Sports

'ചേട്ടൻ പവറാണ്'; രോഹിത്തിനൊപ്പം, രണ്ട് 'നൂറ്' വന്നാൽ സാക്ഷാൽ കോലിയെ മറികടക്കും !

മുംബൈ ഇന്ത്യന്‍സിനെതിരായ സെഞ്ചുറിയിലൂടെ, റെക്കോര്‍ഡ് പട്ടികയില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം കാല്‍വെപ്പ് നടത്തി സഞ്ജു

Milan George

ചെന്നൈ സൂപ്പർ കിങ്‌സിനായി സഞ്ജു സാംസൺ രണ്ടാം സെഞ്ചുറി നേടിയിരിക്കുന്നു. ചെന്നൈയ്ക്കായി അരങ്ങേറ്റം കുറിച്ച സീസണിൽ തന്നെ മത്സരങ്ങൾ പകുതിയാകുമ്പോഴേക്കും രണ്ട് സെഞ്ചുറികൾ ! ഐപിഎലിലെ എൽ-ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പർ കിങ്‌സ് - മുംബൈ ഇന്ത്യൻസ് പോരിലാണ് സഞ്ജുവിന്റെ സെഞ്ചുറി ഇന്നിങ്‌സ്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി.

54 പന്തിൽ 10 ഫോറും ആറ് സിക്‌സും സഹിതം 101 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. 187.04 സ്‌ട്രൈക് റേറ്റിലാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച് അനാവശ്യ ഷോട്ടുകൾക്കു മുതിരാതെ ചെന്നൈയുടെ ബാറ്റിങ് നിരയെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു താരം.

ചെന്നൈയ്ക്കായി രണ്ടാം സെഞ്ചുറി

ഐപിഎലിൽ ചെന്നൈയ്ക്കായി ഒന്നിലേറെ സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാമനാണ് സഞ്ജു. ഷെയ്ൻ വാട്‌സൺ, മുരളി വിജയ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ചെന്നൈയ്ക്കായി രണ്ട് വീതം സെഞ്ചുറികൾ നേടിയിട്ടുണ്ട്. എന്നാൽ ഏറ്റവും കുറവ് ഇന്നിങ്‌സുകളിൽ നിന്ന് രണ്ട് സെഞ്ചുറി നേടിയ താരം സഞ്ജുവാണ്.

രോഹിത്തിനൊപ്പം, കോലിയിലേക്ക് എത്താൻ ഒരു സെഞ്ചുറി കൂടി

ട്വന്റി 20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളുള്ള ഇന്ത്യൻ താരമാകാൻ സഞ്ജുവിനു ഇനി വേണ്ടത് ഒരു സെഞ്ചുറി മാത്രം. ടി20 ഫോർമാറ്റിൽ ഒൻപത് സെഞ്ചുറികൾ ഉള്ള വിരാട് കോലിയും അഭിഷേക് ശർമയുമാണ് ഒന്നാം സ്ഥാനത്ത്. സഞ്ജു ഇന്ന് നേടിയത് ടി20 ഫോർമാറ്റിലെ എട്ടാം സെഞ്ചുറി. രോഹിത് ശർമയ്ക്കും എട്ട് സെഞ്ചുറികൾ ഉണ്ട്. ഒരു സെഞ്ചുറി കൂടിയായാൽ സഞ്ജുവിനു കോലിക്കൊപ്പം എത്താൻ, രണ്ട് സെഞ്ചുറി നേടിയാൽ കോലിയെ മറികടക്കാം.

ഐപിഎലിൽ കൂടുതൽ സെഞ്ചുറി

ഐപിഎലിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ ഉള്ള താരങ്ങളുടെ പട്ടികയിൽ സഞ്ജു അഞ്ചാമതെത്തി. ഐപിഎലിൽ അഞ്ച് സെഞ്ചുറികളാണ് സഞ്ജുവിനുള്ളത്. എട്ട് സെഞ്ചുറികളുള്ള വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. ജോസ് ബട്‌ലർ (ഇംഗ്ലണ്ട്) ഏഴ് സെഞ്ചുറികൾ, ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്) ആറ് സെഞ്ചുറികൾ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ത്യയുടെ കെ.എൽ.രാഹുലിന് അഞ്ച് സെഞ്ചുറികളുണ്ട്.

English Summary: Sanju Samson smashed an unbeaten 101 for Chennai Super Kings against Mumbai Indians, registering his second century of the season. He now equals Rohit Sharma with eight T20 centuries and is just one away from matching Virat Kohli’s record.