Sports News

'സീ 5 ചതിച്ചാശാനേ'; ലോകകപ്പ് പ്രേമികൾ കടുത്ത നിരാശയിൽ, ബദൽ തേടി പോകുമ്പോൾ ശ്രദ്ധ വേണം

ലോകകപ്പ് കിക്കോഫിനു ഏതാനും മണിക്കൂർ മുൻപ് സീ 5 സബ്‌സ്‌ക്രിപ്ഷൻ പ്ലാനിൻ മാറ്റം വരുത്തിയതാണ് ഫുട്‌ബോൾ പ്രേമികളെ ചൊടിപ്പിച്ചത്

Sports Desk

ലോകകപ്പിന്റെ ഭാഗമായി 799 രൂപയ്ക്കു മൂന്ന് മാസത്തെ പ്ലാൻ സി 5 ഒരുക്കിയിരുന്നു. മൂന്ന് ഡിവൈസുകൾ ഇതിൽ കണക്ട് ചെയ്യാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതേ തുടർന്ന് ഈ പ്ലാനിലേക്ക് കായികപ്രേമികളുടെ ഒഴുക്കായിരുന്നു. മൂന്ന് പേർ ഷെയർ ചെയ്ത് 799 രൂപയുടെ പ്ലാൻ എടുക്കുമ്പോൾ ഒരാൾക്ക് 266.3 രൂപയാണ് വരുന്നത്. എന്നാൽ ലോകകപ്പിലെ ആദ്യ മത്സരത്തിനു മുൻപ് ഈ പ്ലാനിൽ സീ 5 മാറ്റം വരുത്തി.

799 രൂപയുടെ മൂന്ന് മാസത്തെ പ്ലാൻ മൂന്ന് ഡിവൈസിൽ നിന്ന് ഒന്നിലേക്ക് ചുരുക്കി. നേരത്തെ എടുത്തവർക്കു പഴയ പ്ലാൻ കൃത്യമായി ലഭിക്കുമോ എന്ന കാര്യത്തിലും സീ 5 വ്യക്തത വരുത്തിയിട്ടില്ല. കളി കാണാൻ മൂന്ന് ഡിവൈസിനുള്ള പ്ലാൻ റീചാർജ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആണ് പലരും തങ്ങൾക്കു പണി കിട്ടിയ കാര്യം അറിഞ്ഞത്. ചിലർ റീചാർജ് ചെയ്ത ശേഷമാണ് മൂന്ന് ഡിവൈസ് ഇല്ലല്ലോ എന്ന കാര്യംതന്നെ അറിയുന്നത്.

'നേരത്തെ മൂന്ന് ഡിവൈസിനു ഉണ്ടായിരുന്ന 799 രൂപയുടെ പ്ലാൻ സീ 5 ഒരു ഡിവൈസിലേക്ക് മാറ്റിയിരിക്കുന്നു. ലോകകപ്പ് ലക്ഷ്യമിട്ട് വലിയൊരു കൊള്ളയാണ് ഇവർ നടത്തുന്നത്,'

' ഇതിലും ഭേദം കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങുന്നതാണ്,'

' നേരത്തെ 799 രൂപയുടെ പ്ലാൻ എടുത്തതാണ്. മൂന്ന് ഡിവൈസിലേക്ക് കണക്ട് ചെയ്യാൻ സാങ്കേതിക പ്രശ്‌നം കാണിക്കുന്നു. എന്തൊരു മോശം പ്ലാറ്റ്‌ഫോം ആണ്,'

എന്നിങ്ങനെ സീ 5 നെതിരെ വിമർശനങ്ങളും ട്രോളുകളും രൂക്ഷമാണ്.

അതേസമയം സീ 5 പ്ലാൻ മാറ്റിയതോടെ വ്യാജ ആപ്പുകൾ വിലസുകയാണ്. ചുരുങ്ങിയ ചെലവിൽ ലോകകപ്പ് കാണാമെന്നു പറഞ്ഞ് പല വ്യാജ ആപ്പുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസ് അറിയിച്ചു. ഇത്തരം ആപ്പുകളിൽ സാമ്പത്തിക തട്ടിപ്പിനു അടക്കം സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

English Summary: Football fans in India have launched a strong backlash against Zee5 after the platform reportedly altered its FIFA World Cup 2026 subscription plans just hours before the tournament began. Zee5 had promoted a three-month plan priced at ₹799 that initially allowed streaming on three devices, prompting many fans to subscribe and share costs. The controversy has also led to the spread of unofficial streaming apps claiming to offer cheaper access. Kerala Police has warned fans against using such apps, citing risks of financial fraud and cyber scams.