Sports News

പാകിസ്ഥാന് ഐസിസിയുടെ മുന്നറിയിപ്പ്; ബഹിഷ്കരിച്ചാല്‍ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും!

മത്സരത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയാല്‍ ഏകദേശം 25 മില്യണ്‍(2200 കോടി രൂപ) അമേരിക്കന്‍ ഡോളറിന്റെ നഷ്ടം ടൂര്‍ണമെന്റിലുണ്ടാകും

Madism Desk

ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ മത്സരം ബഹിഷ്‌കരിച്ചാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഐസിസിയുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ നയപരമായ കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് ഇടപെടാനുള്ള അവകാശമുണ്ടെങ്കിലും ബഹിഷ്‌കരണം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഐസിസി. നിലവില്‍ പാകിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ക്രിക്കറ്റ് ആരാധകരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും നിലപാടില്‍ മാറ്റമില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ പിസിബി നേരിടേണ്ടി വരുമെന്നും ഐസിസി വൃത്തങ്ങള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം വിഷയത്തില്‍ രാജ്യത്തെ സര്‍ക്കാരിനൊപ്പമാണ് ടീമിന്റെ നിലപാടെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ വ്യക്തമാക്കിയിട്ടുണ്ട്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരങ്ങളിലൊന്നാണ് ഇന്ത്യാ-പാക് പോരാട്ടം. മത്സരത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയാല്‍ ഏകദേശം 25 മില്യണ്‍(2200 കോടി രൂപ) അമേരിക്കന്‍ ഡോളറിന്റെ നഷ്ടം ടൂര്‍ണമെന്റിലുണ്ടാകും. ബ്രോഡ്കാസ്റ്റര്‍മാരിലേക്കും മുഖ്യ സ്‌പോണ്‍സര്‍മാരിലേക്കും നഷ്ടം വ്യാപിച്ചാല്‍ ടൂര്‍ണമെന്റിന് വിലയിടിയുമെന്നും നിരീക്ഷണങ്ങളുണ്ട്. ഇന്ത്യാ-പാക് പോരാട്ടത്തിനിടെ നല്‍കുന്ന പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് ഏകദേശം 40 ലക്ഷത്തോളം രൂപയാണ് ഈടാക്കുന്നത്. ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശമുള്ള ജിയോ ഹോട്‌സ്റ്റാറിന് മത്സരം ഒഴിവാക്കിയാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കും. ഏകദേശം 250 കോടി രൂപ ഇതിലൂടെ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വില്‍പ്പന തുടങ്ങിയ ഇനത്തിലൂടെ ലഭിക്കേണ്ട കോടികള്‍ ഐസിസിക്കും നഷ്ടമാകും. രാജ്യങ്ങള്‍ക്ക് ഐസിസി നല്‍കിവരുന്ന വാര്‍ഷിക വിഹിതം മുതല്‍ വമ്പന്‍ തുകകള്‍ കണ്ടെത്താനുള്ള മാര്‍ഗമാണ് ലോകകപ്പ്, ഇതിലുണ്ടാകുന്ന നഷ്ടം വാര്‍ഷിക വിഹിതത്തെയും കാര്യമായി ബാധിക്കും. ബിസിസിഐയും ഇക്കാര്യത്തില്‍ അസംതൃപ്തി അറിയിച്ചതായിട്ടാണ് വിവരം. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പിസിബിയുടെ ബഹിഷ്‌കരണാഹ്വാനം സംബന്ധിച്ച് ഐസിസിക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.