Football League 
Sports

പ്രീമിയര്‍ ലീഗ് ക്ലൈമാക്‌സിലേക്ക്, പിടിമുറുക്കി ആഴ്‌സണലും സിറ്റിയും; ഗോളുകളുടെ എണ്ണം പോലും നിര്‍ണായകം

പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ അര്‍ട്ടേറ്റയും ഗ്വാര്‍ഡിയോളയും

Sports Desk

ഫുട്‌ബോള്‍ ലീഗുകള്‍ അന്ത്യഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആരാധകരുടെ എല്ലാ കണ്ണുകളും പോകുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കാണ്. യൂറോപ്പിലെ മറ്റ് സുപ്രധാന ലീഗുകളിലെല്ലാം കിരീടപോരാട്ടങ്ങള്‍ ഏറെക്കുറെ അവസാനിച്ചമട്ടാണ് കാര്യങ്ങള്‍.

എന്നാല്‍, മിക്ക സീസണിലേയും പോലെ വാശിയേറിയ മത്സരമാണ് പ്രീമിയര്‍ ലീഗില്‍ നടക്കുന്നത്. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ നേടിയ വിജയത്തിനുപുറകെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ് അര്‍ട്ടേറ്റയുടെ ചെമ്പട. എന്നാല്‍, ആഴ്‌സണിലിനേക്കാള്‍ ഒരു കളി കുറച്ച് കളിച്ച ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി തൊട്ടുപിറകിലുണ്ട്. ആഴ്‌സണലിന് 34 കളികളില്‍ നിന്ന് 73 പോയിന്റും സിറ്റിക്ക് 33 കളികളില്‍ നിന്ന് 70 പോയിന്റുമാണ് നിലവില്‍ ഉള്ളത്.

ആഴ്‌സണലിന്റെ ഏപ്രില്‍ ശാപം

മൈക്കല്‍ അര്‍ട്ടേറ്റ പരിശീലകസ്ഥാനം ഏറ്റെടുത്തതുമുതല്‍ ആഴ്‌സണലിനെ വിടാതെ പിന്തുടരുന്ന ഒന്നാണ് 'ഏപ്രില്‍ ശാപം' സീസണ്‍ അവസാനിക്കാന്‍ ചുരുങ്ങിയ കളികള്‍ മാത്രം ബാക്കിനില്‍ക്കെ, ഏപ്രില്‍ മാസങ്ങളില്‍ ആഴ്‌സണല്‍ സ്ഥിരമായി പോയിന്റ് നഷ്ടപ്പെടുത്തുന്നത് നമ്മള്‍ മുന്‍പും കണ്ടിട്ടുണ്ട്. ഈ വര്‍ഷവും അതിന്റെ അടയാളങ്ങള്‍ ആഴ്‌സണല്‍ കാണിച്ചിരുന്നു.

എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗത്താംപ്ട്ടനോടും പ്രീമിയര്‍ ലീഗില്‍ സ്വന്തം ഗ്രൗണ്ടില്‍ ബേണ്‍മൗത്തിനോടും എത്തിഹാദില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും ആഴ്‌സണല്‍ തോറ്റത് ഏപ്രില്‍ മാസത്തിലാണ്. പക്ഷേ, അര്‍ട്ടേറ്റയും സംഘവും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഇന്നലെ നടന്ന മത്സരത്തില്‍ ന്യൂകാസിലിനെ തോല്‍പ്പിച്ചതോടെ, കിരീട പോരാട്ടം അവസാനിച്ചിട്ടില്ലെന്ന സന്ദേശമാണ് ആഴ്‌സണല്‍ നല്‍കുന്നത്.

ഗോളുകള്‍ പോലും നിര്‍ണായകം

ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ പെപ് ഗ്വാര്‍ഡിയോള എന്ന ചാണക്യനുമുന്നില്‍ സാക്ഷാല്‍ യുര്‍ഗന്‍ ക്ലോപ്പ് പോലും രണ്ട് തവണ മുട്ടുകുത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, പോയിന്റുകള്‍ കൊണ്ട് മാത്രം വിധി നിര്‍ണയിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രീമിയര്‍ ലീഗ്.

കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന മത്സരത്തില്‍ ബേണ്‍ലിയെ തോല്‍പ്പിച്ച സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. പോയിന്റിലും ഗോളുകളുടെ വ്യത്യാസത്തിലും ഇരുടീമുകളും തുല്യത പാലിച്ചപ്പോള്‍ അടിച്ച ഗോളുകളുടെ എണ്ണത്തിന്റെ മുന്‍തൂക്കത്തിലാണ് സിറ്റി ഒന്നാമതായത്. അടിച്ച ഗോളുകളുടെ കണക്കില്‍ സിറ്റി ഇപ്പോഴും ഒരു ഗോളിന് മുന്നിലാണ്.

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് അടിച്ചില്ലെങ്കില്‍ ഈ സീസണില്‍ ഒരു കിരീടവും ലഭിക്കാതിരിക്കാനുള്ള സാധ്യതകള്‍ വഴിതുറക്കുന്നുണ്ട്. 2026 ല്‍ ചാമ്പ്യന്‍സ് ലീഗിലും അത്ര മികച്ച പ്രകടനം ആഴ്‌സണലിന് പുറത്തെടുക്കാനായിട്ടില്ല. താരതമ്യേന ചെറിയ ടീമായ സ്‌പോര്‍ട്ടിങ്ങിനെതിരെ വെറും ഒരു ഗോളിന്റെ വിജയമാണ് ഇരുപാദങ്ങളിലുമായി നേടിയത്. സെമി ഫൈനല്‍ പോരാട്ടത്തില്‍ ആഴ്‌സണലിനെ അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്താക്കുമെന്ന പ്രവചനങ്ങളാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ നടത്തുന്നത്.

എഫ് എ കപ്പില്‍ നിന്നും കരബാവോ കപ്പില്‍ നിന്നും നേരത്തേ പുറത്തായ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗാണ് ആഴ്‌സണലിന്റെ കച്ചിത്തുരുമ്പ്. ഈ സീസണിലും രണ്ടാം സ്ഥാനത്ത് അവസാനിച്ചാല്‍, രണ്ടാം സ്ഥാനങ്ങളുടെ തുടര്‍ച്ചയായ നാലാമത്തെ സീസണാണ് ആഴ്‌സണലിനെ കാത്തിരിക്കുന്നത്. അതേസമയം, കരബാവോ കപ്പ് ജയിച്ച സിറ്റി, സൗത്താംപ്ടണെ തോല്‍പ്പിച്ച് എഫ് എ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഈ സീസണ്‍ ടീം വിടുന്ന ബെര്‍ണാഡോ സില്‍വക്ക് പ്രീമിയര്‍ ലീഗും നേടിക്കൊണ്ട് 'ഡൊമസ്റ്റിക് ട്രബിള്‍' കിരീടങ്ങളോടെ യാത്രയയപ്പ് നല്‍കാനാണ് സിറ്റി ശ്രമിക്കുന്നത്.

English Summary: The Premier League title race between Arsenal and Manchester City is intensifying, with both teams closely matched on points and goal difference. As the season nears its climax, goals scored could become the decisive factor, while Arteta and Guardiola aim to avoid costly mistakes in the final stretch.