Sports News

ഇനിയും കഴിവ് തെളിയിക്കേണ്ടതുണ്ടെങ്കിൽ ലോകകപ്പിനില്ലെന്ന് കോഹ്ലി; സൗത്താഫ്രിക്കയിൽ ഇന്ത്യക്ക് കിങ്ങിനെ നഷ്ടപ്പെടുമോ?

നിലവിൽ ബാം​ഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി 454 റൺസോടെ മികച്ച ഫോമിലാണ് കോഹ്ലി

Sports Desk

ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയും ഇന്ത്യൻ ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ ഭാവിയും സമീപകാലത്തെ ചർച്ചാവിഷയമാണ്. നിലവിൽ ബാം​ഗ്ലൂർ റോയൽഞ്ചേഴ്സിനായി 454 റൺസോടെ മികച്ച ഫോമിലുള്ള കോഹ്ലിയെ ചുറ്റിപ്പറ്റി അനേകം റൂമറുകളാണ് ചുറ്റുമുള്ളത്. അടുത്ത വർഷം സൗത്താഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ താരം കളിക്കുമോയെന്ന സംസാരങ്ങൾക്ക് കോഹ്ലിതന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. എന്റെ കഴിവ് വീണ്ടും വീണ്ടും തെളിയിക്കേണ്ട സാഹചര്യമാണെങ്കിൽ താൻ ലോകകപ്പിനുണ്ടാകില്ലെന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്നലെ വ്യക്തമാക്കിയത്.

ടീമിനായും ഡ്രസിങ് റൂമിനായും തനിക്ക് മൂല്യം കൂട്ടാൻ ഇപ്പോഴും കഴിയുമെന്ന് വിശ്വാസമുണ്ടെങ്കിൽ മാത്രമേ തുടർന്നും കളിക്കൂവെന്ന് കോഹ്ലി ആർസിബി പോഡ്കാസ്റ്റിൽ പറഞ്ഞു. ഒന്നുകിൽ ഞാൻ ഇതിന് അനുയോജ്യനല്ലെന്നോ അല്ലെങ്കിൽ ടീമിന് എന്നെ ആവശ്യമില്ലെന്നോ ആദ്യ ദിവസം തന്നെ എന്നോട് വ്യക്തമായി പറയുക. അതല്ലാതെ, എന്റെ മൂല്യവും യോഗ്യതയും നിരന്തരം തെളിയിക്കേണ്ട അവസ്ഥയിലാണ് ഞാനെന്ന് എന്നെ തോന്നിപ്പിക്കാനാണ് ഭാവമെങ്കിൽ തുടരാൻ എനിക്ക് താല്പര്യമില്ലെന്ന് കോഹ്ലി തുറന്നടിച്ചു.

ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിക്കുക എന്നത് സ്വപ്നതുല്യമാണ്. ടീമിനായി എന്നെക്കൊണ്ട് എന്തെങ്കിലും നൽകാൻ കഴിയുമെന്നും ടീമിന് ഞാൻ മൂല്യമുള്ളവനാണെന്ന് തോന്നുകയും ചെയ്താൽ ഞാൻ അവിടെ ഉണ്ടാകും എന്നതാണ് എന്റെ കാഴ്ചപ്പാട്. എന്നാൽ എന്റെ യോഗ്യതയും മൂല്യവും ഞാൻ നിരന്തരം തെളിയിക്കേണ്ട അവസ്ഥയിലാണെങ്കിൽ എനിക്കതിന് താത്പര്യമില്ലെന്നും കോഹ്ലി പറഞ്ഞു.

നായകസ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞതിന് ശേഷം, മുൻ ബിസിസിഐ ഭാരവാഹികളുമായി കോഹ്ലിക്കുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ വാർത്തയായിരുന്നു. 2011 ലോകകപ്പ് ജേതാവായ കോഹ്ലി കഴിഞ്ഞ വർഷം ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്നു. 311 ഏകദിനങ്ങളിൽ നിന്ന് 14,797 റൺസ് നേടിയ കോഹ്ലി, ഏകദിന ചരിത്രത്തിലെ മികച്ച ബാറ്റർമാരിൽ ഒരാളാണ്. സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് അദ്ദേഹത്തേക്കാൾ കൂടുതൽ റൺസ് നേടിയിട്ടുള്ളത്.

2024ൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ കോഹ്ലി അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു. ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ, കോഹ്ലി ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. നിലവിൽ ഐപിഎല്ലിൽ മികച്ച ഫോമിലാണ് കോഹ്ലി കളിക്കുന്നത്. കഴിഞ്ഞ വർഷം 65.1 ശരാശരിയിൽ മൂന്ന് സെഞ്ചുറികൾ ഉൾപ്പെടെ 651 റൺസാണ് ഏകദിനത്തിൽ കോഹ്ലി അടിച്ചുകൂട്ടിയത്. ഈ വർഷം ജനുവരിയിൽ സൗത്താഫ്രിക്കയിൽനടന്ന ഏകദിന ക്രിക്കറ്റിൽ താരം ഒരു സെഞ്ചുറി നേടിയിരുന്നു.

English Summary: Virat Kohli has addressed growing discussions about his future in Indian cricket amid strong IPL form with 454 runs for Royal Challengers Bengaluru. The former India captain said he would continue playing only if the team and dressing room still believe he can add value ahead of the 2027 ODI World Cup in South Africa. Kohli also made it clear that he does not want to stay in an environment where he constantly has to prove his worth and importance to the team.