Soccer

ക്വാളിഫയർ കളിക്കാതെയും അർജന്റീനയ്ക്ക് അടുത്ത ലോകകപ്പ് വേദിയിലെത്താം; ഇതാണ് കാരണം

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾക്കു നേരിട്ട് ടൂർണമെന്റിലേക്ക് യോഗ്യത ലഭിക്കുന്നതാണ് നിലവിലെ നിയമം

Sports Desk

2030 ഫിഫ ലോകകപ്പിലേക്ക് ക്വാളിഫൈ ചെയ്ത ആറ് ടീമുകളിലൊന്ന് അർജന്റീനയാണ്. സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷന്റെ ക്വാളിഫയർ കളിക്കാതെ തന്നെ അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ലഭിച്ചിരിക്കുകയാണ്. ഇത് ഫിഫ അർജന്റീനയോടു കാണിച്ച ഫേവറിസമാണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. എന്നാൽ എന്താണ് യാഥാർഥ്യം?

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾക്കു നേരിട്ട് ടൂർണമെന്റിലേക്ക് യോഗ്യത ലഭിക്കുന്നതാണ് നിലവിലെ നിയമം. 2030 ലോകകപ്പിന് ആറ് രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. അതിലൊന്ന് അർജന്റീനയാണ്. അതുകൊണ്ടാണ് ലോകകപ്പിനുള്ള യോഗ്യത അർജന്റീന യോഗ്യത മത്സരങ്ങൾ കളിക്കാതെ തന്നെ സ്വന്തമാക്കിയത്.

യഥാർഥത്തിൽ 2030 ഫിഫ ലോകകപ്പിന് പ്രധാനമായും ആതിഥേയത്വം വഹിക്കുന്നത് മൂന്ന് രാജ്യങ്ങളാണ്. സ്‌പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവയാണ് പ്രധാന ആതിഥേയർ. പിന്നെ എങ്ങനെയാണ് അർജന്റീനയ്ക്ക് ആതിഥേയ രാജ്യമെന്ന നിലയിൽ യോഗ്യത ലഭിച്ചതെന്നാണ് സംശയം.

ലോകകപ്പിന്റെ നൂറാം വർഷമാണ് 2030 ൽ ആഘോഷിക്കുന്നത്. നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി അർജന്റീന, പരഗ്വായ്, ഉറുഗ്വായ് എന്നീ രാജ്യങ്ങളിൽ ലോകകപ്പിന്റെ ഓരോ മത്സരങ്ങൾ കളിക്കുന്നുണ്ട്. തത്വത്തിൽ സഹ ആതിഥേയർ എന്ന നിലയിൽ ഈ മൂന്ന് രാജ്യങ്ങളെയും പരിഗണിക്കാം. അതിനാൽ പ്രധാന ആതിഥേയ രാജ്യങ്ങൾക്കൊപ്പം സഹ ആതിഥേയര രാജ്യങ്ങൾക്കും യോഗ്യത മത്സരങ്ങൾ കളിക്കാതെ തന്നെ ലോകകപ്പിന് യോഗ്യത ലഭിക്കുന്നു. അർജന്റീനയ്ക്ക് മാത്രമല്ല പരഗ്വായ്, ഉറുഗ്വായ് എന്നീ ടീമുകൾക്കും ഇത്തരത്തിൽ യോഗ്യത ലഭിച്ചിട്ടുണ്ട്.

അടുത്ത ലോകകപ്പിൽ 64 ടീമുകളെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. നേരത്തെ 32 ടീമുകൾ കളിച്ചിരുന്ന ലോകകപ്പ് ഇത്തവണയാണ് 48 ടീമുകളെ ഉൾപ്പെടുത്തി നടത്തിയത്. നേരത്തെ പ്രീ ക്വാർട്ടർ ആയിരുന്നു ആദ്യ നോക്ക്ഔട്ട് എങ്കിൽ ഇത്തവണ അത് റൗണ്ട് 32 ആയിരുന്നു. 2030 ലേക്ക് എത്തുമ്പോൾ 64 ടീമുകളെ ഉൾപ്പെടുത്തി ലോകകപ്പ് നടത്താനാണ് ഫിഫ ആലോചിക്കുന്നത്.

Argentina has secured direct qualification for the 2030 FIFA World Cup without participating in the South American qualifiers. Despite social media rumors claiming this is FIFA's favoritism, the reality is based on FIFA's standard hosting rules. The main hosts for the 2030 World Cup are Spain, Portugal, and Morocco. However, to celebrate the 100th anniversary of the World Cup, one match each will be played in Argentina, Paraguay, and Uruguay.