ന്യൂഡൽഹി: ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിൽ നിർണായക സാന്നിധ്യമായിരുന്നു സഞ്ജു സാംസൺ. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ അർധസെഞ്ചുറി നേടി സഞ്ജുവിന്റെ സ്ഥിരതയാണ് ഇന്ത്യയുടെ നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളിൽ നിർണായകമായത്. ലോകകപ്പിൽ ആകെ അഞ്ച് മത്സരങ്ങൾ കളിച്ച താരം മൂന്ന് അർധസെഞ്ചുറിയടക്കം 321 റൺസ് നേടി. നിർണായക ഘട്ടങ്ങളിൽ നടത്തിയ ഈ പ്രകടനം സഞ്ജുവിനെ ടൂർണമെന്റിലെ താരമാക്കി ഉയർത്തുകയും ചെയ്തു.
ലോകകപ്പ് വിജയത്തിന് പിന്നാലെ ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിനായുള്ള തയ്യാറെടുപ്പിലാണ് താരം. ഈ സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയ സഞ്ജു സൗത്ത് ആരാധകർക്ക് വലിയ ആവേശമായി മാറിയിരിക്കുകയാണ്. നേരത്തെ റോയൽസ് ക്യാംപിൽ നായകനെന്ന നിലയിലുള്ള സഞ്ജുവിന്റെ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഐപിഎൽ ശമ്പളമായി മാത്രം 18 കോടി രൂപ സഞ്ജുവിന് ലഭിക്കും. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 131 കോടി രൂപയുടെ സമ്മാനത്തുകയിൽ ഓരോ താരത്തിനും ആറു കോടി രൂപ വീതം ലഭിക്കും. കൂടാതെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നൽകുന്ന ഏകദേശം 23 ലക്ഷം രൂപയും സഞ്ജുവിന് സ്വന്തമാണ്. ഇതോടെ സഞ്ജുവിന്റെ കൈകളിലെത്താൻ പോകുന്ന തുക 24.23 കോടി രൂപയാകും എന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പ് വിജയത്തോടെ താരത്തിന്റെ ബ്രാൻഡ് മൂല്യവും ഉയർന്നതായും കൂടുതൽ കമ്പനികൾ സഞ്ജുവുമായി കരാറിലെത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സഞ്ജുവിന് സ്പോൺസർഷിപ്പിലൂടെയും വൻതുക ലഭിക്കുമെന്നാണ് സൂചനകൾ. ഒരു മലയാളി ക്രിക്കറ്റർ നേടുന്ന ഏറ്റവും വലിയ സ്പോൺസർഷിപ്പുകൾ ഇനി താരത്തിന്റെ പേരിലാകും.
English Summary: Indian cricketer Sanju Samson is set to earn over ₹24 crore ahead of the upcoming Indian Premier League 2026 season, including IPL salary and World Cup rewards. His rising brand value is also expected to bring major sponsorship deals.