Sports News

സൂര്യകുമാർ യാദവിന് നായകസ്ഥാനം നഷ്ടമാകും; വൈഭവിനെ കളിപ്പിക്കാൻ 'സർപ്രൈസ് ക്യാപ്റ്റൻ'

ഐപിഎല്ലിൽ അമ്പേ നിരാശപ്പെടുത്തിയ സൂര്യയെ ഇനിയും പിന്തുണയ്ക്കാൻ ഗൗതം ഗംഭീർ തയ്യാറാകില്ല

Sports Desk

ഇന്ത്യൻ ട്വന്റി 20 ടീമിൽ അടിമുടി മാറ്റത്തിനു സാധ്യത. പുതിയ നായകനെ പ്രഖ്യാപിക്കുന്നതിനൊപ്പം ടീമിൽ സർപ്രൈസ് എൻട്രികളും ഉണ്ടായേക്കും. ഐപിഎല്ലിലെ താരങ്ങളുടെ പ്രകടനം പരിഗണിച്ചായിരിക്കും ടി20 ടീമിലെ മാറ്റങ്ങൾ.

സൂര്യകുമാർ യാദവിനു നായകസ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി. ഐപിഎല്ലിൽ വളരെ മോശം പ്രകടനമാണ് താരം നടത്തിയത്. 13 കളികളിൽ നിന്ന് 147.54 സ്ട്രൈക് റേറ്റിൽ സൂര്യ ഈ സീസണിൽ നേടിയത് വെറും 270 റൺസാണ്. ഐപിഎല്ലിൽ അമ്പേ നിരാശപ്പെടുത്തിയതിനാൽ സൂര്യയെ ഇനിയും പിന്തുണയ്ക്കാൻ ഗൗതം ഗംഭീർ തയ്യാറാകില്ല.

ഐപിഎല്ലിൽ സൂര്യ തിരിച്ചുവരുമെന്ന പ്രതീക്ഷ ഗംഭീറിനും സെലക്ടർമാർക്കും ഉണ്ടായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ പൂർണമായി നിരാശപ്പെടുത്തിയതിനാൽ ഇനിയും സൂര്യയെ പിന്തുണയ്ക്കാൻ ഗംഭീർ തയ്യാറല്ലെന്ന് ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

''കഴിഞ്ഞ സീസണിൽ സൂര്യ 700 ൽ അധികം റൺസ് നേടി. സമാനമായ രീതിയിൽ ഇത്തവണ താരം തിരിച്ചുവരുമെന്ന് സെലക്ടർമാർ കരുതി. എന്നാൽ തന്റെ പിഴവുകളിൽ സൂര്യ യാതൊരു തിരുത്തലും നടത്തിയില്ല. മാത്രമല്ല തുടക്കക്കാരായ പേസർമാരുടെ കഠിനമായ ലെങ്ത് ബോളുകൾ പതറുകയും ചെയ്യുന്നു. 2028 ഒളിംപിക്‌സിൽ ഇന്ത്യയെ സൂര്യ നയിക്കില്ലെന്ന് ഉറപ്പാണ്,'' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

സൂര്യ മാറിയാൽ നായകസ്ഥാനത്തേക്ക് കൂടുതൽ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെയും സഞ്ജു സാംസണെയുമാണ്. സൂര്യയുടെ ബാറ്റിങ് പൊസിഷനിൽ കളിക്കാൻ സാധിക്കുന്നതുകൊണ്ട് ശ്രേയസിനാണ് കൂടുതൽ സാധ്യത. അപ്പോഴും പരിശീലകൻ ഗൗതം ഗംഭീറുമായി ശ്രേയസ് അയ്യർ അത്ര നല്ല ബന്ധത്തിലല്ലാത്തത് വിലങ്ങുതടിയാകുന്നു.

ഐപിഎല്ലിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവൻശിയെ ട്വന്റി 20 പദ്ധതികളിൽ ഉൾപ്പെടുത്താൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യക്കൊരു സർപ്രൈസ് ക്യാപ്റ്റനെ ലഭിക്കും. തിലക് വർമയെയാണ് അത്തരത്തിൽ പരിഗണിക്കുന്നത്. തിലകിനെ ഇപ്പോൾ എ ടീം നായകനാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ നായകശേഷി പരീക്ഷിക്കാൻ കൂടിയായിരിക്കും.

English summary:

Suryakumar Yadav is likely to lose India’s T20 captaincy after a disappointing IPL season. The BCCI and coach Gautam Gambhir are reportedly considering major changes to the T20 squad based on IPL performances. Shreyas Iyer and Sanju Samson are the main contenders for captaincy, while young talents like Vaibhav Suryavanshi may get opportunities. Tilak Varma is also being considered as a surprise captaincy option. Reports suggest the selectors are focused on building a stronger squad for future ICC events and the 2028 Olympics. The final decision on the new captain is expected after reviewing players’ consistency and leadership qualities during the IPL season.