ചെറുപ്പത്തില്‍ വലിയ കൊട്ടിഘോഷങ്ങളുമായി ഫുട്‌ബോളിലേക്ക് കടന്നുവന്ന, ഫുട്‌ബോള്‍ ലോകം 'വണ്ടര്‍ കിഡ്' എന്ന് ഓമനത്തത്തോടെ വിളിക്കുന്ന പലതാരങ്ങളും ഭാവിയില്‍ ഒന്നുമാവാന്‍ കഴിയാതെ പോകുന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഒളിമ്പിക് ലിയോണ്സിലേക്കുള്ള എന്‍ഡ്രിക്കിന്റെ കൂടുമാറ്റത്തേയും കരിയറിന്റെ അവസാനമായി ചിലരെങ്കിലും നോക്കിക്കണ്ടു. എന്നാല്‍ മുന്‍വിധികളെ ചുരുട്ടിമടക്കി, ഫ്രഞ്ച് ലീഗില്‍ വിസ്മയം തീര്‍ക്കുകയാണ് പത്തൊമ്പതുകാരന്‍.
നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പിഎസ്ജിയെ പോലും രണ്ട് ഗോള്‍ പങ്കാളിത്തവുമായി തകര്‍ത്തുവിട്ട സാഹചര്യത്തില്‍, ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിലെ ബ്രസീല്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയാണ് എന്‍ഡ്രിക്ക്. 2 വര്‍ഷങ്ങള്‍ക്കുമുന്നെ താരത്തെ റയല്‍ മാഡ്രിഡ് ബെഞ്ചിലിരുത്തിയ കാര്‍ലോസ് ആന്‍സലോട്ടിക്ക് ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ എന്‍ഡ്രിക്കിനെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണ്.
2024 ല്‍ ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഉറ്റുനോക്കിയിരുന്ന രണ്ട് പേരുകളായിരുന്നു. ബാഴ്‌സലോണയുടെ ലമീന്‍ യമാലും റയല്‍ മാഡ്രിഡിന്റെ എന്‍ഡ്രിക്കും. ബ്രസീലിയന്‍ ക്ലബ് പാല്‍മെയ്‌റസില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് എന്‍ഡ്രിക്കിനെ എത്തിക്കുമ്പോള്‍ ഫുട്‌ബോളില്‍ പുതിയൊരു യുഗം ആരംഭിക്കുന്നുവെന്നാണ് ആരാധകര്‍ വാഴ്ത്തിപ്പാടിയത്. 9 വര്‍ഷം നീണ്ടുനിന്ന ലാലിഗയിലെ മെസി-റൊണാള്‍ഡോ പോരാട്ടങ്ങള്‍ക്കുശേഷം എന്‍ഡ്രിക്ക്-യമാല്‍ യുഗം സംഭവിക്കുമെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ പ്രവചിച്ചു. എന്നാല്‍, എന്‍ഡ്രിക്കിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.
റയല്‍ മാഡ്രിഡിലേക്കുള്ള സാക്ഷാല്‍ കിലിയന്‍ എംബാപ്പെയുടെ കൂടുമാറ്റത്തോടെ, സ്വാഭാവിക സ്‌ട്രൈക്കറായി കളിക്കുന്ന എന്‍ഡ്രിക്കിന് ടീമിലെ തന്റെ സ്ഥാനം നഷ്ടമായി. വിഖ്യാത പരിശീലകന്‍ കാര്‍ലോസ് ആന്‍സലോട്ടിക്ക് കീഴില്‍ എന്‍ഡ്രിക്കിന് തീരെ അവസരങ്ങള്‍ ലഭിച്ചില്ല. അടുത്ത സീസണില്‍ പുതിയ പരിശീലകസ്ഥാനത്തേക്ക് ബയര്‍ ലെവര്‍കൂസണില്‍ നിന്ന് സാബി അലോണ്‍സോ വന്നപ്പോഴും എന്‍ഡ്രിക്കിന്റെ അവസ്ഥക്ക് മാറ്റം വന്നില്ല. എതിരാളിയായി വിശേഷിക്കപ്പെട്ട ലമീന്‍ യമാല്‍ ഇന്ന് ലോകത്തിന്റെ നെറുകയിലാണ് നില്‍ക്കുന്നത്. ഈ അവസരത്തിലാണ് താരത്തെ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ല്യോണിലേക്ക് ലോണില്‍ അയക്കുന്നത്.
സീസണിന്റെ പകുതിയിലാണ് എന്‍ഡ്രിക്ക് ഫ്രാന്‍സിലെത്തുന്നത്. റയല്‍ മാഡ്രിഡ് പോലൊരു വലിയ ക്ലബ്ബില്‍ കളിക്കുന്നതിന്റെ സമ്മര്‍ദം എന്‍ഡ്രിക്കിന് നേരിടേണ്ടിവന്നില്ല. വിമര്‍ശനങ്ങളെ ഭയക്കാതെ പന്തുതട്ടാന്‍ കഴിഞ്ഞെന്നുമാത്രമല്ല, മിക്കകളികളിലും കളിക്കാനുള്ള അവസരം ലഭിച്ചു എന്നതും എന്‍ഡ്രിക്കിനെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. തന്റെ സ്വാഭാവിക പൊസിഷനായ സ്‌ട്രൈക്കറായും ഇടക്ക് വലതുഭാഗത്ത് വിങ്ങറായും അവസരം ലഭിച്ചത് പാല്‍മെയ്‌റാസിലെ തന്റെ പഴയ കളിരീതി തിരിച്ചുകൊണ്ടുവരാന്‍ എന്‍ഡ്രിക്കിനെ സഹായിച്ചു.
വെറും ഗോളടിക്കാരന്‍ മാത്രമായിരുന്ന എന്‍ഡ്രിക്ക് ഗോളുകള്‍ക്ക് വഴിയൊരുക്കാനും തുടങ്ങി. ഫ്രഞ്ച് ലീഗില്‍ ഇതുവരെ 12 മത്സരങ്ങളില്‍ 4 ഗോളുകളും 6 അസിസ്റ്റുകളും എന്‍ഡ്രിക്ക് നേടിക്കഴിഞ്ഞു. റയല്‍ മാഡ്രിഡിലേക്ക് തിരിച്ചുവരുമ്പോള്‍ തന്റേതായ സ്ഥാനം ഇനി എന്‍ഡ്രിക്കിന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.
English Summary: Endrick has silenced critics with an impressive loan spell at Lyon, improving his chances of making Brazil’s World Cup squad. After limited opportunities at Real Madrid, his performances now make him hard to ignore.