Sports News

നാളെ സഞ്ജുവിന്റെ ദിനം; ഓപ്പണര്‍ സ്ഥാനത്തേക്ക് മറ്റൊരാളില്ല!

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും സഞ്ജുവിനെ തന്നെയായിരിക്കും പരിഗണിക്കുക

Madism Desk

നാളെ ന്യൂസിലാന്‍ഡിനെതിരെ ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും. അഭിഷേക് ശര്‍മ്മയാവും സഞ്ജുവിന്റെ ഓപ്പണിങ് കൂട്ട്. നേരത്തെ ഉപനായകന്‍ ശുഭ്മന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് ബിസിസിഐ സെലക്ഷന്‍ കമ്മറ്റി സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തിയത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും സഞ്ജുവിനെ തന്നെയായിരിക്കും പരിഗണിക്കുക.

അതേസമയം പരുക്കേറ്റ് പുറത്തായ തിലക് വര്‍മ്മയ്ക്ക് പകരം ടീമിലെത്തിയ ശ്രേയസ്സ് അയ്യരെ വണ്‍ഡൗണായി പരിഗണിച്ചേക്കും. ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനെയും വണ്‍ഡൗണായി പരിഗണിക്കുന്നുണ്ട്. ഇരുവരിലും ഒരാള്‍ മാത്രമായിരിക്കും ടീമിലിടം നേടുക. 2023ലാണ് അവസാനമായി ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്, ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയെന്ന നിലയില്‍ ഇഷാന് ആവശ്യമായ കളിസമയം നല്‍കാനും ടീം മാനേജ്‌മെന്റ് മുതിര്‍ന്നേക്കും.

ശ്രേയസ്സ് അയ്യര്‍ മറുവശത്ത് പരുക്ക് കാരണം ടീമില്‍ സ്ഥിരതയോടെ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ലോകകപ്പ് ടീമില്‍ ഇടമില്ലാത്തതിനാല്‍ ശ്രേയസ്സിനെ പരമ്പരയിലെ അവസാന മത്സരത്തില്‍ കളിപ്പിച്ചാല്‍ മതിയെന്ന വിലയിരുത്തലും ടീം മാനേജ്‌മെന്റിനുണ്ട്. സഞ്ജു ഫിനിഷര്‍ റോളില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചതിനാല്‍ മധ്യനിരയില്‍ റിങ്കു സിങിന് അവസരം ലഭിക്കാനാണ് സാധ്യത.

വാഷിങ്ടണ്‍ സുന്ദറിന്റെ അഭാവത്തില്‍ മൂന്ന് പേരാവും ഓള്‍റൗണ്ടര്‍മാരായി എത്തുക. മിന്നും ഫോമിലുള്ള ഹര്‍ദ്ദിക് പാണ്ഡ്യെ, അക്ഷര്‍ പട്ടേല്‍, ശിവം ദുംബ എന്നിവര്‍ക്കായിരിക്കും ആ ചുമതല. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി തിരികെയെത്തും, പേസര്‍മാരായി സൂപ്പര്‍ താരം ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിങ്ങും കളിക്കും.

English Summary: Sanju Samson is set to open the batting alongside Abhishek Sharma in the first T20I against New Zealand tomorrow