേട്ട പഴികള്‍ മായ്ച്ച് ഒരു അത്യുഗ്രന്‍ തിരിച്ചുവരവ്. ഓഗസ്റ്റ് 15 ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള എവേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള സര്‍ഫറാസ് ഖാന്റെ തിരിച്ചെത്തല്‍ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാകുന്നു. ശാരീരിക ഘടനയുടെ പേരില്‍ ആയിരുന്നു സര്‍ഫറാസ് പലപ്പോഴും തഴയപ്പെട്ടത്. രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടും ദേശീയ ടീമിലേക്ക് മതിയായ പരിഗണന ലഭിച്ചില്ല.
2024-ല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സര്‍ഫറാസ് ടീമില്‍ നിന്ന് പുറത്തായത്. എന്നാല്‍ തന്റെ പുതിയ രൂപത്തിലൂടെയും മെച്ചപ്പെട്ട ടി20 പ്രകടനത്തിലൂടെയും സെലക്ടര്‍മാരുടെ വിശ്വാസം നേടിയെടുത്താണ് ഇപ്പോഴത്തെ മടങ്ങിവരവ്. ഇന്ത്യ എ ടീമിനായി ഇംഗ്ലണ്ടില്‍ 92 റണ്‍സും സെഞ്ചുറിയും നേടി തന്റെ ഫോം തെളിയിച്ചിരുന്നു. ഇപ്പോള്‍, സായ് സുദര്‍ശനേറ്റ പരിക്കാണ് ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലേക്ക് സര്‍ഫറാസിന് ടീമിലേക്കുള്ള വഴി തുറന്നത്. ഈ പരിഗണയ്ക്കുള്ള സര്‍ഫാസിന്റെ യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിന് അനുയോജ്യമായ ശാരീരികക്ഷമതയില്ലെന്ന വിമര്‍ശനങ്ങളെ മറികടക്കാന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 17 കിലോ ഭാരമാണ് സര്‍ഫറാസ് കുറച്ചത്. ചിട്ടയായ ഡയറ്റാണ് ശരീരഭാരം കുറയ്ക്കാന്‍ സര്‍ഫറാസിനെ സഹായിച്ചത്. റൊട്ടി, ചോറ് എന്നിവയെല്ലാം കഴിക്കുന്നത് നിര്‍ത്തി. ബ്രോക്കളി, കാരറ്റ്, കക്കരി, സാലഡ്, പച്ചക്കറി സാലഡ് എന്നിവയെല്ലാമാണ് കഴിച്ചത്. അതൊടൊപ്പം ഗ്രില്‍ ചെയ്ത മീനും ചിക്കനും ബോയില്‍ ചെയ്ത ചിക്കനും മുട്ടയുമെല്ലാം കഴിച്ചു. അവൊക്കാഡോ, മുളപ്പിച്ച ചെറുപയര്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇതോടൊപ്പം ജിമ്മില്‍ ആഴ്ചയില്‍ ആറ് ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വര്‍ക്കൗട്ടും ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം ജോഗിങ്. തുടര്‍ന്ന് 30 മിനിറ്റ് നീന്തലും വര്‍ക്കൗട്ടില്‍ ഉണ്ടായിരുന്നു.
പ്രത്യേക പരിശീനവും ഇതിനിടെ താരം നടത്തിയിരുന്നു. മഴ മുംബൈയിലെ പരിശീലനത്തിന് തടസമായപ്പോള്‍ കശ്മിരിലേക്ക് മാറി. കശ്മീരിലെ ഷേര്‍-ഇ-കശ്മീര്‍ സ്റ്റേഡിയത്തില്‍ പോയി മണിക്കൂറുകളോളം പരിശീലനം നടത്തിയാണ് സര്‍ഫറാസ് തന്റെ മികവ് വീണ്ടെടുത്തത്. കൂടാതെ, മുംബൈയില്‍ ചുവന്ന മണ്ണുള്ള പിച്ചുകള്‍ വാടകയ്‌ക്കെടുത്തും ആസ്ട്രോ ടര്‍ഫ് വിക്കറ്റുകളിലും സ്പിന്‍ ബൗളിങ്ങിനെ നേരിടാന്‍ താരം പ്രത്യേക പരിശീലനവും നേടിയിരുന്നു. ബികെസിയിലെ എംസിഎ ഇന്‍ഡോര്‍ സൗകര്യത്തില്‍ ആസ്‌ട്രോ ടര്‍ഫ് വിക്കറ്റില്‍ സ്ലോ ബൗളര്‍മാര്‍ക്കെതിരെ തന്റെ കളിയുടെ സ്ഥിരത നിലനിര്‍ത്താന്‍ ആയിരുന്നു സമയം ഉപയോഗിച്ചത്.
ഭാരക്കൂടുതലിന്റെ പേരില്‍ ഏറെ പഴികേട്ട സര്‍ഫാസിന്റെ മികവ് തിരിച്ചറിഞ്ഞ സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ തിരിച്ചുവരവ്. തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ച ചിലര്‍ കളിക്കാന്‍ യോഗ്യതയില്ലാത്തവനെന്നുമായിരുന്നു ഉയര്‍ന്ന ആക്ഷേപം. എന്നാല്‍, ഒരു കളിക്കാരന്റെ പ്രകടനവും ക്രിക്കറ്റ് ഫിറ്റ്‌നസുമാണ് ശരീരഭാരത്തേക്കാള്‍ പ്രധാനമെന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെ നടത്തിയ പ്രതികരണം.
Sarfaraz Khan's determination has finally earned him another opportunity with India's Test team. Days before his recall, he had posted a message on social media acknowledging that he might not fit into the team's plans but promising to keep fighting. His persistence paid off when an injury to Sai Sudharsan opened a place in India's squad for the upcoming two-Test away series against Sri Lanka, beginning August 15. After waiting nearly two years, Sarfaraz now has another chance to prove himself at the international level.