ഈ സീസണിലെ ഫേവറിറ്റുകളെന്ന് വിശേഷിപ്പിക്കപ്പെട്ട ടീം പ്ലേ ഓഫ് പോലും കാണാതെ പുറത്താകുന്നു. കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പഞ്ചാബ് കിങ്‌സിന്റെ പതനം ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുന്നതായിരുന്നു. തുടക്കം മോശമായ ശേഷം സീസൺ പകുതി ആകുമ്പോൾ അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ ഒട്ടേറെ ടീമുകൾ മുൻ സീസണുകളിൽ ഉണ്ട്. എന്നാൽ ആരും സ്വപ്‌നം കാണുന്ന തുടക്കം കിട്ടിയിട്ട് ഒടുക്കം കൊണ്ടുപോയി കലമുടയ്ക്കുകയാണ് പഞ്ചാബ് ഈ സീസണിൽ ചെയ്തത്.
ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 14 കളികളിൽനിന്ന് ഏഴ് ജയവും ആറ് തോൽവിയുമായി 15 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. കൊൽക്കത്തയ്‌ക്കെതിരായ കളി മഴമൂലം ഉപേക്ഷിച്ചതിനാൽ ഒരു പോയിന്റ് ലഭിച്ചിരുന്നു. ലീഗ് ഘട്ടം പകുതി പിന്നിട്ടപ്പോൾ പ്ലേ ഓഫിൽ എത്താൻ 90 ശതമാനം സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു പഞ്ചാബ്.
സീസണിലെ ആദ്യ ഏഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ തോൽവി അറിയാത്ത ഏക ടീം പഞ്ചാബ് ആയിരുന്നു. ഏഴിൽ ആറിലും ജയം. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഏഴ് കളികളിൽനിന്ന് 13 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ലീഗ് മത്സരം പൂർത്തിയായപ്പോൾ ഒന്നാം സ്ഥാനത്തുള്ള ആർസിബിക്ക് 14 കളികളിൽനിന്ന് 18 പോയിന്റാണുള്ളത്. അതായത് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള ടീമിനൊപ്പം എത്താൻ ശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ നിന്ന് പഞ്ചാബിനു വേണ്ടിയിരുന്നത് വെറും അഞ്ച് പോയിന്റ് മാത്രം!
എട്ടാമത്തെ ലീഗ് മത്സരം മുതൽ തുടർച്ചയായി ആറ് തോൽവികൾ. ഇത് പഞ്ചാബിനു പുറത്തേക്കുള്ള വഴി തുറന്നു. തോറ്റ ആറ് കളികളിൽ നാലിലും എതിർ ടീം ചേസ് ചെയ്തു ജയിക്കുകയായിരുന്നു. ആദ്യ ഏഴിൽ ജയിച്ച ആറിലും പഞ്ചാബ് രണ്ടാമതാണ് ബാറ്റ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്തു നേടുന്ന സ്‌കോർ പ്രതിരോധിക്കുന്നതിൽ അമ്പേ പരാജയമായിരുന്നു പഞ്ചാബ്. കഴിഞ്ഞ സീസണിൽ ഫൈനലിൽ തോറ്റ പഞ്ചാബ് ഇത്തവണ കിരീടം നേടുമെന്ന് കരുതിയ ആരാധകരും അതോടെ നിരാശപ്പെട്ടു.
English summary:
Punjab Kings suffered a shocking collapse in the IPL season after being considered strong title favourites. The team remained unbeaten in their first seven matches and looked certain to qualify for the playoffs, but then lost six consecutive games and finished fifth in the table with 15 points. Punjab struggled badly while defending totals, leading to their dramatic exit despite a dream start. Fans who expected the team to improve on last season’s runner-up finish were left disappointed.