Soccer

'ദേശീയ ടീമിലെ ഭാവി റൊണാൾഡോ തന്നെ തീരുമാനിക്കട്ടെ'; വിവാദങ്ങൾക്കിടെ പ്രതികരണവുമായി പോർച്ചുഗൽ പരിശീലകൻ

റൊണാൾഡോയ്ക്ക് വേണ്ടി ദേശീയ ടീമിന്റെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുകയാണെന്ന് ജെസ്യൂസ് പറഞ്ഞു

Sports Desk

ദേശീയ ടീമിനൊപ്പമുള്ള തന്റെ കരിയർ എങ്ങനെ അവസാനിപ്പിക്കണമെന്നും ടീമിലേക്ക് മടങ്ങിവരണോ വേണ്ടയോ എന്നതും ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്ക് തന്നെ തീരുമാനിക്കാമെന്ന് പോർച്ചു​ഗൽ പരിശീലകൻ ജോർജ് ജെസ്യൂസ്. നേഷൻസ് ലീഗ് മത്സരങ്ങൾക്കിടെ റൊണാൾഡോ പോർച്ചുഗൽ പരിശീലന ക്യാമ്പ് വിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് പരിശീലകന്റെ പ്രതികരണം.

കഴിഞ്ഞ ഞായറാഴ്ച നോർവേയ്ക്കെതിരെ പോർച്ചു​ഗൽ 2-1ന് വിജയിച്ച നേഷൻസ് ലീ​ഗ് മത്സരത്തിൽ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയിരുന്നു. ഡെൻമാർത്തിനെതിരായ അടുത്ത മത്സരത്തിലും തനിക്ക് ആദ്യ ഇലവനിൽ അവസരമുണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് താരം ക്യാമ്പ് വിട്ടത്. ക്യാമ്പ് വിടാനുണ്ടായ കാരണങ്ങൾ ഉചിതമായ സമയത്ത് വിശദീകരിക്കുമെന്ന് റൊണാൾഡോ പിന്നീട് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. ഈ സംഭവം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായി. റൊണാൾഡോയെ ടീമിൽ നിന്ന് തഴഞ്ഞതിന്റെ പേരിൽ പരിശീലകൻ ജോർജ് ജെസ്യൂസിനെതിരെ പോർച്ചുഗലിൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

എന്നാൽ റൊണാൾഡോയ്ക്ക് വേണ്ടി ദേശീയ ടീമിന്റെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുകയാണെന്ന് ജെസ്യൂസ് പറഞ്ഞു. ''അദ്ദേഹത്തിന് ആ​ഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ദേശീയ ടീമിലേക്ക് മടങ്ങിവരും. അടുത്ത തവണ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഞങ്ങൾ തമ്മിൽ സംസാരിക്കും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ക്രിസ് തന്നെയാണ്''- ജെസ്യൂസ് മാധ്യമങ്ങളോട് വ്യക്തമാക്കി. "ദേശീയ ടീമിലെ തന്റെ കരിയർ എങ്ങനെ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. ഞാൻ പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യം ടീമിനെ പ്രഖ്യാപിച്ചപ്പോൾ തന്നെ റൊണാൾഡോയോട് ഞാൻ പറഞ്ഞിരുന്നു, 'എനിക്ക് നിന്നെ ആവശ്യമുണ്ട്, കളിച്ചാലും ഇല്ലെങ്കിലും നിന്റെ സാന്നിധ്യം എനിക്കരികിൽ വേണം'. ഇപ്പോഴും ഞാൻ അത് തന്നെയാണ് പറയുന്നത്," ജെസ്യൂസ് കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ റൊണാൾഡോയ്ക്ക് പിന്തുണയുമായി പോർച്ചു​ഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയും രം​ഗത്തെത്തി. ഇതൊരു ആശയക്കുഴപ്പം മാത്രമാണെന്നും അത് ടീമിനുള്ളിൽ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. "റൊണാൾഡോ ഇപ്പോഴും ടീമിന്റെ പദ്ധതികളുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ കായിക മികവിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ടീമിൽ ഇടംനേടിയത്, അതിൽ യാതൊരു സംശയവുമില്ല. ക്രിസ്റ്റ്യാനോയ്ക്ക് നാം അർഹിക്കുന്ന ആദരം നൽകേണ്ടതുണ്ട്," പെഡ്രോ പറഞ്ഞു.

എന്നാൽ, പരീശീലന ക്യാമ്പിൽ നിന്നുള്ള റൊണാൾഡോയുടെ അപ്രതീക്ഷിത മടക്കം നാൽപത്തിയൊന്നുകാരനായ താരത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിക്കുകയാണോ എന്ന അഭ്യൂഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. 2026-ലെ ലോകകപ്പിന് ശേഷം വിരമിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ചിന്തിച്ചിരുന്നുവെന്ന് റൊണാൾഡോ മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ടീമിന് കളത്തിനകത്തും പുറത്തും തന്റെ സംഭാവനകൾ നൽകാൻ കഴിയുമെന്ന വിശ്വാസമാണ് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നതെന്നും, കൂടുതൽ ഗോളുകൾ നേടി ടീമിനെ വിജയങ്ങളിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റൊണാൾഡോയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

Portugal head coach Jorge Jesus stated that it is entirely up to Cristiano Ronaldo to decide his future with the national team, following the star forward's abrupt exit from the training camp. Despite the backlash, Jesus reiterated his full support for Ronaldo. Portuguese Football Federation President Pedro Proenca also backed the player, calling the incident a misunderstanding, even as speculations regarding the 41-year-old's international retirement continue to grow.