Sports News

പോകുന്ന പോക്കിന് അപ്പുറത്തുള്ളവർക്കും പണികൊടുക്കാം; ഐപിഎല്ലിൽ 'അടിവാരം' ട്വിസ്റ്റ്

എട്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു പോലും പ്ലേ ഓഫിൽ എത്താൻ നേരിയ സാധ്യത

Sports Desk

ഐപിഎൽ ആവേശകരമായ അന്ത്യത്തിലേക്ക്. പ്രാഥമിക ഘട്ട മത്സരങ്ങൾ പൂർത്തിയാകാറായിട്ടും പ്ലേ ഓഫിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഉറപ്പുപറയാൻ കഴിയാത്ത സ്ഥിതിയാണ്. എട്ടാം സ്ഥാനത്ത് കിടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു പോലും പ്ലേ ഓഫിൽ എത്താൻ നേരിയ സാധ്യത അവശേഷിക്കുന്നു.

രണ്ട് ടീമുകളാണ് ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സും മുംബൈ ഇന്ത്യൻസും. അതേസമയം അവസാന മത്സരത്തിൽ ഇരു ടീമുകളും ജയിക്കുകയും ചെയ്തു. പ്ലേ ഓഫ് സാധ്യതയിൽ നിൽക്കുന്ന ടീമുകളെ തോൽപ്പിച്ച് പോയിന്റ് ടേബിൾ കൂടുതൽ ചൂടുപിടിപ്പിച്ചു.

പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സിനെയാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. മുംബൈയ്‌ക്കെതിരെ ജയിച്ചിരുന്നെങ്കിൽ മൂന്നാം സ്ഥാനത്തേക്ക് പഞ്ചാബിനു പ്രൊമോഷൻ ലഭിക്കുമായിരുന്നു. എന്നാൽ പഞ്ചാബ് അത്ര ഈസിയായി പ്ലേ ഓഫിൽ കയറാതിരിക്കാൻ മുംബൈ അവരെ തോൽപ്പിച്ചു. അടുത്ത രണ്ട് മത്സരങ്ങൾ ജയിച്ചില്ലെങ്കിൽ പ്ലേ ഓഫ് കാണാതെ പുറത്തായേക്കാമെന്ന അവസ്ഥയിലേക്ക് വരെ പഞ്ചാബിനെ മുംബൈ എത്തിച്ചു.

ചെന്നൈ സൂപ്പർ കിങ്‌സിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വീഴ്ത്തിയും പോയിന്റ് ടേബിളിൽ കാര്യങ്ങൾ സങ്കീർണമാക്കി. ആറാം സ്ഥാനത്താണു ചെന്നൈ ഇപ്പോൾ. ലഖ്‌നൗവിനെതിരെ ജയിച്ചിരുന്നെങ്കിൽ സ്ഥാനക്കയറ്റം ലഭിക്കുമായിരുന്നു. എന്നാൽ ലഖ്‌നൗവിനോടു തോറ്റതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ കടുപ്പമായി.

12 കളികളിൽ 16 പോയിന്റുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. സമാന പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസ് രണ്ടാമതുണ്ട്. 12 കളികളിൽ 14 പോയിന്റുമായി സൺറൈഡേഴ്‌സ് ഹൈദരബാദ് ആണ് മൂന്നാമത്.

English summary: The IPL playoff race has become highly competitive as eliminated teams like Mumbai Indians and Lucknow Super Giants upset playoff contenders, making the points table tighter. Royal Challengers Bengaluru and Gujarat Titans lead the standings with 16 points, while several teams are still fighting for the remaining playoff spots. Punjab Kings and Chennai Super Kings suffered crucial defeats that weakened their chances of qualification. Even teams placed lower in the table, including Kolkata Knight Riders, still retain a slim hope of reaching the playoffs.