Games

ഏഷ്യൻ ഗെയിംസ് 2026; തജീന്ദർപാൽ സിങിന് ഔദ്യോഗിക കിറ്റ് ലഭിച്ചില്ല, ഇന്ത്യൻ പതാകയേന്താൻ പവൻ ഷെരാവത്ത്

ഒരു കബഡി താരത്തിന് ഇത്തരമൊരു സുപ്രധാന ചുമതല ലഭിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ സംഭവമാണ്

Sports Desk

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ​ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ കബഡി താരം പവൻ ഷെരാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും. ഈ ചുമതലയിലേക്ക് മുൻപ് നിശ്ചയിച്ചിരുന്ന ഷോട്ട് പുട്ട് താരം തജീന്ദർപാൽ സിങ് തൂറിന് ഗെയിംസിന്റെ ഔദ്യോഗിക കിറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്നാണ് അവസാന നിമിഷം മാറ്റം വരുത്തിയത്. ഇതോടെ ഷൂട്ടിങ് താരം മനു ഭാക്കറിനൊപ്പം പവൻ ഷെരാവത്താകും ഇന്ത്യൻ സംഘത്തെ മാർച്ച് പാസ്റ്റിൽ നയിക്കുക.

ഉദ്ഘാടനച്ചടങ്ങ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ തീരുമാനം. ന​ഗോയ വിമാനത്താവളത്തിലാണ് താരങ്ങൾക്കുള്ള ഔദ്യോ​ഗിക കിറ്റുകൾ എത്തിച്ചേരുന്നത്. എന്നാൽ, ഈ കിറ്റുകൾ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും ഉദ്ഘാടന ചടങ്ങിന്റെ സമയമാകും. കിറ്റ് കൈപ്പറ്റി കൃത്യസമയത്ത് ഉദ്ഘാടന വേദിയായ നഗോയ സിറ്റി മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ തജീന്ദർപാലിന് സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് അവസാന നിമിഷം പകരക്കാരനെ തീരുമാനിക്കേണ്ടി വന്നത്.

നിലവിൽ ജപ്പാനിലെ സുകുബയിലുള്ള ഇന്ത്യൻ അത്‍ലറ്റിക്സ് പരിശീലന കേന്ദ്രത്തിലാണ് തജീന്ദർപാൽ ഉള്ളത്. ഔദ്യോഗിക കിറ്റ് ലഭിക്കാൻ വൈകിയതിനാൽ അദ്ദേഹത്തിന് ചടങ്ങ് നടക്കുന്ന നഗോയയിലേക്ക് യാത്ര ചെയ്യാൻ സാധിച്ചില്ല. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിലും ഏഷ്യൻ ഗെയിംസ് മത്സരങ്ങളിൽ തജീന്ദർപാൽ ഇറങ്ങും. 2018-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 2023-ലെ ഹാങ്‌ചൗവിലും സ്വർണം നേടിയ തജീന്ദർപാൽ ഇത്തവണ ഹാട്രിക് സ്വർണ നേട്ടമാണ് ലക്ഷ്യമിടുന്നത്.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ​ഗെയിംസിലെ തന്റെ മത്സരങ്ങളെ ഇത് ബാധിക്കില്ലെന്ന് തജീന്ദർപാൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അവസാന നിമിഷം പതാകയേന്താനുള്ള വലിയ ചുമതല ലഭിച്ച പവൻ ഷെരാവത്ത് കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ കബഡി ടീമിലെ പ്രധാന താരമായിരുന്നു. ഒരു കബഡി താരത്തിന് ഇത്തരമൊരു സുപ്രധാന ചുമതല ലഭിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ സംഭവമാണ്.

35 കായിക ഇനങ്ങളിലായി 503 താരങ്ങളാണ് ഇത്തവണ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. കഴിഞ്ഞ തവണ നേടിയ 107 മെഡലുകൾ എന്ന ചരിത്ര നേട്ടം ഇത്തവണയും ആവർത്തിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക ലോകം. സോണി സ്പോർട്സ് ചാനലുകളിലും സോണി ലിവ് ആപ്പിലും ഉച്ചയ്ക്ക് 2:30 മുതൽ ഉദ്ഘാടനച്ചടങ്ങുകൾ തത്സമയം കാണാം.

Indian kabaddi star Pawan Sehrawat has replaced shot-putter Tajinderpal Singh Toor as India’s male flag-bearer for the 2026 Asian Games opening ceremony in Nagoya. The change was made at the last minute because Toor's official kit was delayed, preventing him from travelling to the venue from his training base in Tsukuba. Sehrawat, a key player in India's gold-medal-winning kabaddi team, will now lead the Indian contingent alongside shooter Manu Bhaker.