ട്വന്റി 20 ഫോർമാറ്റിൽ ഇന്ത്യയുടെ മുൻ നായകനും ലോക ഒന്നാം നമ്പർ ടി20 ബാറ്ററുമായിരുന്ന സൂര്യകുമാർ യാദവ് ഐപിഎല്ലിൽ ഫ്രാഞ്ചൈസി മാറുന്നു. നിലവിൽ മുംബൈ ഇന്ത്യൻസ് താരമായ സൂര്യക്ക് ടീമിനുള്ളിൽ അതൃപ്തിയുണ്ടെന്നാണ് വിവരം. ഇന്ത്യൻ ടീമിൽനിന്ന് പുറത്താകുകയും ചെയ്തതോടെ മുംബൈ ഇന്ത്യൻസ് ബന്ധം ഉപേക്ഷിക്കാനും താരം തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.
ഇൻസ്റ്റഗ്രാമിൽ മുംബൈ ഇന്ത്യൻസിനെ സൂര്യ അൺഫോളോ ചെയ്തതായി ആരാധകർ കണ്ടെത്തി. മുംബൈ ഇന്ത്യൻസ് തിരിച്ചും സൂര്യയെ ഫോളോ ചെയ്യുന്നില്ല. മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്തയിലേക്ക് സൂര്യ തിരിച്ചുപോകാനുള്ള സാധ്യതയുണ്ടെന്നാണ് ആരാധകരുടെ നിഗമനം.ഇൻസ്റ്റഗ്രാം ബയോയിൽനിന്ന് 'മുംബൈ ഇന്ത്യൻസ്' എന്ന സൂര്യ മാറ്റിയിട്ടുണ്ട്. മുംബൈ ടീമുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് സൂര്യ നീക്കം ചെയ്തതായും ആരാധകർ കണ്ടെത്തി.
ഈ സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് സൂര്യയെ ലേലത്തിൽ വിടാൻ മുംബൈ തീരുമാനിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അടുത്ത സീസണു മുന്നോടിയായി നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ സൂര്യയെ മുംബൈ ഉൾപ്പെടുത്തില്ലെന്നാണ് വിവരം. ഇത്തരം വാർത്തകൾ കൂടി പുറത്തുവന്നതിനു പിന്നാലെയാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ മുംബൈയെ അൺഫോളോ ചെയ്തത്.
ഈ സീസണിൽ 13 കളികളിൽനിന്ന് 147.54 സ്‌ട്രൈക്ക് റേറ്റിൽ വെറും 270 റൺസാണ് സൂര്യ നേടിയത്. നേടാനായത് രണ്ട് അർധ സെഞ്ചുറികൾ മാത്രം. മുപ്പത്തിയാറുകാരനായ സൂര്യക്കു രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള വഴികളും ഇതോടെ അടഞ്ഞു.
English Summary: Former India T20 captain and ex-world No.1 T20 batter Suryakumar Yadav is reportedly considering leaving Mumbai Indians ahead of the next IPL season amid dissatisfaction within the franchise and his exclusion from the Indian team.