Sports News

ഐസിസി യോഗം ഇന്ത്യയിൽ, പാക് പ്രതിനിധി പങ്കെടുക്കില്ല; ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ബന്ധം ഉലഞ്ഞുതന്നെ

ഏഷ്യാകപ്പ് കിരീടം പാക് മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻതാരങ്ങൾ കഴിഞ്ഞവർഷം നിലപാടെടുത്തിരുന്നു

Sports Desk

കഴിഞ്ഞവർഷം നടന്ന ഏഷ്യാകപ്പിനുശേഷമുണ്ടായ ഇന്ത്യാ-പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾതമ്മിലുണ്ടായ പ്രശ്നങ്ങൾ വീണ്ടും സജീവമാകുന്നു. ഇന്ത്യയിൽനടക്കുന്ന ഐസിസി മീറ്റിങ്ങിൽ പാക് ക്രിക്കറ്റ് ബോർ‍ഡ് ചെയർമാൻ മുഹ്സിൻ നഖ്വി പങ്കെടുക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവ സാനിധ്യമായ പാക് ക്രിക്കറ്റ്ബോർഡ് ത്രൈമാസ മീറ്റിങ്ങിൽ പങ്കെടുക്കുന്നില്ലെന്നത് ഐസിസിയെ സമ്പന്ധിച്ചിടത്തോളം വലിയ തലവേദനാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിൽനടക്കുന്ന ഐപിഎൽ സമാപനശേഷം നടക്കുന്ന യോ​ഗത്തിലേക്ക് പാക് ചെയൻമാനെ പങ്കെടുപ്പിക്കുന്നതിനായുള്ള അനുനയ നീക്കത്തിലാണ് ഐസിസി നേതൃത്വമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നേരത്തെ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഖത്തറിലേ ദോഹയിലാണ് ഐസിസി ത്രൈമാസ മീറ്റിങ് നിശ്ചയിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാതലത്തിൽ നീട്ടിവെച്ച യോ​ഗം, യുദ്ധം അവസാനിക്കാതായതിനെതുടർന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ഐപിഎൽ അവസാനിക്കുന്ന മുറയ്ക്ക് ഡൽഹിയിലോ അഹമ്മദാബാദിലോ ആയിരിക്കും യോഗം നടക്കുന്നത്. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്വവിയാണ് ഐസിസിയുടെ ഉന്നതാധികാര ബോർഡ് യോഗത്തിൽ പങ്കെടുക്കാറുള്ളത്.

ഇന്ത്യയും പാകിസ്ഥാനുംതമ്മിലുള്ള രാഷ്ട്രീയ വിഷയങ്ങൾ ഇരു രാജ്യങ്ങൾതമ്മിലുള്ള ക്രിക്കറ്റിനേയും നേരിയതോതിൽ ബാധിക്കാറുണ്ടെങ്കിലും കഴിഞ്ഞ വർഷം ഏഷ്യാകപ്പിന് ശേഷം നടന്ന സംഘർഷങ്ങൾ ഇരുരാജ്യങ്ങളുടേയും ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ബന്ധം വഷളാക്കുകയായിരുന്നു. പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനും പാക് മന്ത്രിയുമായ മുഹ്‌സിൻ നഖ്വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാനനാവില്ലെന്ന് സൂര്യകുമാറിന്റെ നേതൃത്വത്തിള്ള ഇന്ത്യൻ താരങ്ങൾ നിലപാടെടുത്തു. ഇതോടെ ട്രോഫിയുമായി നഖ്വി സ്റ്റേഡിയം വിടുകയായിരുന്നു. ട്രോഫിയില്ലാതെയാണ് അന്ന് ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്. എന്നാൽ, സംഭവത്തിനുശേഷം കിരീടം വിട്ടുകിട്ടാനായി ബിസിസിഐ രേഖാമൂലം ആവശ്യപ്പെട്ടിട്ടും കിരീടം കൈമാറാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻകൂടിയായ നഖ്‌വി ഇതുവരെ തയാറായിട്ടില്ല.

അതേസമയം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഫൈനലിലേക്ക് പാക് ക്രിക്കറ്റ് ബാേർ‍‍ഡ് ചെയർമാൻ നഖ്വിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായി പാകിസ്താനിലെ സ്പോർട്സ് മാധ്യമായ ജിയോ സൂപ്പർ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകാൻ പാക് ക്രിക്കറ്റ് ബോർഡ് തയ്യാറായിട്ടില്ല.

English Summary: Tensions between the Board of Control for Cricket in India and Pakistan Cricket Board have intensified again after last year’s Asia Cup controversy. PCB chairman Mohsin Naqvi is unlikely to attend the upcoming ICC meeting in India, despite ICC efforts to bring him in for the event after the IPL final in Ahmedabad.