Sports News

'നെപ്പോ കിഡ് പരിഹാസം ഇനിയും വേണോ'; മുംബൈ ലീഗിൽ വിറപ്പിച്ച് അർജുൻ ടെൻഡുൽക്കർ

മൂന്ന് ഓവറിൽ വെറും 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അർജുൻ വീഴ്ത്തിയത്

Sports Desk

മുംബൈ ടി20 ലീഗിൽ കൊടുങ്കാറ്റായി സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ. ബാറ്റ് കൊണ്ടും ബോളുകൊണ്ടും ടീമിന്റെ വിജയശിൽപ്പിയായി താരം. മുംബൈ ലീഗിൽ അന്ധേരി ടീമിനു വേണ്ടിയാണ് അർജുൻ കളിക്കുന്നത്.

ബാന്ദ്രയ്‌ക്കെതിരായ മത്സരത്തിലാണ് അർജുൻ ടെൻഡുൽക്കറുടെ വിസ്മയിപ്പിക്കുന്ന പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ബാന്ദ്രയെ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസിലൊതുക്കാൻ അന്ധേരിക്കു സാധിച്ചു. മൂന്ന് ഓവറിൽ വെറും 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അർജുൻ വീഴ്ത്തിയത്. ഒരോവർ മെയ്ഡൻ ആയിരുന്നു.

മറുപടി ബാറ്റിങ്ങിൽ 13.5 ഓവറിൽ അന്ധേരി ലക്ഷ്യംകണ്ടു. 34 പന്തിൽ 66 റൺസാണ് അർജുൻ നേടിയത്. വെറും 25 പന്തുകളിൽ അർജുൻ അർധ സെഞ്ചുറി തികച്ചു. നാല് ഫോറും അഞ്ച് സിക്‌സും സഹിതമാണ് അർജുന്റെ ഇന്നിങ്‌സ്. കളിയിലെ താരവും അർജുൻ തന്നെ.

സച്ചിന്റെ മകൻ ആയതുകൊണ്ട് മാത്രമാണ് അർജുന് ഐപിഎലിൽ അടക്കം അവസരങ്ങൾ ലഭിക്കുന്നതെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. ഇതിനിടെയാണ് അർജുന്റെ മികച്ച പ്രകടനം. ഐപിഎലിൽ നേരത്തെ മുംബൈ ഇന്ത്യൻസ് താരമായിരുന്നു അർജുൻ. കഴിഞ്ഞ മെഗാതാരലേലത്തിനു മുന്നോടിയായി അർജുനെ മുംബൈ ലീവ് ചെയ്യുകയായിരുന്നു. പിന്നീട് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരത്തെ സ്വന്തമാക്കി.

ഈ സീസണിൽ ലഖ്‌നൗവിനു വേണ്ടി ഒരു കളി അർജുന് അവസരം ലഭിച്ചിരുന്നു. നാല് ഓവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ അർജുൻ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

English Summary: Arjun Tendulkar delivered a sensational all-round performance in the Mumbai T20 League, helping Andheri secure a convincing victory over Bandra. The left-arm pacer first impressed with the ball, taking three wickets for just 11 runs in three overs, including a maiden, as Bandra were restricted to 144/9 in 20 overs.