Sports News

കളിമികവിൽ ആർക്കും തർക്കമില്ല; പക്ഷേ പാട്ടിദാറിന്റെ വഴിമുടക്കും 'പ്രായം'

ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യവർഷം തന്നെ ടീമിനെ കിരീടത്തിലെത്തിച്ച പാട്ടിദാർ തുടർച്ചയായി രണ്ടാം തവണയാണ് ഐപിഎൽ ഫൈനലിലേക്ക് എത്തുന്നത്

Sports Desk

നായകൻ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ ഫൈനലിൽ എത്തിയിരിക്കുന്നു. ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യവർഷം തന്നെ ടീമിനെ കിരീടത്തിലെത്തിച്ച പാട്ടിദാർ തുടർച്ചയായി രണ്ടാം തവണയാണ് ഐപിഎൽ ഫൈനലിലേക്ക് ടീമിനെയും കൊണ്ട് നടന്നുകയറിയത്.

ഈ സീസണിലെ പട്ടിദാറിന്റെ പ്രകടനവും ദേശീയ ടീമിലേക്കുള്ള സാധ്യതയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. പാട്ടിദാറിനെ കണ്ടില്ലെന്നു നടിക്കാൻ സെലക്ടർമാർക്കു കഴിയില്ലെന്ന് ക്രിക്കറ്റ് ആരാധകർ പറയുന്നു. ട്വന്റി 20 ഫോർമാറ്റിൽ പാട്ടിദാർ ഇന്ത്യക്കായി കളിക്കണമെന്ന് മുൻ ദേശീയ താരങ്ങളും അഭിപ്രായപ്പെടുന്നു.

ഉറപ്പായും ഇന്ത്യയുടെ ടി20 പദ്ധതികളിൽ ഉൾപ്പെടുത്തേണ്ട താരമാണ് പാട്ടിദാറെന്നും അദ്ദേഹത്തിന്റെ മികവിൽ രണ്ട് അഭിപ്രായത്തിനു സാധ്യതയില്ലെന്നും അമ്പാട്ടി റായിഡു അഭിപ്രായപ്പെട്ടു. എത്രയും വേഗം ഇന്ത്യയുടെ ടി20 ടീമിലേക്ക് പാട്ടിദാറിനെ ഉൾപ്പെടുത്തുക. നിർബന്ധമായും പട്ടിദാർ രാജ്യത്തിനായി കളിക്കണമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

ഈ സീസണിൽ 14 കളികളിൽ നിന്ന് 196.76 സ്‌ട്രൈക് റേറ്റിൽ 486 റൺസാണ് പാട്ടിദാർ നേടിയിരിക്കുന്നത്. അഞ്ച് കളികളിൽ അർധ സെഞ്ചുറി നേടിയിട്ടുണ്ട്. മധ്യ ഓവറുകളിൽ സ്പിന്നർമാരെ യാതൊരു ദയയുമില്ലാതെ ആക്രമിച്ചു കളിക്കുന്നതാണ് പാട്ടിദാറിന്റെ ശൈലി. അതേസമയം പട്ടിദാറിന്റെ പ്രായമാണ് ദേശീയ ടീമിലേക്കുള്ള സാധ്യതകൾ ചോദ്യം ചെയ്യപ്പെടാൻ പ്രധാന കാരണം. 1993 ജൂൺ ഒന്നിനാണ് താരത്തിന്റെ ജനനം. 33 വയസിലേക്ക് കടക്കുന്ന പട്ടിദാറിനു ദേശീയ ടീമിൽ ഇടം കൊടുക്കുന്നത് കൊണ്ട് ഭാവിയിൽ പ്രത്യേകിച്ചു ഗുണമൊന്നുമില്ല. 2028 ലെ ലോകകപ്പ് ആകുമ്പോഴേക്കും പ്രായം 35 കടക്കും. അതിനാൽ പ്രായത്തിന്റെ പേരിൽ പട്ടിദാറിനെ ഒഴിവാക്കാമെന്ന തീരുമാനത്തിലേക്ക് സെലക്ടർമാർ എത്തിയേക്കും.

English Summary: Rajat Patidar led Royal Challengers Bengaluru into the IPL final with explosive batting performances, sparking strong calls for his inclusion in India’s T20 squad. Former cricketers including Ambati Rayudu and Aakash Chopra believe Patidar deserves an immediate national team opportunity.However, selectors may hesitate because of his age, as Patidar, born in June 1993, is set to turn 33 soon. With the 2028 T20 World Cup approaching, concerns remain over whether India will invest in a player who would be over 35 by then.