Cricket

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍, ട്വന്റി 20 റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് സ്മൃതി മന്ദാന

171 ഇന്നിംഗ്‌സുകളില്‍ നിന്ന് 4,788 റണ്‍സ് തികച്ച മന്ദാന, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ സൂസി ബേറ്റ്‌സിന്റെ (4,758 റണ്‍സ്) റെക്കോര്‍ഡാന് മറികടന്നത്

Sports Desk

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലില്‍ ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ പ്രവേശിച്ചു. 114 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ഇന്ത്യ സ്വര്‍ണ്ണമെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍, മത്സരത്തില്‍ പുതിയൊരു ചരിത്രം പിറന്നു. വനിതാ ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ലോകറെക്കോര്‍ഡ് നേടി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ചരിത്രം കുറിച്ചത്.

ജപ്പാനിലെ കൊറോഗി അത്ലറ്റിക് പാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 19 പന്തില്‍ 37 റണ്‍സാണ് മന്ദാന നേടിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. ഈ പ്രകടനത്തോടെ 171 ഇന്നിംഗ്‌സുകളില്‍ നിന്ന് 4,788 റണ്‍സ് തികച്ച മന്ദാന, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ സൂസി ബേറ്റ്‌സിന്റെ (4,758 റണ്‍സ്) റെക്കോര്‍ഡാന് മറികടന്നത്. ഈ മാസമാദ്യം ദുബൈയില്‍ നടന്ന വനിതാ ഏഷ്യ കപ്പില്‍ ഹോങ്കോങ്ങിനെതിരെ 64 പന്തില്‍ 124 റണ്‍സ് നേടി സ്മൃതി അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും മുന്നിലെത്തിയിരുന്നു. 10,868 അന്താരാഷ്ട്ര റണ്‍സ് നേടിയിരുന്ന ഇന്ത്യന്‍ മുന്‍ നായിക മിതാലി രാജിന്റെ റെക്കോര്‍ഡാണ് മന്ദാന അന്ന് തകര്‍ത്തത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 49 പന്തില്‍ പുറത്താകാതെ 100 റണ്‍സ് നേടിയ ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടെ കന്നി ട്വന്റി20 സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. മൂന്ന് ഫോറുകളും ഒമ്പത് സിക്‌സറുകളും പറത്തിയ ഷെഫാലി, ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് തന്റെ അവിസ്മരണീയമായ സെഞ്ചുറി തികച്ചത്. ഷെഫാലിയുടെ മികവില്‍ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ബാറ്റിംഗ് നിരയ്ക്ക് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 15.4 ഓവറില്‍ വെറും 81 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടായി.

ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ചാമ്പ്യന്മാരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. രണ്ടാം സെമിഫൈനലില്‍ പാകിസ്താനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ശ്രീലങ്ക ഫൈനലില്‍ എത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ ശ്രീലങ്ക മറികടന്നു. 50 പന്തില്‍ 83 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ചമരി അത്തപ്പത്തുവാണ് ലങ്കന്‍ വിജയത്തിന് നേതൃത്വം നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍, ആയിഷ സഫര്‍, ഷവാല്‍ സുല്‍ഫിക്കര്‍ എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു.

അതേസമയം, കഴിഞ്ഞ ആഴ്ച നടന്ന ഏഷ്യ കപ്പ് ഫൈനലിന്റെ ആവര്‍ത്തനമായിരിക്കും ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണമെഡല്‍ പോരാട്ടം. അന്നത്തെ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ എട്ടാം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. അതേസമയം, വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ പാകിസതാന്‍ ബംഗ്ലാദേശിനെ നേരിടും.

India stormed into the women’s cricket final at the 2026 Asian Games, defeating Bangladesh by 114 runs in the semifinal at Korogi Sports Park in Nisshin, Japan. India posted 195/4, powered by Shafali Verma’s unbeaten 100 off 49 balls, while Bangladesh were bowled out for 81 in 15.4 overs. Shafali’s century was the first-ever hundred in Asian Games cricket. The match also saw Smriti Mandhana create a major T20I record. Her 37 off 19 balls took her career tally to 4,788 runs, moving her past New Zealand’s Suzie Bates (4,758) to become the leading run-scorer in women’s T20I cricket. Mandhana also recently surpassed Mithali Raj as the leading Indian run-scorer in international cricket.