

Rinku Singh: ഈ സീസണിൽ അത്ര മികച്ച തുടക്കമല്ല കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു ലഭിച്ചത്. തുടർച്ചയായ അഞ്ച് തോൽവികൾക്കുശേഷം രാജസ്ഥാൻ റോയൽസിനെതിരെ ആശ്വാസ ജയം. ആദ്യജയം നൽകിയ ആത്മവിശ്വാസത്തിൽ ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഇറങ്ങിയപ്പോൾ ബാറ്റിങ്ങിൽ പാളി. എന്നാൽ അത്ഭുതകരമായ വിധം സൂപ്പർ ഓവറിൽ ലഖ്‌നൗവിനെ തോൽപ്പിച്ച് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.
കൊൽക്കത്തയുടെ ജയത്തിൽ ഒഴിച്ചുകൂടാനാവാത്ത പേരാണ് റിങ്കു സിങ്. ടീമിനായി തന്റെ നൂറ് ശതമാനവും സമർപ്പിക്കുന്ന താരം. ലഖ്‌നൗവിനെതിരായ മത്സരത്തിൽ റിങ്കു തന്നെയാണ് കളിയിലെ താരം. ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും താരം കൊൽക്കത്തയുടെ രക്ഷകനാകുന്ന കാഴ്ച.
വൻ തകർച്ചയിലേക്ക് കൊൽക്കത്ത കൂപ്പുകുത്തുമ്പോഴാണ് റിങ്കു ക്രീസിലെത്തുന്നത്. 6.1 ഓവറിൽ 31-4 എന്ന നിലയിൽ കൊൽക്കത്ത പതറുമ്പോൾ റിങ്കു ബാറ്റ് ചെയ്യാനെത്തുന്നു. ഒരു വശത്ത് ഉറച്ചുനിൽക്കാൻ റിങ്കു ശ്രമിക്കുമ്പോഴും മറുവശത്ത് കൊൽക്കത്തയ്ക്കു വിക്കറ്റുകൾ നഷ്ടമായി. 73-6 എന്ന നിലയിൽ ടീം ടോട്ടൽ 100 കടക്കുമോ എന്നു പോലും കൊൽക്കത്ത സംശയിച്ചു. എന്നാൽ റിങ്കുവിന്റെ ഒറ്റയാൾ പോരാട്ടം കൊൽക്കത്തയ്ക്കു 155 റൺസെന്ന മാന്യമായ സ്‌കോർ സമ്മാനിച്ചു.
51 പന്തുകൾ നേരിട്ട റിങ്കു ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 83 റൺസുമായി പുറത്താകാതെ നിന്നു. കൊൽക്കത്തയുടെ ബാറ്റിങ് ഓർഡറിൽ മറ്റാരും 25 പന്തുകൾ നേരിട്ടിട്ടില്ല എന്ന് കൂടി ഓർക്കണം. 162.75 സ്‌ട്രൈക് റേറ്റിലായിരുന്നു റിങ്കുവിന്റെ ഇന്നിങ്‌സ്.
ചെറിയ സ്‌കോർ ആണെങ്കിലും ഫീൽഡിങ്ങിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും റിങ്കു തയ്യാറായില്ല. ലഖ്‌നൗവിന്റെ നാല് താരങ്ങളെ പുറത്താക്കാൻ ക്യാച്ചെടുത്തത് റിങ്കുവാണ്. ഏദൻ മാർക്രം, മുകുൾ ചൗധരി, ഹിമ്മത്ത് സിങ്, ജോർജ് ലിൻഡെ എന്നിവരുടെ ക്യാച്ചുകളാണ് റിങ്കുവിന്റെ കൈകളിൽ ഭദ്രമായത്. ഫോറുകളെ സിംഗിളിലും ഡബിളിലും ഒതുക്കി അന്യായ ഫീൽഡിങ് മികവാണ് റിങ്കു പുറത്തെടുത്തത്.
മത്സരം സൂപ്പർ ഓവറിലേക്ക് എത്തിയപ്പോഴും അവിടെയും റിങ്കു ഷോ. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന്റെ ഏദൻ മാർക്രത്തെ പുറത്താക്കാനുള്ള ക്യാച്ച് റിങ്കുവിന്റെ വകയായിരുന്നു. ലഖ്‌നൗ സൂപ്പർ ഓവറിൽ നേടിയ ഒരു റൺസ് ബാറ്റ് ചെയ്യാനിറങ്ങി ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച് റിങ്കു കൂളായി ഫിനിഷ് ചെയ്തു. റിങ്കു തന്നെയാണ് കളിയിലെ താരവും. ഈ സീസണിൽ കൊൽക്കത്തയിലെ പല വമ്പൻമാർക്കും അടിതെറ്റിയപ്പോൾ റിങ്കു സിങ് ടീമിന്റെ കരുത്താകുന്ന കാഴ്ചയാണ് കാണുന്നത്.
English summary: Rinku Singh has become an indispensable figure in Kolkata Knight Riders’s victory. A player who gives his hundred percent for the team, Rinku delivered a standout all-round performance to lead KKR to a dramatic win over Lucknow Super Giants. Known for his commitment, he produced a match-winning display with both bat and in the field, earning the Player of the Match award.
With KKR struggling at 31/4, Rinku anchored the innings brilliantly, scoring an unbeaten 83 off 51 balls to guide the team to a competitive total of 155. His effort proved crucial in turning the game around after a shaky start.
He was equally impactful in the field, taking four important catches to keep KKR in contention. The match eventually went into a Super Over, where Rinku once again rose to the occasion—contributing in the field and calmly finishing the chase with a boundary off the very first ball.