Sports News

നീരജ് ചോപ്രയ്ക്ക് ശേഷം ചരിത്രം കുറിച്ച് ആശിഷ് യാദവ്; ലോക ജൂനിയര്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി

2026 മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ത്രോസ് ചാമ്പ്യന്‍ഷിപ്പില്‍ 74.49 മീറ്റര്‍ എറിഞ്ഞ് തന്റെ കരിയറിലെ മികച്ച പ്രകടനത്തോടെ അണ്ടര്‍-20 കിരീടം സ്വന്തമാക്കി ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു

Sports Desk

ലോക അണ്ടര്‍-20 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ 19-കാരന്‍ ആശിഷ് യാദവ്. അമേരിക്കയിലെ ഒറിഗോണിലുള്ള യൂജിനില്‍ നടന്ന ഫൈനലില്‍ 74.09 മീറ്റര്‍ ദൂരം എറിഞ്ഞാണ് ആശിഷ് രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചത്. 2016-ല്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയതിന് ശേഷം ലോക ജൂനിയര്‍ അത്ലറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആശിഷ്. കൂടാതെ ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം കൂടിയാണിത്.

മെഡലിലേക്ക് വഴിതെളിച്ച പ്രകടനം

യോഗ്യതാ റൗണ്ടില്‍ 69.87 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ആശിഷ് ഫൈനലിലേക്ക് യോഗ്യത നേടിയത്. എട്ടുപേര്‍ മാറ്റുരച്ച ഫൈനലില്‍ തന്റെ മൂന്നാം ശ്രമത്തിലാണ് താരം മെഡല്‍ ഉറപ്പിച്ചത്. 69.96 മീറ്റര്‍, ഫൗള്‍, 74.09 മീറ്റര്‍, 72.31 മീറ്റര്‍, 70.62 മീറ്റര്‍, 67.98 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ആശിഷിന്റെ ത്രോകളുടെ പരമ്പര. ദക്ഷിണാഫ്രിക്കയുടെ ജാന്‍ ഹെന്‍ഡ്രിക് ഹെയ്മാന്‍സ് തന്റെ അവസാന ശ്രമത്തില്‍ ഈ സീസണിലെ ഏറ്റവും മികച്ച ദൂരമായ 80.50 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. ഡൊമിനിക്കയുടെ അഡിസണ്‍ ജെയിംസ് (73.89 മീറ്റര്‍) വെങ്കലം നേടി. മത്സരത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരമായ ടി. ധരണിധരന്‍ 72.35 മീറ്റര്‍ ദൂരത്തോടെ ആറാം സ്ഥാനത്തെത്തി.

എട്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

2016-ല്‍ പോളണ്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ എന്ന ലോക റെക്കോര്‍ഡോടെ നീരജ് ചോപ്ര സ്വര്‍ണം നേടിയ ശേഷം ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് മെഡലുകളൊന്നും ലഭിച്ചിരുന്നില്ല. 2018-ല്‍ സാഹില്‍ സില്‍വാളും 2022-ല്‍ വിവേക് കുമാറും നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈയൊരു നീണ്ട കാത്തിരിപ്പിനാണ് ആശിഷ് യാദവിലൂടെ ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്

2007 ഏപ്രില്‍ 11-ന് ഉത്തര്‍പ്രദേശില്‍ ജനിച്ച ആശിഷ് യാദവ്, ആര്‍മിക്കും ഉത്തര്‍പ്രദേശിനുമായി ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് ശ്രദ്ധേയനായത്. 2026 മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ത്രോസ് ചാമ്പ്യന്‍ഷിപ്പില്‍ 74.49 മീറ്റര്‍ എറിഞ്ഞ് തന്റെ കരിയറിലെ മികച്ച പ്രകടനത്തോടെ അണ്ടര്‍-20 കിരീടം സ്വന്തമാക്കി ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ലൂധിയാനയില്‍ നടന്ന ഇന്ത്യന്‍ അത്ലറ്റിക്‌സ് സീരീസില്‍ 72.27 മീറ്റര്‍ ദൂരത്തോടെ മൂന്നാം സ്ഥാനവും തുമകുരുവില്‍ നടന്ന നാഷണല്‍ ജൂനിയര്‍ അണ്ടര്‍-20 അത്ലറ്റിക്‌സ് ഫെഡറേഷന്‍ കോമ്പറ്റീഷനില്‍ 73.12 മീറ്റര്‍ പ്രകടനത്തോടെ വെള്ളി മെഡലും നേടി ആശിഷ് തന്റെ കരിയറിലെ മികച്ച ഫോം നിലനിര്‍ത്തി.

India’s 19-year-old javelin thrower Ashish Yadav won the silver medal in the men’s javelin throw at the World U20 Athletics Championships in Eugene, Oregon. He recorded a best throw of 74.09 metres in the final, becoming the first Indian javelin thrower since Neeraj Chopra in 2016 to win a medal at the World U20 Championships. His achievement also gave India its first medal of the 2026 championship. South Africa’s Jan Hendrik Heymans won gold with 80.50 metres, while Dominica’s Addison James took bronze with 73.89 metres. Yadav, who hails from Uttar Pradesh, has emerged as one of India’s promising young javelin throwers after a series of strong performances in domestic competitions.