Sports News

കാര്‍വഹാളും റയല്‍ വിട്ടു; വിടപറഞ്ഞത് റൊണാള്‍ഡോ യുഗത്തിലെ അവസാന കണ്ണി

മെസ്സിയുള്ള ബാഴ്സയും റൊണാള്‍ഡോയുള്ള റയലും, അത് സമാനതളില്ലാത്തൊരു കാലഘട്ടമാണ്

Sports Desk

കേവലം വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല ഫുട്‌ബോള്‍ ആരാധകര്‍ക്ക് മെസ്സി, റൊണാള്‍ഡോ കാലഘട്ടം. ചാമ്പ്യന്‍സ് ലീഗും ലാലിഗയും ബാലന്‍ഡി ഓറും മറ്റു ഫുട്‌ബോള്‍ സമവാക്യങ്ങളുമൊക്കെ സ്‌പെയിനിലെ രണ്ട് ക്ലബുകളിലും നാല് കാല്‍പാദങ്ങളിലും ഉടക്കിനിന്ന യുഗം. മത്സരങ്ങളും ആരവങ്ങളും ആവേശങ്ങളും വീറും വാശിയും അന്ന് ലൈവായി കണ്ടിട്ടില്ലാത്തവര്‍ക്ക് ഇനിയൊരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത അപൂര്‍വ കാലഘട്ടം.

റയല്‍ മാഡ്രിഡിലും ബാഴ്‌സലോണയിലുമായി ആ കാലഘട്ടത്തിലെ താരങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുപോയി. മെസിയോടുകൂടെ പന്തുതട്ടിയവര്‍ പേരിന് ബാഴ്‌സയില്‍ ഇപ്പോഴും ഉണ്ടെങ്കിലും റയല്‍ മാഡ്രിഡിലെ അവസാന കണ്ണി ഇന്നലത്തോടെ ക്ലബ് വിട്ടു. അത്‌ലറ്റിക് ക്ലബുമായി ഇന്നലെനടന്ന അവസാന ലാലിഗ മത്സരത്തോടെ 13 വർഷത്തെ കൂട്ടുകെട്ട് അവസാനിപ്പിച്ച് ക്ലബിന്റെ കാരണവരായിരുന്ന ഡാനി കാര്‍വഹാള്‍ ക്ലബിനോട് വിട പറഞ്ഞു. കൂടെ ഡേവിഡ് അലാബോയുമുണ്ടായിരുന്നു. 2013ല്‍ ലെവര്‍കൂസണില്‍നിന്ന് റയലിലെത്തിയ കാര്‍വഹാള്‍ 303 മത്സരങ്ങള്‍ ക്ലബിനുവേണ്ടി കളിച്ചിട്ടുണ്ട്. 10 ഗോളുകളും ക്ലബിനുവേണ്ടി നേടി.

2018ല്‍ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറി റൊണാള്‍ഡോതന്നെയാണ് തന്റെ യുഗാന്ത്യത്തിന് തുടക്കംകുറിച്ചത്. മെസ്സിയാകട്ടെ, ബാഴ്‌സലോണയില്‍ മുന്ന് വര്‍ഷംകൂടി പൂര്‍ത്തിയാക്കി 2021ലാണ് പിഎസ്ജിയിലേക്ക് പോകുന്നത്. റൊണാള്‍ഡോക്കുശേഷം മൂന്ന് വര്‍ഷംപൂര്‍ത്തിയാക്കി വരാനെ 2021ല്‍ റയല്‍വിട്ട് ആദ്യ ബെല്ലടിച്ചു. 2011ല്‍ റയലിനോടുകൂടെ കൂടിയ ആ സെന്റര്‍ ബാക്ക് ഒരുപതിറ്റാണ്ട് കൂടെയുണ്ടായിരുന്നു.

പിന്നീടുള്ള വര്‍ഷങ്ങള്‍ അക്ഷരാര്‍ത്ഥതില്‍ സങ്കടക്കാഴ്ച്ചകാളായിരുന്നു ആരാധകര്‍ക്ക്. അതേവര്‍ഷം ക്ലബിന്റെ വന്‍മതില്‍ സെര്‍ജിയോ റാമോസും വിടപറഞ്ഞു. നീണ്ട പതിനാറ് വര്‍ഷത്തെ സഹവാസത്തിന്റെ കഥയാണ് റാമോസുമായി ക്ലബിനുള്ളത്. 2022ല്‍ മാഴ്‌സെലോയും ബാലെയും ക്ലബ് വിട്ടു. 2023ല്‍ കരിം ബെന്‍സിമയും 2024ല്‍ നാച്ചോയും ടോണി ക്രൂസും കഴിഞ്ഞവര്‍ഷം ലൂക്കാ മോഡ്രിച്ചും ക്ലബിനോട് വിടപറഞ്ഞ് കാര്‍വഹാളിനെമാത്രം ബാക്കിവെച്ചു. ആ പട്ടികയാണ് കാര്‍വഹാള്‍ ഇന്നലെ പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ രണ്ട് സീസണൊഴിച്ചാല്‍ റൊണാള്‍ഡോയുടെ മടക്കത്തിനുശേഷം റയലിന് കാര്യമായ കിരീട ക്ഷാമങ്ങള്‍ നേരിട്ടില്ലെങ്കിലും ഓരോ വര്‍ഷവും ഓരോ നായകന്‍മാരെ നഷ്ടമാകുന്ന കാഴ്ച്ചയാണ് ആരാധകര്‍ക്ക് കാണ്ടത്. 2021 മുതല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഓരോ നായകര്‍വീതം റയല്‍ മാഡ്രിഡിന്റെ പടിയിറങ്ങി. 2021 റാമോസ്, 2022 മാഴ്‌സെലോ, 2023 ബെന്‍സിമ, 2024 നാച്ചോ, 2025 മോഡ്രിച്ച്, 2026 കാര്‍വഹാള്‍ ഇങ്ങനെയാണ് തുടര്‍ച്ചയായി പടിയിറങ്ങിയ നായകന്‍മാര്‍.

English Summary: The Messi-Ronaldo era was one of football’s greatest periods, dominated by Real Madrid and Barcelona. After Cristiano Ronaldo left in 2018 and Lionel Messi departed Barcelona in 2021, the stars of that legendary generation slowly moved on. With Dani Carvajal leaving after Real Madrid’s final La Liga match, Madrid officially lost its last remaining link to Ronaldo’s iconic era. Legends like Ramos, Marcelo, Benzema, Kroos and Modrić had already departed in previous years, bringing an emotional end to a historic generation.