Games

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ്: ആർതർ ആഷിൽ തീപാറും കലാശപ്പോര്; ജർമ്മൻ കരുത്തും അമേരിക്കൻ കൊടുങ്കാറ്റും നേർക്കുനേർ

സെമി ഫൈനലിൽ ശക്തമായ പോരാട്ടങ്ങൾക്കൊടുവിലാണ് ഇരുവരും കലാശപ്പോരിന് യോ​ഗ്യത നേടിയത്

Sports Desk

യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാ​ഗം സിം​ഗിൾസിൽ കിരീടപ്പോരാട്ടത്തിന് കളമൊരുങ്ങി. ജർമ്മനിയുടെ സൂപ്പർ താരം അലക്സാണ്ടർ സ്വെരേവും അമേരിക്കയുടെ യുവതാരം ബെൻ ഷെൽട്ടണുമാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുന്നത്. തങ്ങളുടെ മികച്ച ഫോമിലൂടെ ഫൈനൽ വരെയെത്തിയ ഇരുതാരങ്ങളും ഈ പോരാട്ടത്തിൽ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അമേരിക്കൻ മണ്ണിൽ തങ്ങളുടെ നാട്ടുകാരനായ ഒരു താരം തന്നെ ഫൈനലിൽ എത്തിയത് ടെന്നീസ് ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സെമി ഫൈനലിൽ ശക്തമായ പോരാട്ടങ്ങൾക്കൊടുവിലാണ് ഇരുവരും കലാശപ്പോരിന് യോ​ഗ്യത നേടിയത്. റഷ്യൻ താരമായ കരെൻ ഖച്ചനോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സ്വെരേവ് ഫൈനലിലെത്തിയത് (സ്കോർ: 6-3, 7-6, 7-6). ആദ്യ സെറ്റ് എളുപ്പത്തിൽ നേടിയ സ്വെരേവിന് രണ്ടും മൂന്നും സെറ്റുകളിൽ ഖച്ചനോവ് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ ടൈബ്രേക്കറിലേക്ക് നീണ്ട ഈ രണ്ട് സെറ്റുകളിലും നിർണായക ഘട്ടങ്ങളിൽ സ്വെരേവ് തന്റെ പരിചയസമ്പത്ത് പുറത്തെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.

ഈ വർഷം ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടുകയും വിംബിൾഡണിൽ ഫൈനലിൽ എത്തുകയും ചെയ്ത സ്വെരേവ് തുടർച്ചയായ മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനലിലാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. 2020-ൽ യുഎസ് ഓപ്പൺ ഫൈനലിൽ കൈയെത്തും ദൂരത്ത് വെച്ചുണ്ടായ തോൽവിക്ക് ഇത്തവണ കിരീടം നേടി പകരം വീട്ടാനാണ് ജർമ്മൻ താരം ലക്ഷ്യമിടുന്നത്.

മറുവശത്ത്, മറ്റൊരു അമേരിക്കൻ താരവും കാണികളുടെ പ്രിയപ്പെട്ടതാരവുമായ ഫ്രാൻസെസ് ടിയാഫോയെ പാരജയപ്പെടുത്തിയാണ് ബെൻ ഷെൽട്ടൺ തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തിയത്. മികച്ച ഫോമിലായിരുന്ന ടിയാഫോയ്ക്കെതിരെ ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു ഷെൽട്ടന്റെ ഗംഭീര തിരിച്ചുവരവ് (സ്കോർ: 4-6, 6-3, 6-3, 7-5). നീണ്ട 23 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു അമേരിക്കക്കാരൻ യുഎസ് ഓപ്പൺ കിരീടം നേടുമോ എന്നാണ് ഇപ്പോൾ കായിക ലോകം ഉറ്റുനോക്കുന്നത്.

2003-ൽ ഇതിഹാസ താരം ആൻഡി റോഡിക്കാണ് അവസാനമായി അമേരിക്കയ്ക്ക് വേണ്ടി ഈ നേട്ടം കൈവരിച്ചത്. ഷെൽട്ടണിലൂടെ ആ കിരീടം വീണ്ടും സ്വന്തം നാട്ടിൽ നിലനിർത്താനാകുമെന്ന് അമേരിക്കൻ ആരാധകർ വിശ്വസിക്കുന്നു. എന്നാൽ അമേരിക്കയുടെ ഈ സ്വപ്നം താൻ തകർക്കുമെന്ന് മത്സരശേഷം സ്വെരേവ് പ്രതികരിച്ചത് ഫൈനലിന്റെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. ഞായറാഴ്ച ന്യൂയോർക്കിലെ ആർതർ ആഷ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

Alexander Zverev and American Ben Shelton are set to face off in the US Open men's singles final. Zverev reached the final by defeating Karen Khachanov in straight sets, eyeing his second Grand Slam title of the year and seeking redemption for his 2020 final loss. Meanwhile, 23-year-old Ben Shelton defeated Frances Tiafoe in a thrilling four-set match to reach his first Grand Slam final, aiming to become the first American man to win the US Open since Andy Roddick in 2003.