ഡല്‍ഹിയ്ക്കുവേണ്ടി കഴിഞ്ഞ കുറച്ച് കാലങ്ങളില്‍ നല്ല പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും, ഐപിഎല്‍ കുറച്ചുകാലമായി പഴയ രാഹുലിനെ വളരെയധികം 'മിസ്സ്' ചെയ്യുന്നുണ്ട്. പഞ്ചാബിനെ ഒറ്റയ്ക്ക് തോളിലേറ്റിയ ചെറുപ്പക്കാരനായ രാഹുല്‍, ഇന്നത്തേക്കാള്‍ കൂടുതല്‍ ആക്രമണ മനോഭാവത്തിലാണ് ബാറ്റ് ചെയ്തിരുന്നത്.
എറിയുന്നത് ഏത് ലോകോത്തര ബൗളര്‍ ആണെങ്കിലും അടിച്ച് ബൗണ്ടറി കടത്തുന്ന രാഹുലിന് ഒരു വിളിപ്പേരും വീണു; 'ക്ലാസി രാഹുല്‍'. പിന്നീട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ പോയപ്പോള്‍ മുതല്‍ രാഹുലിന്റെ കളിശൈലി ഇത്തിരി മെല്ലെയായി. ആക്രമണ മനോഭാവം നിയന്ത്രിച്ച് ശ്രദ്ധിച്ച് ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്ന രീതിയിലേക്ക് രാഹുല്‍ മാറി. പതിയെ പഴയ അഗ്രസ്സീവ് രാഹുല്‍ ഇല്ലാതായി.
എന്നാല്‍, തന്റെ പഴയ ടീമായ പഞ്ചാബിനെതിരായ മത്സരത്തിലെ പ്രകടനത്തിനുശേഷം, രാഹുല്‍ വലിയൊരു സൂചന നല്‍കുന്നുണ്ട് - പഴയ അഗ്രസ്സീവ് രീതിയൊന്നും എവിടേയ്ക്കും പോയിട്ടില്ലെന്ന്. വെറും 67 പന്തുകളില്‍ 152 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. എറിയാന്‍ വരുന്ന എല്ലാ ബൗളര്‍മാരെയും അറഞ്ചം പുറഞ്ചം തല്ലുന്ന രീതി. പക്ഷേ രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് വെറും കാടനടികളില്‍ ഒതുങ്ങുന്നതല്ല. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും അളന്നുമുറിച്ച ഷോട്ടുകളാണ് പായിച്ചത്.
സ്വീപ് ഷോട്ടുകളും പുള്‍ ഷോട്ടുകളും കവര്‍ ഡ്രൈവുകളും തന്റെ പ്രിയപ്പെട്ട ഫ്‌ളിക്ക് ഷോട്ടുകളുമായി രാഹുല്‍ കളം നിറഞ്ഞു. ഈ കളി രീതി തന്നെയാണ് 'ക്ലാസി രാഹുല്‍' എന്ന വിളിപ്പേര് നല്‍കിയതും. പരിചയസമ്പന്നരായ ചഹലും അര്‍ഷ്ദീപും ജാന്‍സനും രാഹുലിനെതിരെ നിസ്സഹായരായി നിന്നു. ഗ്രൗണ്ടിന്റെ എല്ലാ ഗ്യാപ്പുകളിലും പന്തെത്തിക്കാനുള്ള രാഹുലിന്റെ കഴിവ് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഫീല്‍ഡിങ് തന്ത്രങ്ങളെല്ലാം വെള്ളത്തിലാക്കി.
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16 ഫോറുകളും 9 സിക്‌സുകളുമാണ് രാഹുല്‍ അടിച്ചെടുത്തത്. ഐപിഎല്ലിലെ രാഹുലിന്റെ ആറാമത്തെ സെഞ്ചുറിയാണ് ഡല്‍ഹിയില്‍ പിറന്നത്. 226.8 എന്ന ഭീകര സ്‌ട്രൈക്ക്‌റേറ്റില്‍ ബാറ്റ് ചെയ്ത രാഹുല്‍, തന്റെ ബാറ്റിങ്ങ് അവസാനിച്ചപ്പോള്‍ മികച്ച റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് പട്ടികയില്‍ ഒന്നാമതായി. ഐപിഎല്ലിലെ ഒരു ബാറ്ററുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ പട്ടികയില്‍ രാഹുല്‍ മൂന്നാമതെത്തി. 158 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലവും 175 റണ്‍സെടുത്ത ക്രിസ് ഗെയിലുമാണ് രാഹുലിന് മുന്നിലുള്ളത്.
English Summary: KL Rahul delivered a stunning return to his aggressive batting style with a blistering 152 off 67 balls against Punjab in the IPL. His innings, filled with boundaries and sixes, reminded fans of the old “Classy Rahul” and placed him among the top scorers in the tournament.