Cricket

'പാനിക് അറ്റാക്കുകളും മദ്യപാന ആസക്തിയും..'; തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തെക്കുറിച്ച് മനസ്സ് തുറന്ന് യുസ്‌വേന്ദ്ര ചഹാൽ

കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് ആ സമയത്ത് താൻ കടന്നുപോയതെന്ന് ചഹാൽ വ്യക്തമാക്കുന്നു.

Sports Desk

അടുത്തിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച പ്രമുഖ ഇന്ത്യൻ സ്പിന്നറും ഐപിഎൽ താരവുമായ യുസ്‍വേന്ദ്ര ചഹാലിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ച. തന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെക്കുറിച്ചും മദ്യപാന ആസക്തിയിൽ നിന്നുള്ള ശക്തമായ തിരിച്ചുവരവിനെ കുറിച്ചുമാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായുള്ള പോഡ്കാസ്റ്റിൽ ചഹാൽ സംസാരിച്ചത്.

2011ൽ ഐപിഎല്ലിൽ എത്തിയ സമയത്താണ് മദ്യപാന ശീലങ്ങൾ തുടങ്ങിയതെന്ന് ചഹാൽ പറയുന്നു. ചെറുപ്പത്തിന്റെ ആഘോഷങ്ങളും പാർട്ടികളുമായിരുന്ന ആ കാലത്ത് അതൊരു വലിയ പ്രശ്നമായി തോന്നിയിരുന്നില്ല. എന്നാൽ വിവാഹമോചനത്തിന് ശേഷവും, കഴിഞ്ഞ വർഷത്തെ കൗണ്ടി ക്രിക്കറ്റിന് ശേഷവും തന്റെ മദ്യപാനം എല്ലാ അതിരുകളും ലംഘിച്ചു. കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് ആ സമയത്ത് താൻ കടന്നുപോയതെന്ന് ചഹാൽ വ്യക്തമാക്കുന്നു.

ഒരു പ്രശസ്തനായ വ്യക്തിയായതുകൊണ്ട് തന്റെ സ്വകാര്യ ജീവിത്തതിലെ പ്രശ്നങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ സമൂഹത്തിന് എളുപ്പമാണെന്ന് ചഹാൽ ചൂണ്ടിക്കാട്ടി. "നിങ്ങൾ ഒരു പൊതുവ്യക്തിയാകുമ്പോൾ, ജീവിതത്തിലെ ഓരോ കാര്യവും മറ്റുള്ളവർക്ക് ചർച്ച ചെയ്യാനും അഭിപ്രായം പറയാനുമുള്ള വിഷയമായി മാറുന്നു. ഇത് എനിക്ക് വലിയ വിഷമവും പ്രയാസവും ഉണ്ടാക്കി," അദ്ദേഹം പറഞ്ഞു.

ഈ നിരന്തരമുള്ള സമ്മർദ്ദങ്ങൾ ചഹാലിന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. "എത്ര കാലം ഞാൻ ഈ ഭാരം ചുമന്നു നടക്കും?" എന്ന ചിന്ത വല്ലാതെ അലട്ടിയിരുന്നു. ഇതിന്റെ ഫലമായി തനിക്ക് കടുത്ത ഉത്കണ്ഠയും പാനിക് അറ്റാക്കുകളും വരാൻ തുടങ്ങിയെന്നും ചഹാൽ വെളിപ്പെടുത്തി.

പാനിക് അറ്റാക്ക് വരുമ്പോഴുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും അദ്ദേഹം തുറന്നുപറഞ്ഞു. ഉത്കണ്ഠ കൂടുമ്പോൾ ഹൃദയമിടിപ്പ് വർധിക്കും. പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ മുഖം ചുരുങ്ങുകയും ചുണ്ടുകൾ ഒരു വശത്തേക്ക് കോടിപ്പോവുകയും ചെയ്യുമായിരുന്നു. സംസാരിക്കാൻ പോലും കഴിയാത്ത ആ അവസ്ഥയിൽ, തനിക്ക് എന്തോ വലിയ കുഴപ്പമുണ്ടെന്ന് ചുറ്റുമുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകുമായിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തിലാണ് മുൻ ബിസിസിഐ ട്രഷററായ അനിരുദ്ധ് ചൗധരിയുമായി ചഹാൽ സംസാരിക്കുന്നത്. തന്റെ മാനസികാവസ്ഥ വ്യക്തമാക്കി അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ഒരു ചെറിയ ഇടവേള ആവശ്യപ്പെട്ടു. ആ സമയത്ത് അനിരുദ്ധ് ചൗധരിയിൽ നിന്ന് തനിക്ക് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് ചഹാൽ പറയുന്നു.

മദ്യപാനം ഇതേ രീതിയിൽ തുടർന്നാൽ തനിക്ക് ജീവനുതുല്യമായ ക്രിക്കറ്റ് കരിയർ തന്നെ എന്നെന്നേക്കുമായി നശിച്ചുപോകുമെന്ന് ചഹാൽ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് തന്നെ ഒരു പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചതെന്ന് ചഹാൽ പറയുന്നു. അവിടെ 26 ദിവസത്തോളം ചെലവഴിച്ചു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് മുൻപ് നൽകിയ "ജീവിതത്തിൽ ബാലൻസിങ് പ്രധാനമാണ്" എന്ന ഉപദേശവും ഈ ഘട്ടത്തിൽ താൻ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ ഈ ഇരുണ്ട കാലഘട്ടത്തെ മറികടക്കാൻ മുപ്പത്തിയാറുകാരനായ ഈ ലെ​ഗ് സ്പിന്നർക്ക് ഏറ്റവും വലിയ താങ്ങായത് കുടുംബവും അടുത്ത സുഹൃത്തുക്കളുമാണ്. അവരുടെ പിന്തുണയോടെയാണ് ആസക്തിയിൽ നിന്ന് പൂർണമായും പുറത്തുകടക്കാൻ കഴിഞ്ഞതെന്ന് ചഹാൽ പറയുന്നു. ''റീഹാബ് കേന്ദ്രത്തിലെ ചികിത്സ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പക്വത വർധിച്ചു. വികാരങ്ങളെ നിയന്ത്രിക്കാൻ ഇപ്പോൾ കൃത്യമായി സാധിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ സമയത്ത് ശാരീരികമായി തനിക്ക് 30 വയസ്സ് മാത്രമേ ഉള്ളൂ എന്ന തോന്നലുണ്ടായി. ജിമ്മിലെ വ്യായാമങ്ങളും ഫീൽഡിങ് പരിശീലനങ്ങളും കൂടുതൽ ഊർജ്ജസ്വലതയോടെ ചെയ്യാൻ കഴിഞ്ഞു''- ചഹാൽ കൂട്ടിച്ചേർത്തു.

സ്വന്തം മാനസിക ബുദ്ധിമുട്ടുകളും ശാരീരിക അസ്വസ്ഥതകളും ഇത്രത്തോളം തുറന്നുപറയാൻ കാണിച്ച ചഹാലിന്റെ ധൈര്യത്തെ പ്രശംസിക്കുകയാണ് ഇപ്പോൾ കായിക ലോകം.

Indian cricketer Yuzvendra Chahal recently opened up about his severe battle with alcohol addiction, anxiety, and panic attacks following his divorce. Speaking on Aakash Chopra's podcast, the 36-year-old spinner revealed that his drinking "crossed all limits," prompting him to check into a rehabilitation center for 26 days. With the support of his family and friends, the rehab stint helped him regain his emotional balance, improve his physical fitness, and save his cricket career. Chahal stated that he is now in a much happier, healthier, and more mature space in his life.