Sports News

വൈഭവിനെ വീഴ്ത്തിയ നെഹ്‌റയുടെ 'പത്ത് തല'; വീഡിയോ

വൈഭവ് പുറത്തായതോടെ പൊരുതിയത് ജഡേജയും ധ്രുവ് ജുറേലും മാത്രം

Sports Desk

നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്നലെ രാജസ്ഥാനെതിരെ 229 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഗുജറാത്ത് ടൈറ്റന്‍സ് അടിച്ചുകൂട്ടിയത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെപ്പോലെ ലീഗിലെ മിന്നും ഫോമിലുള്ള ടീമിന് മുന്നില്‍ ഇത് താരമ്യേന വലിയ സ്‌കോറല്ല. ഓപ്പണറായ വൈഭവ് സൂര്യവംശിയും യശ്വസി ജയ്‌സ്വാളും ഫോമിലേക്ക് ഉയര്‍ന്നാല്‍ മാത്രം റോയല്‍സിന് ഈ സ്‌കോര്‍ എത്തിപ്പിടിക്കാം. എന്നാല്‍ ഈ കണക്കുകളൊന്നും ഫലിക്കാതെ പോയ കാഴ്ച്ചയാണ് ഇന്നലെ മൈതാനത്ത് ദൃശ്യമായത്. ഗുജറാത്ത് മാനേജര്‍ ആശിഷ് നെഹ്‌റയുടെ പദ്ധതികള്‍ക്ക് മുന്നില്‍ റോയല്‍സിന്റെ ബാറ്റര്‍മാര്‍ ഓരോരുത്തരായി പരാജയപ്പെട്ടു. വൈഭവ് സൂര്യവംശിയുടെ പുറത്താകലായിരുന്നു ഇതില്‍ ഏറ്റവും തന്ത്രപരമായ നീക്കം.

പതിവ് പോലെ ആക്രമിച്ചാണ് വൈഭവ് സൂര്യവംശി തുടങ്ങുന്നത്. വെറും പതിനാറ് പന്തില്‍ 225 സ്‌ട്രൈക്ക് റേറ്റോടെ 36 റണ്‍സ്, അടിവാങ്ങിയത് റബാഡെയും മുഹമ്മദ് സിറാജും. ഒരുവശത്ത് യെശ്വസിയെ കാഴ്ച്ചക്കാരനാക്കിയായിരുന്നു വൈഭവിന്റെ വിസ്‌ഫോടന ബാറ്റിങ്. മൂന്നാം ഓവറിന്റെ തുടക്കത്തില്‍ തന്നെ മുഹമ്മദ് സിറാജിനെ തല്ലിയൊതുക്കിയ കൗമരാക്കാരന്‍ അതിവേഗം മുന്നേറി. അതേ ഓവറിന്റെ അഞ്ചാം പന്തില്‍ ഡഗൗട്ടിന് പുറത്തിറങ്ങിയ ആശിഷ് നെഹ്‌റ വൈഭവിന്‍റെ തലയിലേക്ക് എറിയാന്‍ സിറാജിന് നിര്‍ദേശം നല്‍കുന്നു. നിര്‍ദേശം കിറുകൃത്യമായി പാലിച്ച സിറാജിന്റെ മിന്നല്‍ ബൗണ്‍സര്‍. പതിവ് ശൈലിയില്‍ വൈഭവ് ആഞ്ഞടിക്കാന്‍ ശ്രമിച്ചു, എന്നാല്‍ ബാറ്റില്‍തട്ടി ഉയർന്നുപൊങ്ങിയ പന്ത് അര്‍ഷദ് ഖാന്റെ കൈകളില്‍ ഭദ്രം.

ഐപിഎല്‍ മറ്റു ഫ്രാഞ്ചൈസികള്‍ ഏറ്റവും തലവേദനയായ കാണുന്ന കൗമാരക്കാരനെ വളരെ കൃത്യമായ ആസൂത്രണത്തോടെ പുറത്താക്കി. അടിവാങ്ങുമെന്ന് ഉറപ്പിച്ചിരുന്ന 'ലൂസ് ബോളുകള്‍' സിറാജ് എറിഞ്ഞത് പോലും ബൗണ്‍സറിലേക്കുള്ള തുടക്കമായിരുന്നുവെന്ന് വേണം കരുതാന്‍. യെശ്വസി ജയ്സ്വാള്‍, ധ്രുവ് ജുറേല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, രവീന്ദ്ര ജഡേജ തുടങ്ങി ജോഫ്രാ ആര്‍ച്ചര്‍ വരെ പുറത്താകുന്നതും ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളിങ് മികവിലൂടെ തന്നെയാണ്. സിറാജ് ദൗത്യം പൂര്‍ത്തിയാക്കിയതിന് പിന്നാലെ എത്തിയ റാഷിദ് ഖാനും ജെയ്‌സണ്‍ ഹോള്‍ഡറും വാഷിങ്ടണ്‍ സുന്ദറുമെല്ലാം ഒരു സ്ട്രാറ്റജിയുടെ വ്യത്യസ്ത രൂപങ്ങളായിരുന്നുവെന്ന് മാത്രം. ക്രെഡിറ്റ് പൂർണമായും കോച്ച് ആശിഷ് നെഹ്റയുടേതും.

English Summary: Gujarat Titans outplayed Rajasthan Royals with a well-executed bowling strategy, despite a strong start by Vaibhav Suryavanshi. Guided by Ashish Nehra, the tactical use of short-pitched deliveries—especially by Mohammed Siraj—led to a crucial breakthrough, turning the match decisively in Gujarat’s favor.