ഏഷ്യന്‍ ഗെയിംസ് 2026 രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വെള്ളിത്തിളക്കത്തില്‍ ഇന്ത്യ. നാല് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകള്‍ ആണ് ഇന്ത്യ സ്വന്തമാക്കിയത്. സ്വര്‍ണത്തിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്. നിലവില്‍ മെഡല്‍ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഇളവേനില്‍ വാളറിവന്‍, സോനം മാസ്‌കര്‍, വിദര്‍ശ വിനോദ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തില്‍ ഇളവേനില്‍ വാളറിവന്‍ വ്യക്തിഗത മെഡലും (വെള്ളി ) നേടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ - രുദ്രാങ്ക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് മാനെ എന്നിവരും വെള്ളി സ്വന്തമാക്കി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഹിമാന്‍ഷു ധില്ലന്‍ വ്യക്തിഗത (വെള്ളി) മെഡലും നേടി.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ (വ്യക്തിഗതം) രുദ്രാങ്ക്ഷ് പാട്ടീല്‍ വെങ്കലം നേട്ടം സ്വന്തമാക്കി. വനിതകളുടെ ട്രെഡീഷണല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ 36-കാരിയായ സുചിക തരിയാലും വെങ്കല മെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറ്റം കുറിച്ച എംഎംഎ ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
ഷൂട്ടിങ്, അമ്പെയ്ത്ത്, അത്ലറ്റിക്‌സ്, ബാഡ്മിന്റണ്‍, കബഡി, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളിലാണ് ഇത്തവണ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകള്‍. 2023ലെ ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ 22 മെഡലുകള്‍ നേടിയിരുന്നു. ഷൂട്ടിങ് മനു ഭാകര്‍, ഈഷ സിങ് എന്നിവരുള്‍പ്പെടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. അമ്പെയ്ത്തില്‍ ജ്യോതി സുരേഖ വെണ്ണം, ധീരജ് ബൊമ്മദേവര. കോമ്പൗണ്ട് വിഭാഗത്തില്‍ ജ്യോതിയും റീകര്‍വ് വിഭാഗത്തില്‍ ധീരജും രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷകളാണ്.
ബാഡ്മിന്റണില്‍ സാത്വിക് സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കുന്നു. ഹാങ്ചോ സ്വര്‍ണം നേടിയ സഖ്യം ഇത്തവണയും നേട്ടം ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍. പി.വി. സിന്ധു, ലക്ഷ്യ സെന്‍ എന്നിവരുടെ പ്രകടനങ്ങളും രാജ്യം കാത്തിരിക്കുന്നുണ്ട്.
അത്ലറ്റിക്‌സില്‍ തജീന്ദര്‍പാല്‍ സിങ് തൂര്‍, അവിനാഷ് സാബ്ലെ, സാര്‍വേഷ് കുശാരെ എന്നിവരുടെ പ്രകടനങ്ങള്‍ നിര്‍ണായകമാകും. ഏഷ്യന്‍ ഗെയിംസില്‍ ഷോട്ട്പുട്ടില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം ലക്ഷ്യമിട്ടാണ് തജീന്ദര്‍പാല്‍ സിങ് തൂര്‍ ട്രാക്കിലിറങ്ങുന്നത്.
കബഡിയില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരാണ്. ഹാങ്ചോയില്‍ ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ പുരുഷ-വനിതാ ടീമുകള്‍ ഇത്തവണയും പ്രതീക്ഷകള്‍ കാക്കുമെന്നാണ് വിലയിരുത്തല്‍. ഹോക്കിയിലും ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. ഇത്തവണ വനിത ടീമും സ്വര്‍ണപ്രതീക്ഷ നല്‍കുന്നുണ്ട്. ഹോക്കി: പുരുഷ ടീം സ്വര്‍ണത്തിനായുള്ള പ്രധാന ടീമുകളിലൊന്നാണ്; വനിതാ ടീമിനും ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം ലക്ഷ്യമിടാം. വെയ്റ്റ്ലിഫ്റ്റിങ്ങില്‍ മീരാബായ് ചാനുവാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ മെഡല്‍ സ്വന്തമാക്കാനായിട്ടില്ലാത്ത മീരാബായിക്ക് ഇത്തവണ അതിനുള്ള അവസരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2023 ഹാങ്ചോ ഏഷ്യന്‍ ഗെയിസില്‍ ഇന്ത്യ 107 മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. ഈ നേട്ടം മറികടക്കുക എന്നതാണ് ഇന്ത്യന്‍ സംഘത്തിന്റെ വലിയ ലക്ഷ്യങ്ങളിലൊന്ന്.
Two days into the 2026 Asian Games, India has secured six medals, including four silver and two bronze. However, the country is still waiting for its first gold medal of the Games. India currently stands 10th in the overall medal standings.