Sports News

'സിഗരറ്റ് പോലെ എന്തോ'; ക്യാമറയിൽ കുരുങ്ങി റബാദ, 2025 ആവർത്തിക്കുമോ?

വീഡിയോയുടെ ആധികാരികത പൂർണമായും ഇതുവരെ വ്യക്തമായിട്ടില്ല

Sports Desk

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദ വിവാദച്ചുഴിയിൽ. താരം പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരോധിത പുകയില ഉത്പന്നമാണോ താരം വലിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

ടീം അംഗങ്ങൾക്കിടയിൽ ഇരുന്നാണ് റബാദ സിഗരറ്റ് വലിക്കുന്നത്. തൊട്ടടുത്ത് ഇരിക്കുന്ന മറ്റൊരു താരവും പുകവലിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഇത് ആരാണെന്ന് വ്യക്തമല്ല. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോട്ടൽ പരിസരത്ത് നിന്നാണ് ഈ വീഡിയോ ചോർന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.

വീഡിയോയുടെ ആധികാരികത പൂർണമായി വ്യക്തമായിട്ടില്ലെങ്കിലും പുകവലിക്കുന്ന ഗുജറാത്ത് താരം റബാദ തന്നെയെന്ന് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം. ഗുജറാത്ത് ടീമിന്റെ സ്റ്റാഫ് അംഗങ്ങളും വീഡിയോയിൽ ഉണ്ട്. ഇതിനിടെ ഗുജറാത്ത് താരം റാഷിദ് ഖാൻ സ്ഥലത്തേക്ക് വരുന്നതെന്നും പുകവലിക്കുന്ന റബാദ അടക്കമുള്ള താരങ്ങളുടെ എന്തോ സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

ഈ സീസണിൽ ആറ് കളികളിൽ നിന്ന് ഗുജറാത്തിനായി 10 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് റബാദ. 9.73 ഇക്കോണമിയിലാണ് താരം ഇതുവരെ പന്തെറിഞ്ഞിരിക്കുന്നത്. 2025 ൽ നിരോധിത പുകയില ഉത്പന്നം ഉപയോഗിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ നേരിട്ട താരമാണ് റബാദ. അതുകൊണ്ടാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കൂടുതൽ ചർച്ചയാകുന്നത്.

2025 ഫെബ്രുവരിയിൽ നടന്ന എസ്എ 20 ക്രിക്കറ്റിനിടെയാണ് റബാദ നിരോധിത ഉത്പന്നം ഉപയോഗിച്ചത്. ഇതേ തുടർന്ന് ഐപിഎലിൽ ഗുജറാത്തിനായി രണ്ട് മത്സരങ്ങൾ മാത്രം കളിച്ച് താരം നാട്ടിലേക്കു മടങ്ങുകയായിരുന്നു. താരലേലത്തിൽ 10.75 കോടിക്കാണ് ഗുജറാത്ത് റബാദയെ സ്വന്തമാക്കിയത്.

English Summary: A viral video allegedly showing Kagiso Rabada smoking has sparked controversy during Indian Premier League 2026. The Gujarat Titans pacer, who previously faced suspension over prohibited substance use in 2025, is once again under scrutiny as questions arise about the nature of the product seen in the video