Cricket

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും സ്പാനിഷ് കരുത്ത്; തകർന്നത് ഓസ്ട്രേലിയയുടെ ചരിത്രനേട്ടം

റിക്കി പോണ്ടിങിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ ടീം കുറിച്ച റെക്കോർഡാണ് സ്പെയിന്റെ കുതിപ്പിൽ പഴങ്കഥയായത്

Sports Desk

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും തങ്ങളുടെ കരുത്ത് തെളിയിച്ച് സ്പെയിൻ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീം എന്ന ഓസ്ട്രേലിയയുടെ ദീർഘകാലമായുള്ള ചരിത്ര നേട്ടമാണ് സ്പെയിൻ ഇപ്പോൾ മറികടന്നിരിക്കുന്നത്. ടി20 ഫോർമാറ്റിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ മികച്ച വിജയം നേടിയതോടെയാണ് സ്പെയിൻ തങ്ങളുടെ ഇരുപത്തിയൊന്നാമത്തെ തുടർച്ചയായ അന്താരാഷ്ട്ര വിജയം കരസ്ഥമാക്കി ഈ റെക്കോർഡ് തിരുത്തിക്കുറിച്ചത്.

യൂറോപ്പ് സബ് റീജിയണൽ ക്വാളിഫയർ സി മത്സരത്തിൽ ഫിൻലാൻഡിനെതിരെ 132 റൺസിന്റെ വമ്പൻ വിജയം നേടിയാണ് സ്പെയിനിന്റെ മുന്നേറ്റം. ഐസിസിയുടെ ടി20 ക്രിക്കറ്റിൽ 28-ാം സ്ഥാനത്തുള്ള സ്പെയിൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു തോൽവി പോലും ഏറ്റുവാങ്ങിയിട്ടില്ല. ഐൽ ഓഫ് മാനെതിരായ വിജയത്തോടെയാണ് ഈ അവിശ്വസനീയ കുതിപ്പ് ആരംഭിച്ചത്. ഈ കാലയളവിൽ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഫിൻലാൻഡ് തുടങ്ങിയ നിരവധി രാജ്യങ്ങളെ സ്പെയിൻ പരാജയപ്പെടുത്തിയിട്ടുണ്ട്.

മുൻ ഇതിഹാസ താരം റിക്കി പോണ്ടിങിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ ടീം കുറിച്ച റെക്കോർഡാണ് സ്പെയിന്റെ കുതിപ്പിൽ പഴങ്കഥയായത്. 2003-ൽ ഇന്ത്യക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ ഉൾപ്പെടെ തുടർച്ചയായി 17 ഏകദിന മത്സരങ്ങളിലും, പിന്നീട് വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായി 3 ടെസ്റ്റ് മത്സരങ്ങളിലും വിജയിച്ചുകൊണ്ട് ഓസ്ട്രേലിയ ആകെ 20 അന്താരാഷ്ട്ര വിജയങ്ങൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാൽ 2024-ൽ തുടർച്ചയായി 14 വിജയങ്ങളോടെ ടി20 ഫോർമാറ്റിലെ വിജയ റെക്കോർഡ് സ്പെയിൻ സ്വന്തമാക്കി. തുടർന്ന് 2025-ൽ ആറ് വിജയങ്ങൾ കൂടി നേടി ഓസ്ട്രേലിയയുടെ റെക്കോർഡിനൊപ്പമെത്തിയ അവർ, 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഫിൻലാൻഡിനെ തകർത്ത് ക്രിക്കറ്റ് ചരിത്രത്തിലെ ലോകറെക്കോർഡ് പൂർണ്ണമായും തങ്ങളുടെ പേരിലാക്കി മാറ്റി.

2024-ൽ 14 മത്സരങ്ങൾ വിജയിച്ചുകൊണ്ട് സ്പെയിൻ ടി20 ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന റെക്കോർഡ് സ്വന്തമാക്കി. 6 വിജയങ്ങൾ കൂടി നേടി അവർ 2025 പൂർത്തിയാക്കി, അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഓസ്‌ട്രേലിയയുടെ റെക്കോർഡിന് ഒപ്പമെത്തി. 2026-ലെ ആദ്യ മത്സരത്തിൽ ഫിൻലാൻഡിനെ പരാജയപ്പെടുത്തി, സ്പെയിൻ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച റെക്കോർഡ് തകർത്തു. 2019 ജനുവരി മുതൽ സ്പെയിൻ 50 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിൽ 41 മത്സരങ്ങൾ ജയിക്കുകയും എട്ട് തോൽവികൾ മാത്രം നേരിടുകയും ചെയ്തു.

വെറും എട്ട് മത്സരങ്ങളിൽ മാത്രമാണ് സ്പെയിനിന് പരാജയം നേരിടേണ്ടി വന്നത്. ക്രിക്കറ്റിൽ വലിയൊരു രാജ്യാന്തര ശക്തിയാകാൻ ഇനിയും വർഷങ്ങളെടുക്കുമെങ്കിലും, മൈതാനത്തെ സ്പെയിനിന്റെ ഈ അപരാജിത കുതിപ്പ് ലോക ക്രിക്കറ്റിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

Spain has broken Australia's all-time record for the most consecutive wins in international cricket. By defeating Finland in a T20 match, the Spanish cricket team secured their 21st consecutive victory, surpassing the previous record of 20 wins set by Ricky Ponting’s Australian team in 2003. This historic milestone also boosts Spain's qualification hopes for the 2028 T20 World Cup.