Sports

IPL 2026: ഹേസൽവുഡും ഭുവനേശ്വർ കുമാറും തകർത്താടിയപ്പോൾ ഡൽഹിക്ക് വൻ തോൽവി; ഓൾഡ് സ്കൂൾ ബൗളിങ് അച്ചടക്കത്തിന് കയ്യടി

കളിയുടെ ആദ്യ ഓവറുകളില്‍ തന്നെ ഡല്‍ഹി ബാറ്റിങ്‌നിര തകര്‍ന്നടിഞ്ഞതിനുപിന്നിലെ ബൗളിങ്ങ് തന്ത്രങ്ങള്‍

Sports Desk

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ജോഷ് ഹേസല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍ എന്നീ പരിചയസമ്പന്നരുടെ 'ഓള്‍ഡ് സ്‌കൂള്‍' ബൗളിങ്ങിനുമുന്നില്‍ ഡല്‍ഹി ബാറ്റിങ് പരിതാപകരമായി തളരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. ചിന്നസ്വാമിയില്‍ തോല്‍പ്പിച്ചതിന് പകരം ചോദിക്കാന്‍ വന്നപ്പോള്‍ ഒരു ദയയും കാണിക്കാതെയാണ് ബാംഗ്ലൂര്‍ പെരുമാറിയത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുമ്പേ തന്നെ ഡല്‍ഹി ബാറ്റിങ്ങ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. എട്ട് റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്ന് നേടിയത്. കളിയില്‍ ഹേസല്‍വുഡ് 12 റണ്‍സ് നഷ്ടത്തില്‍ 4 വിക്കറ്റും, ഭുവനേശ്വര്‍ 5 റണ്‍സ് വഴങ്ങിക്കൊണ്ട് 3 വിക്കറ്റുകള്‍ നേടി.

ബൗളര്‍മാരുടെ തിരിച്ചുവരവ്

ഐപിഎല്ലിലെ ബാറ്റിംഗ് വെടിക്കെട്ടുകൾക്കിടയിൽ ബൗളർമാർ നിസ്സഹായരാകുന്ന കാഴ്ചയാണ് നാം കാണാറുള്ളത്. എന്നാൽ, അവിടെയാണ് ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും തങ്ങളുടെ കൃത്യതയാർന്ന ബൗളിംഗ് കൊണ്ട് വേറിട്ടുനിൽക്കുന്നത്. പരീക്ഷണങ്ങൾക്കും വേഗതയിലെ മാറ്റങ്ങൾക്കും പിന്നാലെ പോകാതെ, അടിസ്ഥാനപരമായ ബൗളിംഗ് അച്ചടക്കം പാലിച്ചതാണ് ഇവരുടെ വിജയരഹസ്യം.

പലപ്പോഴും സ്ലോ ബോളുകളിലും യോർക്കറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, കൃത്യമായ ലെങ്തിലും ലൈനിലും പന്തെറിഞ്ഞാണ് ഇരുവരും ബാറ്റർമാരെ കുഴപ്പിച്ചത്. ഹേസൽവുഡ് ആകട്ടെ, തന്റെ ഉയരം പ്രയോജനപ്പെടുത്തി കൃത്യമായ ബൗൺസറുകൾ കൊണ്ടാണ് എതിരാളികളെ നേരിട്ടത്. ഈ പന്തുകളിൽ പ്രകോപിതരായി കൂറ്റനടിക്ക് ശ്രമിച്ച ബാറ്റർമാർ ക്യാച്ചുകളിൽ ഒതുങ്ങുകയായിരുന്നു. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ റെക്കോർഡ് കൂട്ടുകെട്ടുമായി മുന്നേറിയ കെ.എൽ. രാഹുലിനെയും നിതീഷ് റാണയെയും രണ്ട് തകർപ്പൻ ബൗൺസറുകളിലൂടെയാണ് ഹേസൽവുഡ് കൂടാരം കയറ്റിയത്.

''സ്വിങ് കിംഗ്' എന്ന വിളിപ്പേര് വെറുതെയല്ലെന്ന് മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ ഭുവനേശ്വർ കുമാർ അടിവരയിട്ടു. ഇൻസ്വിംഗിനെ ഒട്ടും തുണയ്ക്കാത്ത പിച്ചിൽ, അതിശയിപ്പിക്കുന്ന ഒരു ഇൻസ്വിംഗറിലൂടെ ഡൽഹിയുടെ സാഹിൽ പരാഖിന്റെ കുറ്റി തെറിച്ചു. പിന്നീടെടുത്ത രണ്ട് വിക്കറ്റുകളിലും ഭുവിയുടെ പ്രധാന ആയുധം പന്തിന്റെ ഈ ചലനം തന്നെയായിരുന്നു. പന്തിന്റെ ഗതി പ്രവചിക്കാനാവാതെ ബാറ്റർമാർ കുഴങ്ങിയപ്പോൾ അവ കീപ്പർ ജിതേഷ് ശർമയുടെ കൈകളിൽ സുരക്ഷിതമായി എത്തി.

ഭൂരിഭാഗം പന്തുകളും കൃത്യമായ ലെങ്തിൽ പിച്ച് ചെയ്തതിനാൽ ബൗണ്ടറികൾ കണ്ടെത്താനാവാതെ ബാറ്റർമാർ വിയർത്തു. പന്തിന് ലഭിച്ച കൃത്യതയാർന്ന സ്വിങ് കൂടി ചേർന്നതോടെ ഡൽഹി ബാറ്റിംഗ് നിര അക്ഷരാർത്ഥത്തിൽ അടിയറവ് പറയുകയായിരുന്നു.

പിച്ചിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് കൃത്യമായ പദ്ധതിയോടെ പന്തെറിഞ്ഞാൽ ട്വന്റി-20 ക്രിക്കറ്റിലും ബൗളർമാർക്ക് ആധിപത്യം പുലർത്താമെന്നാണ് ഹേസൽവുഡും ഭുവനേശ്വറും അടിവരയിടുന്നത്. റണ്ണൊഴുക്ക് തടയാൻ യോർക്കറുകളെ മാത്രം അമിതമായി ആശ്രയിക്കുന്ന ആധുനിക ബൗളർമാർക്കിടയിൽ, ഈ ബാംഗ്ലൂർ പേസർമാർ വ്യത്യസ്തരാകുന്നു. കൃത്യമായ ലെങ്തിൽ പന്തെറിഞ്ഞ് വിക്കറ്റുകൾ പിഴുതുകൊണ്ട് ക്രിക്കറ്റിലെ ആ 'ഓൾഡ് സ്കൂൾ' രീതിയുടെ കരുത്താണ് ഇരുവരും വീണ്ടും തെളിയിക്കുന്നത്.

English summary: Josh Hazlewood and Bhuvneshwar Kumar delivered a masterclass in disciplined, old-school bowling to dismantle Delhi’s batting early in the match, proving that accuracy and strategy still dominate in T20 cricket.