Sports News

ഇറാൻ താരങ്ങൾക്ക് വിസ അനുവദിക്കാതെ യുഎസ്, തങ്ങളുടെ രാജ്യത്ത് താമസിക്കാമെന്ന് മെക്സികോ; ലോകകപ്പിലും പകപോക്കൽ തുടർന്ന് അമേരിക്ക

ലോകകപ്പിനുമുന്നോടിയായി ടീമം​ഗക്കൾക്കുള്ള യാത്രായപ്പ് നാളെയാണ് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ നിശ്ചയിച്ചിട്ടുള്ളത്

Sports Desk

ലോകകപ്പ് തുടങ്ങാൻ രണ്ടാഴ്ച്ചത്തോളം ബാക്കിനിൽക്കെ ഇറാൻ ടീമിന്റെ കാര്യത്തിലുള്ള അവ്യക്തതകൾക്ക് വിരാമമാകുന്നില്ല. ​ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് മത്സരങ്ങളും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലാണ് നടക്കുന്നതെങ്കിലും താരങ്ങൾക്ക് ഇതുവരെ അമേരിക്ക വിസ അനുവദിച്ചിട്ടില്ലെന്നത് ഇറാൻ ഫുട്​ബോൾ ഫെഡറേഷനെ ആശങ്കയിലാക്കുന്നുണ്ട്. മാത്രമല്ല, ലോകകപ്പിനുമുന്നോടിയായി ടീമം​ഗക്കൾക്കുള്ള യാത്രായപ്പ് നാളെയാണ് ഫെഡറേഷൻ നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, ഇറാൻ താരങ്ങൾക്ക് തങ്ങളുടെ രാജ്യത്ത് താമസിക്കാമെന്ന് മെക്സികോ പ്രസി‍ഡണ്ട് ക്ലോഡിയ ഷെയ്ൻബൗം അറിയിച്ചു. ഇറാൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും താമസമൊരുക്കണമെന്ന് ഫിഫ അഭ്യർത്ഥിച്ചിരുന്നതായും അവർ പറഞ്ഞു. അമേരിക്കയിലെ പരിശീലനവും താമസവും സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയും അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ നിസംഘതയും ചൂണ്ടിക്കാണിച്ച് ഇറാൻ ഫിഫയെ സമീപിച്ചിരുന്നതിന് ഇന്നത്തോടെ തീരുമാനമായിരിക്കുകയാണ്.

ഇറാൻ ടീമിനെ താൽക്കാലികമായി മെക്സിക്കോയിൽ പാർപ്പിക്കണമെന്നാവശ്യപ്പെട്ട് ഫിഫ അധികൃതർ തന്നെ സമീപിച്ചതായും അവർ അറിയിച്ചിരുന്നു. ഇറാൻ ടീമിനെ രാജ്യത്ത് താമസിപ്പിക്കാൻ അമേരിക്കക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കിയതിനെത്തുടർന്നാണ് ഈ ഫിഫയുടെ ഈ നീക്കം. ലോകകപ്പിൽ പങ്കെടുക്കാനായി ഇറാൻ ടീം അമേരിക്കയിലേക്ക് വരുന്നതിൽ ട്രംപ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ പലസമയങ്ങളിലായി ട്രംപ് അഭിപ്രായങ്ങൾ മാറ്റി പറയുന്നത് വിഷയത്തിലെ സ്ഥിരതയില്ലാഴ്മ വർധിപ്പിച്ചു. ഇതിനൊരു പരിഹാരമായാണ് ഇറാൻ ഫിഫയെ സമീപിച്ചത്.

അമേരിക്കിയിൽ പരിശീലനം നടത്താനുള്ള തീരുമാനം മെക്സികോയിലേക്ക് മാറ്റാൻ ഫിഫ അനുമതി നൽകിയതായി ഇറാൻ ഫുട്ബോൾ ഫെ‍ഡറേഷൻ മേധാവ് മെഹ്ദി താജ് കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു. പരിശീലന ക്യാമ്പ് അമേരിക്കയിലെ അരിസോണയിലെ ട്യൂസണിൽ നിന്ന് മെക്സിക്കോ അതിർത്തി നഗരമായ ടിജുവാനയിലേക്കായിരുന്നു മാറ്റിയത്. എന്നാൽ താരങ്ങൾക്ക് താമസിക്കാനുള്ള അനുമതി കൂടി മെക്സികോ നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മെക്സിക്കോയിലേക്ക് പരിശീലന കേന്ദ്രം മാറ്റുന്നതിലൂടെ വിസ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്നും, ഇറാൻ എയർ വിമാനങ്ങളിലൂടെ നേരിട്ട് മെക്സിക്കോയിലേക്ക് യാത്ര ചെയ്യാനാകുമെന്നും മെഹ്ദി താജ് വ്യക്തമാക്കി. ഫിഫ യോ​ഗത്തിന് പങ്കെടുക്കാനെത്തിയ മെഹ്ദി താജിനേയും സംഘത്തേയും കനേ‍ഡിയൻ വിമാനത്താവളത്തിൽനിന്നും ഈ മാസം തിരിച്ചയച്ചിരുന്നു. തങ്ങളേയോ ഐആർജിസിയോ അപമാനിക്കില്ലെന്ന ഉറപ്പ് ഫിഫ നൽകിയാൽമാത്രമെ ലോകകപ്പിനൊള്ളൂ എന്ന് ഇതിനുപിന്നാലെ ഇറാൻ നിലപാടെടുക്കുകയുമുണ്ടായി.

ഏഷ്യൻ ഫുട്ബോളിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ഇറാൻ നാഷണൽ ടീം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ റാങ്കിംഗിൽ മുൻനിരയിൽ തുടരുന്ന ടീം 2026 ലോകകപ്പിലേക്ക് തുടർച്ചയായ നാലാം തവണയാണ് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ജിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ജൂൺ 15ന് ലോസ് ആഞ്ചലസിൽ ന്യൂസിലൻഡിനെതിരെയും ജൂൺ 21ന് ബെൽജിയത്തിനെതിരെയും ഇറാൻ ഇറങ്ങും. ജൂൺ 26ന് സിയാറ്റിലിൽ ഈജിപ്തിനെ നേരിടും.

English Summary: With less than two weeks left for the World Cup, uncertainty continues over Iran’s participation as the team is yet to receive US visas for its group-stage matches in America. Mexico President Claudia Sheinbaum confirmed that Mexico will host the Iranian team after FIFA requested accommodation support. Iran has shifted its training base from Arizona to Tijuana, Mexico, citing safety concerns, visa issues, and inconsistent statements from US President Donald Trump.