Sports News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- ജോര്‍ജിന വിവാഹം: വിവാഹമോചനം നേടിയാലും സ്വത്തുക്കള്‍ സുരക്ഷിതമാക്കാന്‍ 'പ്രത്യേക കരാര്‍'

കരാര്‍ അനുസരിച്ച് റൊണാള്‍ഡോയുടെ നിലവിലെ ക്ലബ്ബായ അല്‍-നസറിലെ ഭീമമായ പ്രതിഫലം, പരസ്യ വരുമാനങ്ങള്‍, പെസ്താന സി.ആര്‍ 7 ഹോട്ടല്‍ ശൃംഖല അടക്കമുള്ള ബിസിനസ് സംരംഭങ്ങളില്‍ നിന്നുള്ള വരുമാനം എന്നിവ പൂര്‍ണമായും റൊണാള്‍ഡോയുടെ പേരില്‍ തന്നെയായിരിക്കും

Sports Desk

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കാമുകി ജോര്‍ജിന റോഡ്രിഗസും ഓഗസ്റ്റ് 11-നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ കരാറിലെ സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മെക്‌സിക്കന്‍ മാധ്യമമായ 'എന്‍ പാരേഹ' പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, 'സെപ്പറേഷന്‍ ഓഫ് പ്രോപ്പര്‍ട്ടി' അഥവാ സ്വത്തുക്കള്‍ വെവ്വേറെ നിലനിര്‍ത്തുന്ന വ്യവസ്ഥയിലാണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്താണ് സെപ്പറേഷന്‍ ഓഫ് പ്രോപ്പര്‍ട്ടി?

പോര്‍ച്ചുഗീസ് നിയമപ്രകാരമുള്ള ഈ കരാര്‍ അനുസരിച്ച്, വിവാഹത്തിന് മുന്‍പോ വിവാഹശേഷമോ റൊണാള്‍ഡോയും ജോര്‍ജിനയും സ്വന്തമാക്കുന്ന സ്വത്തുക്കളിലും വരുമാനത്തിലും നിക്ഷേപങ്ങളിലും ഇരുവര്‍ക്കും വ്യക്തിഗതമായി മാത്രമായിരിക്കും അവകാശം. അതായത് രണ്ട് പേരും സ്വതന്ത്രമായി ഉണ്ടാക്കുന്ന സമ്പത്തില്‍ അവരവര്‍ക്ക് മാത്രമായിരിക്കും പൂര്‍ണ അവകാശം. ഭാവിയില്‍ ഏതെങ്കിലും കാരണവശാല്‍ ഇരുവരും വേര്‍പിരിയുകയാണെങ്കില്‍ സ്വത്തുക്കള്‍ നല്‍കേണ്ടി വരില്ല. കരാര്‍ അനുസരിച്ച് റൊണാള്‍ഡോയുടെ നിലവിലെ ക്ലബ്ബായ അല്‍-നസറിലെ ഭീമമായ പ്രതിഫലം, പരസ്യ വരുമാനങ്ങള്‍, പെസ്താന സി.ആര്‍ 7 ഹോട്ടല്‍ ശൃംഖല അടക്കമുള്ള ബിസിനസ് സംരംഭങ്ങളില്‍ നിന്നുള്ള വരുമാനം എന്നിവ പൂര്‍ണമായും റൊണാള്‍ഡോയുടെ സ്വന്തം പേരില്‍ തന്നെയായിരിക്കും.

വേര്‍പിരിയേണ്ടി വന്നാല്‍ എന്ത് സംഭവിക്കും?

ഭാവിയില്‍ വിവാഹമോചനം സംഭവിക്കുകയാണെങ്കില്‍ പ്രാബല്യത്തില്‍ വരുന്ന ചില പ്രത്യേക നിബന്ധനകളും ഈ കരാറിലുണ്ടെന്ന് പോര്‍ച്ചുഗീസ് മാസികയായ 'ടി.വി ഗിയ' റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹമോചനം നേടിയാല്‍ പ്രതിമാസ ജീവനാംശമായി 1,00,000 യൂറോ (ഏകദേശം 1.10 കോടി രൂപ) ജോര്‍ജിനയ്ക്ക് ലഭിക്കും. കൂടാതെ മാഡ്രിഡിലെ 'ലാ ഫിങ്ക'യിലുള്ള റൊണാള്‍ഡോയുടെ ആഡംബര വീടിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം ജോര്‍ജിനയ്ക്ക് ലഭിക്കും. നിലവില്‍ ഇതിന് 5.6 മില്യണ്‍ ഡോളറിലധികം (ഏകദേശം 53.50 കോടി രൂപ) മൂല്യമുണ്ട്.

സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത രഹസ്യ ചടങ്ങ്

ഇരുവരുടെയും അഞ്ച് മക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. റൊണാള്‍ഡോയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്ത് മിഗുവല്‍ പെയ്ക്‌സാവോ, ജോര്‍ജിനയുടെ സഹോദരി ഇവാന റോഡ്രിഗസ് എന്നിവരാണ് വിവാഹത്തിന്റെ ഔദ്യോഗിക സാക്ഷികളായി ഒപ്പുവെച്ചത്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള റൊണാള്‍ഡോയുടെ വിവാഹത്തില്‍ സഹതാരങ്ങളോ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളോ പങ്കൊടുത്തിരുന്നില്ല. വിവാഹശേഷവും ഇരുവരും തങ്ങളുടെ കുടുംബപ്പേരുകള്‍ മാറ്റിയിട്ടില്ല. മഡെയ്‌റയിലെ ഫഞ്ചാല്‍ കത്തീഡ്രലില്‍ വെച്ച് വന്‍ ആഘോഷത്തോടെ വിവാഹ സല്‍ക്കാരം നടന്നേക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് നൂറുകണക്കിന് ആരാധകരും മാധ്യമങ്ങളും തടച്ചുകൂടിയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വിവാഹം പോലെ തന്നെ ഈ ചടങ്ങുകളും തികച്ചും രഹസ്യമായി സൂക്ഷിക്കാനാണ് താരജോഡികളുടെ തീരുമാനം.

Football superstar Cristiano Ronaldo and his partner Georgina Rodríguez reportedly married in a private ceremony on August 11 attended only by close family and friends. Reports suggest that their marriage was registered under a “separation of property” regime under Portuguese law, meaning their individually acquired assets, income and investments remain separately owned. Ronaldo’s earnings from Al-Nassr, endorsements and business ventures such as the Pestana CR7 hotel chain would therefore remain his personal assets.