Games

ഏഷ്യൻ പാരാ ഗെയിംസിൽ മലയാളിത്തിളക്കം; ആൽഫിയ ജെയിംസിനും മുഹമ്മദ് ബാസിലിനും മെഡൽ

മൂന്നാം ദിനത്തിൽ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യയുടെ മെഡൽക്കുതിപ്പ് തുടരുന്നു

Madism Desk

ഏഷ്യൻ പാരാ ഗെയിംസ് മൂന്നാം ദിനത്തിൽ മലയാളിത്തിളക്കത്തോടെ മികച്ച മുന്നേറ്റവുമായി ഇന്ത്യ. വീൽചെയർ ബാഡ്മിന്റണിൽ ചരിത്രനേട്ടം സ്വന്തമാക്കി ആൽഫിയ ജെയിംസും പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ വെള്ളി നേടി മുഹമ്മദ് ബാസിലും ഇന്ത്യയുടെ അഭിമാനമായി.

വനിതാ വീൽചെയർ ഡബിൾസിൽ പല്ലവി കലുഷെഹല്ലിക്കൊപ്പം വെങ്കല മെഡൽ നേടിക്കൊണ്ടാണ് എറണാകുളം മൂവാറ്റുപുഴ സ്വദേശി ആൽഫിയ ഇന്ത്യൻ പാരാ ബാഡ്മിന്റൺ ചരിത്രത്തിൽ ഇടംപിടിച്ചത്. ഈ ഇനത്തിൽ ഇന്ത്യ ആദ്യമായാണ് മെഡൽ നേടുന്നത്. സെമി ഫൈനലിൽ ചൈനീസ് സഖ്യത്തോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യ വെങ്കലം ഉറപ്പിക്കുകയായിരുന്നു.

തന്റെ പതിനേഴാം വയസിൽ നാലുനില കെട്ടിടത്തിൽനിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട താരമാണ് ആൽഫിയ. എന്നാൽ വീഴ്ചകൾക്ക് മുമ്പിൽ തളരാതെ കായിക രം​ഗത്തേക്ക് തിരിച്ചെത്തിയ ആൽഫിയ ആദ്യം പവർലിഫ്റ്റിങ്ങിലും പിന്നീട് വീൽചെയർ ബാഡ്മിന്റണിലും മികവ് തെളിയിച്ചു.

പുരുഷന്മാരുടെ 100 മീറ്റർ ടി47 ഇനത്തിൽ 10.72 സെക്കൻഡ് റെക്കോർഡോടെ ഫിനിഷ് ചെയ്താണ് മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് ബാസിൽ വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇതേ മത്സരത്തിൽ 10.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഇന്ത്യയുടെ ദിലീപ് ഗാവിത് മഹാദുവാണ് സ്വർണ മെഡൽ നേടിയത്.

ഷോട്ട്പുട്ടിലും ഇന്ത്യൻ താരങ്ങളുട ആധിപത്യം തുടർന്നു. പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്46 വിഭാഗത്തിൽ ഇന്ത്യൻ താരങ്ങൾ സ്വർണം, വെള്ളി, വെങ്കലം എന്നീ മൂന്ന് മെഡലുകളും സ്വന്തമാക്കി. ഷോട്ട്പുട്ടിൽ 15.87 മീറ്റർ ദൂരം എറിഞ്ഞ സച്ചിൻ ഖിലാരി ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. മുഹമ്മദ് യാസർ 15.06 മീറ്റർ റെക്കോർഡോടെ വെള്ളിയും പർവീൺ 14.94 മീറ്റർ റെക്കോർ‍ഡോടെ വെങ്കലവും സ്വന്തമാക്കി.

പുരുഷന്മാരുടെ 100 മീറ്റർ ടി37 വിഭാഗത്തിൽ രാകേഷ്ഭായ് ഭട്ട് വെങ്കലവും വനിതകളുടെ ഷോട്ട്പുട്ട് എഫ്34 വിഭാഗത്തിൽ ഭാഗ്യശ്രീ ജാദവ് വെള്ളി മെഡലും നേടി. പുരുഷന്മാരുടെ ടി64 ഹൈജമ്പിൽ 2.05 മീറ്റർ ഉയരം മറികടന്ന് പ്രവീൺ കുമാർ സ്വർണം നേടി. ഈ പ്രകടനത്തോടെ ഏഷ്യൻ പാരാ ഗെയിംസിൽ പുതിയ റെക്കോർഡും താരം സ്വന്തമാക്കി. ഇതേ ഇനത്തിൽ 1.92 മീറ്റർ റെക്കോർഡോടെ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ ബന്തിയ്ക്കാണ് വെള്ളി മെഡൽ ലഭിച്ചത്.

അതിനിടെ, ഏഷ്യൻ പാരാ ഗെയിംസ് മൂന്നാം ദിനം പിന്നിടുമ്പോൾ 14 സ്വർണവും 21 വെള്ളിയും 27 വെങ്കലവും ഉൾപ്പെടെ 62 മെഡലുകളുമായി ഇന്ത്യ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. വിവിധ ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ നടത്തുന്ന മികച്ച പ്രകടനങ്ങൾ മെഡൽനേട്ടം ഉയർത്തുന്നതിൽ നിർണായകമായി. അതോടൊപ്പം ആൽഫിയ ജെയിംസിന്റെയും മുഹമ്മദ് ബാസിലിന്റെയും നേട്ടങ്ങൾ ഇന്ത്യയുടെ മെഡൽക്കുതിപ്പിന് കൂടുതൽ തിളക്കമേകി.

Malayali athletes Alfiyah James and Muhammad Basil shine at the 2026 Asian Para Games, with Alfiyah winning bronze in wheelchair badminton doubles and Basil securing silver in the men's 100m T47 event. India continued its medal-winning run, reaching a total of 62 medals- 14 gold, 21 silver and 27 bronze - to stand fifth in the medal tally as of October 21